മർദനമേറ്റ കണ്ണൻ ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു Source: News Malayalam 24*7
KERALA

EXCLUSIVE | പത്തനംതിട്ടയിൽ പൊലീസ് ക്രൂരത; "സ്റ്റേഷനിൽ നിന്നും മർദിച്ച് അഴുക്കുവെള്ളം കുടിപ്പിച്ചു, കഞ്ചാവുകേസിൽ പ്രതിയാക്കി"; പരാതിയുമായി യുവാവ്

നിലവിൽ മറ്റൊരു കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിൽ കഴിയുന്ന പൊലീസുകാരനെതിരെയാണ് പരാതി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂരമർദനമേറ്റതായി പരാതി. പുല്ലാട് സ്വദേശി കണ്ണനാണ് മർദനമേറ്റത്. കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മർദനമേറ്റെന്നാണ് യുവാവിൻ്റെ പരാതി. വഴി തർക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തന്നെ പൊലീസ് കഞ്ചാവ് കേസിൽ പ്രതിയാക്കിയെന്നും കണ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അയൽവാസിയുമായി വർഷങ്ങളായി തുടരുന്ന വഴിതർക്കം പരിഹരിക്കാനാണ് കണ്ണൻ പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യഘട്ടത്തിൽ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തർക്കം ഒത്തുതീർപ്പാക്കി വിട്ടെങ്കിലും വീണ്ടും കണ്ണനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ, കണ്ണനെ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കോയിപ്രം സിഐ ആയിരുന്ന സുരേഷ് കുമാറും ജോബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് മർദിച്ചുവെന്നാണ് കണ്ണൻ്റെ പരാതി.

മർദനത്തിനുശേഷം അഴുക്കുവെള്ളം കുടിപ്പിച്ചു. മർദിച്ച് അവശനാക്കിയ ശേഷം നിർത്താതെ ചാടാൻ ആവശ്യപ്പെട്ടെന്നും കണ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്റ്റേഷനിൽ നിന്നും പൊലീസ് യുവാവിനോട് ഒരു പേപ്പറിൽ ഒപ്പിട്ടു നൽകാൻ പറഞ്ഞിരുന്നു. എന്നാൽ എന്താണ് പേപ്പറിൽ ഉണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ലായിരുന്നെന്ന് കണ്ണൻ പറയുന്നു.

തുടർന്നാണ് കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പറഞ്ഞ് കണ്ണനെ പൊലീസ് വിളിക്കുന്നത്. മർദനത്തിന് ശേഷം ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും കണ്ണൻ്റെ ഭാര്യ ന്യൂസ് മലയാളത്തോട് പറഞ്ഞു.

നിലവിൽ മറ്റൊരു കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിലാണ് കോയിപ്രം സിഐ സുരേഷ് കുമാർ. കഴിഞ്ഞ ദിവസം ദളിത് കുടുംബത്തെ ആക്രമിച്ചതിന് പത്തനംതിട്ടയിലെ പൊലീസുകാർക്ക് നടപടി നേരിടേണ്ടി വന്നിരുന്നു. പത്തനംതിട്ടയിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ ക്രൂരത വർധിക്കുന്നതായും ആരോപണമുണ്ട്.

SCROLL FOR NEXT