NEWSROOM

'ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു'; കേരളത്തെ പഴിച്ച് അമിത് ഷാ

കേരള സര്‍ക്കാര്‍ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗനിച്ചില്ല. എൻഡിആർഎഫ് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുപോലും ജാഗ്രത പുലര്‍ത്തിയില്ല

Author : ന്യൂസ് ഡെസ്ക്

ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് ഒരാഴ്ച മുന്‍പെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ പ്രവചിച്ചതിനു പിന്നാലെ ഒന്‍പത് ദേശീയ ദുരന്ത നിവാരണ (എന്‍ഡിആര്‍എഫ്) സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്, കേരള സര്‍ക്കാരിനെ പഴിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രംഗത്തെത്തിയയത്. 

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് ജൂലൈ 23ന് തന്നെ കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേദിവസം തന്നെ എന്‍ഡിആര്‍എഫിന്റെ ഒന്‍പത് സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. എന്നാല്‍, കേരള സര്‍ക്കാര്‍ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗനിച്ചില്ല. എൻഡിആർഎഫ് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുപോലും ജാഗ്രത പുലര്‍ത്തിയില്ല. ആളുകളെ യഥാസമയം മാറ്റിയില്ല.  എൻഡിആർഎഫ് സംഘങ്ങള്‍ എത്തിയത് കണക്കിലെടുത്തെങ്കിലും സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിലിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

വയനാട് ദുരന്തം നേരിടാൻ നരേന്ദ്ര മോദി സർക്കാർ കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും ലഭ്യമാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ, പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വയനാടെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഏതുവിധത്തിലുള്ള സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഇന്നലെ പുലർച്ചെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുൾപൊട്ടലിൽ 176 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും 225 പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദോഗികമായി നൽകുന്ന വിവരം.

അപകടത്തിൽ പരുക്കേറ്റ 146 പേർ ചികിത്സയിലാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 52 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 216 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 20 പുരുഷന്മാര്‍, 13 സ്ത്രീകള്‍, 2 കുട്ടികള്‍ ഉള്‍പ്പെടെ 61 പേരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ 26 ശരീരഭാഗങ്ങളും ഉള്‍പ്പെടും.

SCROLL FOR NEXT