KERALA

സുരേഷ് ഗോപി നാക്ക് എടുത്താൽ കള്ളം മാത്രം പറയുന്നവൻ, വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രം: വി. ശിവൻകുട്ടി

സിനിമ സ്റ്റൈലിൽ കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പുതിയ സിദ്ധാന്തമെന്നും ശിവൻകുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി നാക്ക് എടുത്താൽ കള്ളം മാത്രം പറയുന്നവനാണ് എന്നും, വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് എന്നും മന്ത്രി പറഞ്ഞു. താനൊന്നും കള്ളവോട്ട് നേടി ജയിച്ചു വന്നവരല്ല. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണ് സുരേഷ് ഗോപിയെന്നും ശിവൻകുട്ടി പറഞ്ഞു.

സുരേഷ് ഗോപി പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. സിനിമ സ്റ്റൈലിൽ കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പുതിയ സിദ്ധാന്തം. കേന്ദ്രമന്ത്രിയായിട്ട് ഇത്രയും ദിവസമായില്ലേ, എന്നിട്ട് നാടിനുവേണ്ടി എന്ത് ചെയ്തുവെന്നും ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുകയാണ് അദ്ദേഹം. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് എംപിയെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടെന്നും, ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടുമെന്നും മന്ത്രി പരിഹസിച്ചു. അതുകൊണ്ട് ഉള്ള ജോലി തീർത്തിട്ട് പോകുന്നതാവും നല്ലത്. അല്ലെങ്കിലും ഇപ്പോൾ അഭിനയം ഒന്നുമില്ലല്ലോ എന്നും, മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ പറ്റുമോ എന്നും ശിവൻകുട്ടി ചോദിച്ചു. ഒരു ദേശീയതലത്തിൽ പുരസ്കാരം ലഭിച്ചു സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്.അതെങ്ങനെ കിട്ടിയെന്ന് താൻ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT