തിരുവനന്തപുരം: കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് വി.ഡി. സതീശൻ. ഈ അവസരത്തിൽ എല്ലാവരോടും നന്ദി പറയുന്നു. പ്രവർത്തകരോടും കടപ്പാട് അറിയിക്കുന്നു എന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നൊന്നായി നടപ്പിലാക്കും. ഞങ്ങൾ ടീം യുഡിഎഫാണ്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും പൊതുപ്രവർത്തനത്തിൻ്റെയും നിർവചനം മാറ്റി എഴുതും. എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്ത് കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എഐസിസിയാണ് ഈ വലിയ വിജയത്തിന് സഹായിച്ചത്. കെ. സി. വേണുഗോപാൽ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ അവസരത്തിൽ കെ.സി. വേണുഗോപാലിനോട് നന്ദി പറയുന്നു എന്നും സതീശൻ വ്യക്തമാക്കി.
കേരളത്തെ രക്ഷിക്കാൻ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും കഴിയില്ല. നല്ലൊരു ടീം ഉണ്ടാവണം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ നാണക്കേടില്ലെന്നും ഇതൊക്കെ ഫോർമാൽറ്റിസ് ആണെന്നും സതീശൻ പറഞ്ഞു. ഒരുകാലത്തും നടന്നിട്ടില്ലാത്ത ആശയവിനിമയത്തിനു ശേഷമാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.