അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം Source: News Malayalam 24x7
NEWSROOM

എറണാകുളത്ത് പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

സഭയിൽ ഇന്ന് സ്വർണപ്പാളി വിവാദവും ആഗോള അയ്യപ്പസംഗമവും

ശബരിമല സ്വർണപ്പാളി വിവാദവും ആഗോള അയ്യപ്പസംഗമവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും. ഇന്നലെ കെഎ‌സ്‌യു മാർച്ചിലുണ്ടായ സംഘർഷവും സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് പിരിയുന്ന സഭ ഈ മാസം 29ന് വീണ്ടും ചേരും.

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. 3,500 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി നാളെ രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഗമം ബഹിഷ്കരിക്കാൻ യുഡിഎഫ്. പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് പ്രതിപക്ഷ ആക്ഷേപം.

വെട്ടിലായി കോൺഗ്രസ്

എ.കെ. ആൻ്റണിയുടെ വാർത്താ സമ്മേളനത്തിൽ ആകെ വെട്ടിലായി കോൺഗ്രസ്. പ്രസ്താവനകളെ എതിർത്തോ അനുകൂലിച്ചോ പ്രതികരണങ്ങൾ തുടരേണ്ടതില്ലെന്ന് പാർട്ടിയിൽ ധാരണ. ആന്റണിയുടെ നിലപാടിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് ഭൂരിപക്ഷാഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില അപ്രിയ സത്യങ്ങൾ തുറന്നു പറയുമെന്ന പ്രസ്താവനയിൽ ഉദ്വേഗം.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ

വയനാട്ടെ കോൺഗ്രസിലെ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമിടെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് മണ്ഡലത്തിൽ. സ്വകാര്യ സന്ദർശനമായിരിക്കുമെന്ന് കെപിസിസി. ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ജോസ് നല്ലേടത്തിൻ്റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാറിൻ്റെ രാജി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാറിൻ്റെ രാജി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്. മറ്റൊരാളെ സ്ഥാനത്തേക്ക് കണ്ടെത്തിയതിനുശേഷം രാജി അംഗീകരിക്കാൻ തീരുമാനം. യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് തന്നെ ലഭ്യമാക്കുമെന്ന് അധികൃതരുടെ ഉറപ്പ്.

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18 ആണ്ട്

എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവനെടുത്ത പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18 ആണ്ട്. ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. തകർന്നത് 12 വീടുകൾ. രാജ്യത്തുണ്ടായ ഏക പെൻസ്റ്റോക്ക് ദുരന്തം.

കെ.ജെ.ഷൈൻ ഇന്ന് പൊലീസിൽ പരാതി നൽകും

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിന് എതിരെ കെ.ജെ.ഷൈൻ ഇന്ന് പൊലീസിൽ പരാതി നൽകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒരേ സമയമാണ് പരാതി നൽകുക. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയും പരാതി നൽകും.

താമരശേരിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കോട് താമരശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പൂത്തക്കൊല്ലിയിൽ ജനവാസ മേഖലയിൽ പുലി എത്തി

വയനാട് മേപ്പാടി പൂത്തക്കൊല്ലിയിൽ ജനവാസ മേഖലയിൽ പുലി എത്തി. പൂത്തകൊല്ലി സ്വദേശി പ്രഭുവിന്റെ വീട്ടിലാണ് പുലിയെത്തിയത്. പുലി എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

താമരശേരിയിൽ മദ്യലഹരിയിൽ അയൽവാസി യുവതിക്ക് ക്രൂരമർദനം

കോഴിക്കോട് താമരശേരിയിൽ മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുപ്പാടി ആനോറമ്മൽ സൗമ്യയ്ക്കാണ് മർദനമേറ്റത്. അയൽവാസിയായ ടോമി ആണ് യുവതിയെ മർദിച്ചത്. പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപം.

