KERALA

'ദാറ്റ് ഡോര്‍ ഈസ് ക്ലോസ്ഡ്', രാഹുല്‍ അന്‍വറിനെ കാണരുതായിരുന്നു; ചെയ്തത് തെറ്റെന്ന് വി.ഡി. സതീശന്‍

ജൂനിയര്‍ ആയിട്ടുള്ള ഒരു എംഎല്‍എയെ ആണോ ചുമതലപ്പെടുത്തുക? അദ്ദേഹം സ്വമേധയാ പോയതാണ്. പോയത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

Author : ന്യൂസ് ഡെസ്ക്

പി.വി. അന്‍വറിനെ നിലമ്പൂരിലെ വീട്ടില്‍ ചെന്ന് കണ്ട സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ പോയത് തെറ്റാണെന്നും പോകാന്‍ പാടില്ലായിരുന്നുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ പോയത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശം അടഞ്ഞ വാതില്‍ ആണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

'യുഡിഎഫ് നേതൃത്വത്തിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റേയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. അദ്ദേഹവുമായി ഇനിയൊരു ചര്‍ച്ചയും ഇല്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. കാരണം ഞങ്ങള്‍ യോഗം ചേര്‍ന്ന് ആ തീരുമാനം ഔദ്യോഗികമായി യുഡിഎഫ് കണ്‍വീനര്‍ അദ്ദേഹത്തെ അറിയിച്ചു. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ആലോചിക്കാം എന്ന് പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം വന്ന് അത് തന്നെ ആവര്‍ത്തിച്ചതുകൊണ്ട് ആ വാതില്‍ ഞങ്ങള്‍ അടച്ചു. ഇനി അതില്‍ ഒരു ചര്‍ച്ചയില്ല. ഞങ്ങള്‍ ആരെയും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, ജൂനിയര്‍ ആയിട്ടുള്ള ഒരു എംഎല്‍എയെ ആണോ ചുമതലപ്പെടുത്തുക? അദ്ദേഹം സ്വമേധയാ പോയതാണ്. അദ്ദേഹം പോയത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. പോകാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ വിശദീകരണം ചോദിക്കേണ്ടത് ഞാന്‍ അല്ല. പക്ഷെ പോകാന്‍ പാടില്ലായിരുന്നു,' വി.ഡി. സതീശന്‍ പറഞ്ഞു.

യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതില്‍ അടച്ചപ്പോള്‍ രാഹുല്‍ പോയത് തെറ്റ്. ഞാന്‍ വിശദീകരണം ഒന്നും ചോദിക്കില്ല. വ്യക്തിപരമായി എനിക്ക് എന്റെ അനിയനെ പോലെയാണ്. ഞാന്‍ അവനെ നേരിട്ട് ഫോണില്‍ വിളിച്ച് ശാസിക്കും. ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് രാവിലെ തന്നെ പറഞ്ഞിരുന്നു. അയാള്‍ ഒറ്റയ്ക്ക് പോയതിന് നമുക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റുമോ? എന്നും വി.ഡി. സതീശന്‍ ചോദിച്ചു.

നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഇത് രാഷ്ട്രീയ പോരാട്ടമാണ്. സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിചാരണ ചെയ്യുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പി.വി. അന്‍വറിന്റെ നിലമ്പൂരിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. അന്‍വറിനെ കണ്ടത് പിണറായിസത്തെ വിമര്‍ശിച്ചതുകൊണ്ടാണെന്നും കാണാന്‍ പാര്‍ട്ടിയില്‍ നിന്നോ യുഡിഎഫില്‍ നിന്നോ തന്നെ ആരും ഏര്‍പ്പാട് ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതി വൈകാരികമായട്ടല്ല തീരുമാനം എടുക്കേണ്ടത് എന്നും നിങ്ങളുടെ ട്രാക്ക് ശരിയല്ലെന്നുമാണ് താന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയാണ് പി.വി. അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തിയത്. പി.വി. അന്‍വര്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു സൂചന.

യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്. താന്‍ ഇനി യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി അതിനുള്ള ഗതിയില്ല. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ ഞെരിച്ച് വൈറും പൂജ്യമാക്കി കളഞ്ഞെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പി.വി. അന്‍വര്‍ മത്സരിക്കുമെന്ന സൂചന വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

SCROLL FOR NEXT