വി. ശിവൻകുട്ടി, അടൂർ പ്രകാശ് Source: Facebook
KERALA

"അതിജീവിതയെ അപഹസിക്കുന്ന നിലപാട് പ്രതിഷേധാർഹം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണം"; അടൂർ പ്രകാശിനെതിരെ വി. ശിവൻകുട്ടി

പരാമർശം യുഡിഎഫ് ആർക്കൊപ്പം എന്നതിന്റെ തെളിവാണെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ചുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ഇടത് നേതാക്കളും മന്ത്രിമാരും. അതിജീവിതയെയും സ്ത്രീസമൂഹത്തെയും അപഹസിക്കുന്ന യുഡിഎഫ് കൺവീനറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പരാമർശം യുഡിഎഫ് ആർക്കൊപ്പം എന്നതിന്റെ തെളിവാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അടൂർ പ്രകാശിൻ്റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജും അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വി.ശിവൻകുട്ടി അടൂർ പ്രകാശിനെതിരെ രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ "സർക്കാരിന് വേറെ പണിയില്ലേ" എന്ന് ചോദിച്ച് പരിഹസിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് വി. ശിവൻകുട്ടി കുറിച്ചു. നീതിക്ക് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെയും അതിന് സർക്കാർ നൽകുന്ന പിന്തുണയെയും 'പണിയില്ലായ്മ'യായി കാണുന്ന മനോഭാവം യുഡിഎഫിന്റെ സ്ത്രീവിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

"ഈ വെളിപ്പെടുത്തലോടെ ഒരുകാര്യം പകൽ പോലെ വ്യക്തമായി. യുഡിഎഫ് അതിജീവിതയ്‌ക്കൊപ്പം ഇല്ല. വാക്കുകളിൽ 'അതിജീവിതയ്‌ക്കൊപ്പം' എന്ന് പറയുകയും, പ്രവൃത്തിയിൽ വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് കൺവീനറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ സർക്കാർ നടത്തുന്ന നിയമപോരാട്ടത്തെ ലഘൂകരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണ് യുഡിഎഫ് നേതൃത്വം അപമാനിച്ചിരിക്കുന്നത്," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം കേരളം തിരിച്ചറിയണം. ഈ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ യുഡിഎഫ് തയ്യാറാകണം. നീതി ഉറപ്പാക്കുന്നത് വരെ സർക്കാർ അതിജീവിതയ്‌ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ പരാമർശം യുഡിഎഫ് ആർക്കൊപ്പം ആണെന്നതിൻ്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് യുഡിഎഫാണ്. അത് ജനങ്ങൾ തിരിച്ചറിയും. സ്ത്രീകളാരും ഇനി യുഡിഎഫിന് വോട്ട് ചെയ്യില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അടൂർ പ്രകാശ് പറഞ്ഞതായിരിക്കാം യുഡിഎഫിന്റെ ഔദ്യോഗിക നിലപാടെന്ന് മന്ത്രി പി. രാജീവും അഭിപ്രായപ്പെട്ടു. യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ല എന്നാണ് വ്യക്തമാകുന്നത്. സർക്കാരിന് വ്യക്തി ആരെന്നത് പ്രധാനമല്ല.സർക്കാർ അതിജീവതയ്ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം.

SCROLL FOR NEXT