KERALA

"പതിറ്റാണ്ടുകള്‍ ജീവിക്കേണ്ടവള്‍ പത്ത് മാസം ലോകം കണ്ട് മടങ്ങി; മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായി ആലിന്‍ ജനഹൃദയങ്ങളില്‍ ജീവിക്കും"

ഒരു നാടൊന്നാകെ അവര്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ലോകത്തോട് വിട പറഞ്ഞ ആലിന്‍ ഷെറിന്‍ മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായി ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എത്രയോ പതിറ്റാണ്ടുകള്‍ ഈ ലോകത്ത് ഉണ്ടാവേണ്ടിയിരുന്ന ആലിന്‍ പത്ത് മാസം ലോകം കണ്ടതിന് ശേഷം മടങ്ങുകയാണ്. ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പര്‍ശിക്കുന്നുവെന്നും വി.ഡി. സതീശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവന്‍ മുന്നില്‍ക്കണ്ട് ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവര്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോട്ടയം നെടുങ്ങാടപ്പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ ആലിന്റെ മൃതദേഹം സംസ്‌കരിക്കും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനും മാതാപിതാക്കളും കുടുംബം തയ്യാറാവുകയായിരുന്നു.

അവയവദാനത്തിന് തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതികരണം നടത്തിയത്. ജനിച്ച് പത്ത് മാസം പിന്നിടുമ്പോഴേക്കും ലോകത്തോട് വിട പറയേണ്ടി വന്നെങ്കിലും അഞ്ച് പേര്‍ക്ക് ജീവന്‍ പകുത്ത് നല്‍കിയാണ് ആ കുഞ്ഞ് മടങ്ങുന്നത്. മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് ആലിന്റെ അവയവങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കരള്‍ കിംസിലും വൃക്കകള്‍ മെഡിക്കല്‍ കോളജിലും ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആലിന്‍ മടങ്ങുന്നു. പത്ത് മാസം ലോകം കണ്ടതിന് ശേഷം. എത്രയോ പതിറ്റാണ്ടുകള്‍ ഈ ലോകത്ത് ഉണ്ടാകേണ്ടതായിരുന്നു. ഇനി ജന ഹൃദയങ്ങളില്‍ ആലിന്‍ ജീവിക്കും. ഒരു നൊമ്പരമായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമായി. വരും തലമുറകള്‍ക്ക് മഹത്തായ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന വലിയ സന്ദേശം.

ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികള്‍ക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പര്‍ശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങള്‍ക്ക് നാലു മക്കള്‍ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോള്‍ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക.

ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവന്‍ മുന്നില്‍ക്കണ്ട് ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവര്‍ക്കൊപ്പം എന്നും ഉണ്ടാകും.

SCROLL FOR NEXT