ശബരിമല Source: Screengrab
KERALA

തേന്‍ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍; ശബരിമലയില്‍ തേന്‍ വിതരണത്തില്‍ വീഴ്ചയെന്ന് പരാതി

തേന്‍ എത്തിച്ചത് ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് എന്നാണ് പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ തേന്‍ വിതരണത്തില്‍ വീഴ്ച നടന്നതായി പരാതി. വഴിപാട് ആവശ്യങ്ങള്‍ക്കുള്ള തേനിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനയിലാണ് വിജിലന്‍സ് ഗുരുതര വീഴ്ച കണ്ടെത്തിയത്. തേന്‍ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് എന്നാണ് പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്.

പൊതു മേഖലാ സ്ഥാപനമായ റെയ്ഡ് കോ (RAIDCO) വിനാണ് കരാര്‍ നല്‍കിയിരുന്നത്. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കള്‍ സന്നിധാനത്ത് എത്തിക്കുന്നത്. ലാബ് റിസര്‍ച്ച് ഓഫീസര്‍ അനുമതി നല്‍കിയ ശേഷമാണ് ഇത് സന്നിധാനത്ത് എത്തിയത്. പമ്പയിലെ ലാബ് റിസര്‍ച്ച് ഓഫീസറുടെ ഭാഗത്ത് അശ്രദ്ധയുണ്ടായെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയാണ്.

നിലവില്‍ അഷ്ടാഭിഷേകത്തിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പഴയ സ്റ്റോക്കിലുള്ള തേനാണ്. കൊണ്ടുവന്ന തേന്‍ തിരിച്ചെടുക്കാനും പകരം സ്റ്റോക്ക് എത്തിക്കാനും റെയ്ഡ് കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. വിതരണത്തിലുണ്ടായ വീഴ്ചയില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെയ്ഡ് കോയോട് ഔദ്യോഗികമായി വിശദീകരണവും ആവശ്യപ്പെട്ടു.

SCROLL FOR NEXT