ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കന്യാസ്ത്രീമാരുടെ അറസ്റ്റ്. ഇതൊക്കെ കേരളത്തിലെ തിരുമേനിമാര്‍ക്ക് ബോധ്യപ്പെടേണ്ടേ. ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി ഒതുങ്ങിയിരുന്ന് പ്രാര്‍ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുമോ എന്നാണ് വി ശിവന്‍കുട്ടിയുടെ വിമര്‍ശനം.
പ്രധാനമന്ത്രി തന്നെയല്ലേ ഇതിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ പോയി പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലല്ലോ. കന്യാസ്ത്രീമാര്‍ അറസ്റ്റിലായതില്‍ ഒരു തിരുമേനിയുടെയും പ്രതിഷേധം കണ്ടില്ലല്ലോ. അവരെല്ലാം അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ്. ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്ന നിലയില്‍ ആയിരിക്കും എടുത്തിട്ടുള്ളത്. അവരും വലിയ രീതിയില്‍ ഗൗരവമായി ആലോചിക്കേണ്ടതാണ് ഈ വിഷയം എന്നും ശിവന്‍കുട്ടി പ്രതകരിച്ചു.
വിഷയത്തില്‍ ദീപികപത്രം സംഘപരിവാറിനെതിരെ എഡിറ്റോറിയല്‍ എഴുതുകയും ചെയ്തിരുന്നു. ഇതില്‍ കൂടിയാണ് വി. ശിവന്‍കുട്ടിയുടെ വിമര്‍ശനം. വര്‍ഗീയവാദികളുടെ കങ്കാരു കോടതികള്‍ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുന്നുവെന്നാണ് വിമര്‍ശനം. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ലേഖനം.
'കന്യാസ്ത്രീകളല്ല ബന്ദി, മേതേതര ഭരണഘടന' എന്ന തലക്കെട്ടിലാണ് ദീപികയുടെ മുഖപ്രസംഗം. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും ആയുധങ്ങളുമായി കടന്നുചെല്ലുന്നുവെന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ക്രിസ്മസും ഈസ്റ്ററും പരസ്യമായി ആഘോഷിക്കാന്‍ സംഘപരിവാറിന്റെ ഔദാര്യം വേണമെന്നാണ് സ്ഥിതി. ബൈബിളിനും ക്രൂശിതരൂപത്തിനും പരോക്ഷ വിലക്കുണ്ടെന്നും ആരോപണം ഉന്നയിക്കുന്നു.
വര്‍ഗീയവാദികള്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന സ്ഥിതിയാണുള്ളത്. ക്രിസ്ത്യന്‍ നാമ ശുഭ്ര വസ്ത്രധാരികളും അവരുടെ ഒളി സംഘടനകളും സംഘപരിവാറിനൊപ്പം നില്‍ക്കുന്നു എന്നും ആരോപണമുണ്ട്. ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും അരക്ഷിതാവസ്ഥയിലാണ്. ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസ പത്രവും നല്‍കുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ദീപിക ചൂണ്ടിക്കാട്ടുന്നു.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ പോയ മൂന്ന് പെണ്‍കുട്ടികളും ക്രിസ്ത്യന്‍ വിഭാഗക്കാരാണെന്ന് സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശാ പോള്‍ പറയുന്നു. കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്നു. മത പരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും സിസ്റ്റര്‍ ആശാ പോള്‍ അറിയിച്ചു.
റിമാന്‍ഡിലായ കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജയിലിലാണുള്ളത്. ഇവര്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. മത പരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.