പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീകണ്ഠന്‍ എംപി. ഒരു സ്ത്രീയേയും അപമാനിക്കുന്ന സമീപനം തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞത് തെറ്റായി വളച്ചൊടിച്ചുവെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.
പരാതിക്കാരി മന്ത്രിമാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ വന്നില്ലേയെന്ന് വി.കെ. ശ്രീകണ്ഠന്‍ വീണ്ടും ചോദിച്ചു. പരാതിക്കാരുടെ രാഷ്ട്രീയ പശ്ചാത്തലo അന്വേഷിക്കണം എന്നാണ് പറഞ്ഞതെന്നും ഒരിക്കലും പരാതി പറയുന്നവരെ അധിക്ഷേപിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും ശ്രീകണ്ഠന്‍ മാധ്യമങ്ങളെ അറിയിച്ചു.
"നിയമവിരുദ്ധമായ കുറ്റം ചെയ്താല്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നാണ് പറഞ്ഞത്. രാഹുലിന് എതിരായ ആരോപണം രേഖാമൂലമല്ല. എന്നിട്ടും കോണ്‍ഗ്രസ് പാർട്ടി ഉടനടി നടപടി എടുത്തു. ഒരിക്കലും പരാതി പറയുന്നവരെ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്കാരം അല്ല. അങ്ങനെ എന്തെങ്കിലും തെറ്റായി തൊന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിച്ചിരിക്കുന്നു," ശ്രീകണ്ഠന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയരുന്നത് രാഷ്ട്രീയ പ്രേരിതമാണോ എന്ന പറയുന്നതില്‍ തെറ്റുണ്ടോ എന്നും വി.കെ. ശ്രീകണ്ഠന്‍ കൂട്ടിച്ചേർത്തു.
പരാതിക്കാർ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ എന്നായിരുന്നു വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ പരാമർശം. കോടതി പറയുന്നത് വരെ രാഹുൽ കുറ്റക്കാരൻ അല്ലെന്നായിരുന്നു എംപിയുടെ ന്യായീകരണം. പരാതി നൽകിയാൽ കോടതി പ്രഖ്യാപിക്കുന്നതുവരെ കുറ്റക്കാരനല്ലെന്നും പുറത്തുവന്നത് രാഹുലിൻ്റെ ഓഡിയോ ആണെന്നതിന് തെളിവുണ്ടോയെന്നുമായിരുന്നു എംപിയുടെ ചോദ്യം.
വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയെയും പരാതിക്കാരിയെയും അപമാനിക്കുന്നത് പാർട്ടി രീതിയല്ലെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെ പ്രതികരണം. പ്രസ്താവനയില്‍ എംപി തന്നെ മറുപടി പറയട്ടെയെന്നായിരുന്നു ദീപ്തി മേരി വർഗീസിന്റെ നിലപാട്.
അതേസമയം, പൊതുപരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂട്ടി നിശ്ചയിച്ചിരുന്ന സ്വകാര്യ ചടങ്ങുകളും ഒഴിവാക്കി. ട്രാൻസ് വുമണ്‍ അവന്തിക ഉന്നയിച്ച ആരോപണത്തിലും എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.