മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടത്തിയ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ന് ബലി പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് തറവാട്ടിലെത്തിയ പ്രഭാത ഭക്ഷണം കഴിച്ച ശേഷവും വിഡി സതീശന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയം മാധ്യമങ്ങള്‍ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പിന്മാറുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസവും അദ്ദേഹത്തോട് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവിന്റെ വീടുകളിലും റിയാസിന്റെ വീട്ടിലും അടക്കം 12 ഇടങ്ങളിലായി റെയ്ഡ് നടന്നത്. അതേസമയം ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇഡി റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. വിഷയം ഇടതുമുന്നണി നേതൃത്വം ഏറ്റെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ ഇടതുമുന്നണിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകും. പിണറായിക്കെതിരെയുള്ളത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍ കുടുക്കാനുള്ള നീക്കം ആണെന്നും ആണ് ഇടതുമുന്നണിയുടെ നിലപാട്.