വയനാട്: സമ്പൂർണ വെളിയിട വിസർജന മുക്ത പ്ലസ് പദവി ലഭിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ആ നേട്ടത്തിൻ്റെ ഗുണഭോക്താക്കളല്ലാത്ത ഒരു പറ്റം മനുഷ്യരുണ്ട് വയനാട് വണ്ടിക്കടവ് ഉന്നതിയിൽ. 17 വീടുകളുള്ള വണ്ടിക്കടവ് ഉന്നതിയിലെ 11 കുടുംബങ്ങളാണ് കക്കൂസ് ഇല്ലാതെ ബുദ്ധിമുട്ടുന്നത്. കടുവാ സങ്കേതത്തിലെ വനത്തെയാണ് പ്രാഥമിക കൃത്യങ്ങൾക്ക് സ്ത്രീകൾ അടക്കം ആശ്രയിക്കുന്നത്. കന്നാരമ്പുഴ മുറിച്ചു കടന്നാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തിലേക്ക് പോകുന്നത്.
മഴ കനത്താൽ കന്നാരമ്പുഴയിൽ ഒഴുക്ക് കൂടും. പിന്നെ പുഴ കടക്കുന്നതും, കാട് കയറുന്നതും പ്രയാസമാകും. അപ്പോൾ പുഴയോരത്തെ ആശ്രയിക്കുമെന്ന് ഉന്നതിയിലെ കുടുംബംഗങ്ങൾ പറഞ്ഞു. ആനയും കടുവയുമെല്ലാമിറങ്ങുന്ന ബന്ദിപ്പൂർ വനമേഖലയിലേക്കാണ് സ്ത്രീകളും കുട്ടികളും പുഴകടന്ന് ചെല്ലുന്നത്. വീട്ടിലെ സ്ത്രീകൾക്ക് വെളിക്കിരിക്കാൻ ഉന്നതിയിലെ പുരുഷന്മാരാണ് കൂട്ടിനു പോകുന്നത്.
ഇത് വളരെ ബുദ്ധിമുട്ടാണ് എന്നും സ്ത്രീകൾക്ക് കാവൽ ഇരുന്നിട്ട് വേണം ജോലിക്ക് പോകാനെന്നും കൂട്ട് പോകുന്ന പുരുഷന്മാർ പറഞ്ഞു. ചിലടിയത്ത് കക്കൂസ് സൗകര്യം ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 30 വർഷങ്ങൾക്കു മുമ്പേ പണിത വീടുകൾ മുതൽ ഉന്നതിയിൽ ഉഉണ്ടെങ്കിലും പലതിനും കക്കൂസ് ഇല്ല.
അടുത്തകാലത്ത് നിർമിച്ച വീടുകളിൽ പലതിലും കക്കൂസ് പണി തീർന്നിട്ടില്ല. വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാന സൗകര്യമാരുക്കാൻ പദ്ധതികൾ തയാറാക്കണമെന്ന് വർഷങ്ങൾക്കു മുൻപ് ഇവിടം സന്ദർശിച്ച കേന്ദ്രസംഘം ശുപാർശ ചെയ്‌തതാണ്. എന്നാൽ ഇവിടെ യാതൊരു മാറ്റവും ഇല്ലെന്ന് ഉന്നതിയിലെ നിവാസികൾ വെളിപ്പെടുത്തുന്നു.