വയനാട്ടിൽ ഇന്ന് ഡിസിസി നേതൃയോഗം

കോൺഗ്രസിനെ തന്നെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾക്ക് പിന്നാലെ വയനാട്ടിൽ ഇന്ന് ഡിസിസി നേതൃയോഗം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കൽപ്പറ്റ ഡിസിസിയിലാണ് യോഗം. വയനാട് ഡിസിസിയിലെ തർക്കങ്ങളിൽ പ്രിയങ്ക ഗാന്ധി എംപി വിശദീകരണം തേടിയതിന് പിന്നാലെയാണ് യോഗം.

പ്രതികാര നടപടിയുമായി കേരള സർവകലാശാല വിസി

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ പ്രൈവറ്റ് അസിസ്റ്റന്റിനെയും സെക്ഷൻ ഓഫീസറെയും സ്ഥലം മാറ്റി. മുൻ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ സർട്ടിഫിക്കറ്റുകളിൽ സീൽ പതിക്കാൻ വിസമ്മതിച്ചതാണ് വിസിയുടെ പ്രതികാര നടപടിക്ക് കാരണം.

മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമല്ലാതാകും

മിഗ് 21 വിമാനങ്ങൾ ഇന്ന് മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമല്ലാതാകും. ഡി കമ്മീഷൻ ചെയ്യുന്നത് 36 മിഗ് 21 ബൈസൺ വിമാനങ്ങൾ. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷലടക്കം പങ്കെടുക്കും. മിഗ് 21ന് പകരം തേജസ് വിമാനങ്ങൾ അടുത്ത മാർച്ചോടെ വ്യോമസേനയുടെ ഭാഗമാകും.

കളമശേരിയിൽ കാൽനട യാത്രക്കാരനെ ക്രൂരമായി മർദിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

എറണാകുളം കളമശേരിയിൽ കാൽനട യാത്രക്കാരനെ ക്രൂരമായി മർദിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചേർത്തല സ്വദേശി അനു ഹർഷ് ആണ് പിടിയിലായത്. ബസിൻ്റെ ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തൃശൂർ മുകുന്ദപുരം സ്വദേശി ജിജോ ജോർജിനാണ് മർദനമേറ്റത്.

കെ.ജെ. ഷൈന് എതിരായ അപവാദപ്രചാരണ പോസ്റ്റുകൾ: പോസ്റ്റുകൾ മുക്കി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും സൈബർ ഹാൻഡിലുകളും

സിപിഐഎം നേതാവ് കെ.ജെ. ഷൈന് എതിരായ അപവാദപ്രചാരണ പോസ്റ്റുകൾ മുക്കി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും സൈബർ ഹാൻഡിലുകളും. നിയമ നടപടിക്ക് പിന്നാലെയാണ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് തുടങ്ങിയത്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയേയും കെ.ജെ. ഷൈനേയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് ഡിലീറ്റ് ചെയ്തത്.

കാട്ടുകൊമ്പന് ചികിത്സ

അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ ആനയ്ക്ക് ചികിത്സ നൽകുന്നു. കാലിനു മുറിവേറ്റ കൊമ്പനാണ് ചികിത്സ നൽകുന്നത്. വെറ്റിനറി ഡോക്ടർമാരുടെ വിദഗ്ധസംഘം ആനയെ ചികിത്സിക്കും.

രാഹുലിനെ വീട്ടിൽ എത്തി സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ്‌ നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച സമയത്തെ ചിത്രങ്ങൾ പുറത്ത്. രാഹുലിനെ മണ്ഡലത്തിൽ എത്തിക്കുന്നതിൽ ഡിസിസി അതൃപ്തി തുടരുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ രാഹുലിന്റെ വീട്ടിലെത്തിയത്.

പൊലീസ് ട്രെയിനിയുടെ മരണത്തിൽ അന്വേഷണത്തിന് നിർദേശം

പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ആനന്ദിന്റെ മരണത്തിൽ അന്വേഷണത്തിന് നിർദേശം. ക്യാംപിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. വനിതാ ബറ്റാലിയൻ കമാൻഡന്റിന് ആണ് അന്വേഷണ ചുമതല. അടിയന്തര റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകി.

