കൊച്ചി: എളമക്കരയിൽ രണ്ടാം ഭർത്താവിനെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ ഭാര്യയും മകളും അറസ്റ്റിലായി. കൊല്ലപ്പെട്ട മുപ്പത്തിരണ്ട് വയസുകാരൻ്റെ ഭാര്യയും, ഇവരുടെ ആദ്യഭർത്താവിലുണ്ടായ മകളുമാണ് പിടിയിലായത്.
ഒഡിഷ ഗഞ്ചാം ജില്ല റുഗുമു സ്വദേശിയായ അജീത്ത് നായികിൻ്റെ മൃതദേഹമാണ് ഇന്നലെ പുലർച്ചെയാണ് പുതുക്കലവട്ടത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റീന നായികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ കടന്നുപോയ അമൃത എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നതായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വിവരം നൽകിയത്. തുടർന്ന് എളമക്കര പൊലീസും ആർപിഎഫും സ്ഥലത്തെത്തി. ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്.
പുതുക്കലവട്ടം റെയിൽവേ ട്രാക്കിന് സമീപം വാടകവീട്ടിലാണ് മരിച്ചയാളും ഭാര്യ റീന നായിക്കും താമസിച്ചിരുന്നത്. റീനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺകുട്ടികളും ഇവർക്കൊപ്പമായിരുന്നു. അടുത്തിടെ അജിത്ത് നായിക് മകളെ ലൈംഗികമായി പീഡിപ്പിച്ചതിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ഇവർ മൊഴി നൽകി.
വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തി അജിത്ത് നായികിനെ ചവിട്ടിവീഴ്ത്തി. കഴുത്തിലും നെഞ്ചിലും ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് മൊഴി. തുടർന്ന് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു, ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.