കൊച്ചി: നഗരമധ്യത്തിലെ വീട്ടിൽ മൂന്ന് സ്‌ത്രീകളെ വിവസ്‌ത്രരാക്കി വൻ കവർച്ച. പാലാരിവട്ടം സംസ്കാര ജങ്ഷന് സമീപമുള്ള വാടക വീട്ടിലാണ് മോഷണം ഉണ്ടായത്. അഞ്ച് പേർ അടങ്ങുന്ന സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് വിവരം
പശ്ചിമ ബംഗാൾ, അസം സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. തൊഴിലാളികളുടെ കൈവശം ഉണ്ടായിരുന്ന 12,0000 രൂപയും പത്ത് മൊബൈൽ ഫോണുകളും മോഷണ സംഘം കവർന്നു. ഇന്നലെ പുലർച്ചെയോടെയാണ് വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഇവർ നഗരത്തിൽ ഹോട്ടലുകളിൽ ജോലി ചെയ്‌ത് ജീവിക്കുന്നവരാണ്. മാരകായുധങ്ങളുമായി പ്രതികൾ അതിക്രമിച്ച് കടന്നശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസിൽ പ്രതിയായ ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടതായി പാലാരിവട്ടം പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കവർച്ചാ സംഘത്തിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നാണ് സൂചന.