Source: News Malayalam 24X7
KERALA

മാർഗംകളി വേദിയിലെ സ്ഥിരം സാന്നിധ്യം; തുടർച്ചയായ 26-ാം വർഷവും മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് എത്തി

സമ്മാനം കൊണ്ടല്ലാതെ മടങ്ങിയ ചരിത്രം ഇല്ല ഇതുവരെ. ഇത്തവണയും സെന്റ് മേരീസിന്റെ സംഘം വേദിയിൽ കയറി. പതിവുപോലെ സമ്മാനം വാങ്ങി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കലോത്സവ നഗരിയിലെ മാർഗംകളി വേദിയിലെ മുടങ്ങാത്ത സാന്നിധ്യമായ ഒരു ടീമാണ് വയനാട് മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്എസ്എസ്. തുടർച്ചയായ 26-ാം വർഷമാണ് മുള്ളൻകൊല്ലിയിലെ വിദ്യാർത്ഥികൾ കലോത്സവത്തിന് സെന്റ് മേരീസ് സ്കൂളിനെ പ്രതിനിധീകരിക്കുന്നത്.

മുണ്ടും ചട്ടയും ചുറ്റി, മുടി വാരികെട്ടി, കാതിൽ കമ്മലിട്ട്, കാലിൽ ചിലമ്പണിഞ്ഞ് വായ്ത്താരിക്കൊപ്പം ചവിട്ടുന്ന താളം. ഈ താളം കലോത്സവ നഗരി കേൾക്കാൻ തുടങ്ങിയിട്ട് 26 വർഷം ആകുന്നു. സമ്മാനം കൊണ്ടല്ലാതെ മടങ്ങിയ ചരിത്രം ഇല്ല ഇതുവരെ. ഇത്തവണയും സെന്റ് മേരീസിന്റെ സംഘം വേദിയിൽ കയറി. പതിവുപോലെ സമ്മാനം വാങ്ങി മടങ്ങി.

ഒരു കലോത്സവം കഴിയുമ്പോൾ തുടങ്ങുന്നതാണ് അടുത്ത കലോത്സവത്തിനുള്ള തയ്യാറെടുപ്പ്. സെബാസ്റ്റ്യൻ മാഷാണ് 26 വർഷമായി സ്കൂളിലെ മാർഗം കളി അധ്യാപകൻ. സ്കൂളിന്റെ അഭിമാന ഐറ്റത്തിന്റെ ഭാഗമായതിൽ മത്സരാർഥികൾക്കും സന്തോഷം.

ഓരോ വർഷവും പുതിയ പുതിയ മുഖങ്ങളാണ് സംഘത്തിലേക്ക് എത്തുക. കൂട്ടത്തിൽ മുൻ പരിചയം ഉള്ളവർ സഹായിക്കും. അടുത്ത തവണയും കലോത്സവ നഗരിയിൽ എത്തി മാർഗം കളി വേദിയിൽ നിറഞ്ഞാടും എന്ന് ഉറപ്പിച്ചാണ് മുള്ളൻകൊല്ലിയിലെ ടീം ഇത്തവണ മടങ്ങിയത്.

SCROLL FOR NEXT