സർക്കാരിനെ പരിഹസിച്ച് ടി. പത്മനാഭൻ

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹുമാനപ്പെട്ട എന്ന് ചേർത്ത് വിളിക്കണമെന്ന സർക്കുലറിനെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. മന്ത്രിയെ ബഹു. ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കും. അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. ചേർത്ത് വിളിക്കുന്നുവെന്നും ടി. പത്മനാഭന്റെ പരിഹാസം

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ പൊലീസ് വെടിവെച്ചു കൊന്നു; വംശവെറിയെന്ന് കുടുംബം

നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി പ്രിയങ്കാ ഗാന്ധി

നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി പ്രിയങ്കാ ഗാന്ധി എംപി. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ നിർമിച്ച രഥം കൗതുകത്തോടെ കണ്ട പ്രിയങ്ക ശിൽപികളെ അഭിനന്ദിക്കുകയും ചെയ്തു.

എലപ്പുള്ളി ബ്രൂവറിക്കെതിരെയും ടി. പത്മനാഭൻ

എലപ്പുള്ളി ബ്രൂവറിക്കെതിരെയും എഴുത്തുകാരൻ ടി. പത്മനാഭൻ. "മറ്റ് സംസ്ഥാനങ്ങൾ ബ്ലാക്ക് ലിസ്റ്റ് ചെയ്ത കമ്പനിയാണ് ബ്രൂവറി നടത്തുന്നത്. മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാൻ വെള്ളം കിട്ടില്ല. എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് സർക്കാർ പിന്മാറണം" എന്നും ടി. പത്മനാഭൻ.

നാദാപുരത്ത് വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട് നാദാപുരത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. ചേലക്കാട് അമ്മദിൻ്റെ വീടിന് നേരെയാണ് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിൽ ഒരാളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശം:  വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശത്തിൽ വിമർശനവുമായി ബിജെപി. രാഹുലിന്റെ പരാമർശം കലാപം ഉണ്ടാക്കാനുള്ള നീക്കമെന്ന് വിമർശനം. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ജെൻ സികളും ഭരണഘടനയെ സംരക്ഷിക്കുമെന്ന രാഹുലിൻ്റെ പരാമർശമാണ് വിവാദമായത്.

ഡി. രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡി. രാജ ഒഴിഞ്ഞേക്കും. പ്രായാധിക്യവും അനാരോഗ്യവുമാണ് സ്ഥാനം ഒഴിയാൻ കാരണമായി ഡി. രാജ പറയുന്നത്. ബിഹാറിൽ നടന്ന വോട്ടർ അധികാർ യാത്രയുടെ സമാപന ചടങ്ങിൽ രാജ കുഴഞ്ഞ് വീണിരുന്നു. ഡി. രാജയ്ക്ക് പകരം അമർജിത്ത് കൗറിന് സാധ്യത.

പ്ലസ് വൺ വിദ്യാർഥി തുറിച്ചുനോക്കി; സംഘം ചേർന്ന് മർദിച്ച് സീനിയേഴ്സ്

തിരുവനന്തപുരം കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ. തുറിച്ചുനോക്കിയതിനാണ് സംഘം ചേർന്നുള്ള മർദനമെന്നാണ് പരാതി. നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ വിദ്യാർഥിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി.

പതിനാറുകാരനെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് ഒരാൾ കൂടി പിടിയിൽ. ഈയാട് സ്വദേശി അജിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.

പതിമൂന്നുകാരനെ കാണാതായ സംഭവം:  അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു

പാലക്കാട് നിന്ന് 13കാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ജില്ലക്ക് പുറത്തേയ്ക്കും വ്യാപിപ്പിച്ചു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

ഹിമാചൽ പ്രദേശിൽ വീണ്ടും  മേഘവിസ്ഫോടനം; ഷിംലയിൽ മണ്ണിടിച്ചിൽ

വേടനെതിരായ പരാതിയിലെ ഗൂഢാലോചന: പൊലീസ് അന്വേഷണം ആരംഭിച്ചു

വേടനെതിരായ പരാതിയിലെ ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വേടൻ്റെ സഹോദരൻ്റെയും സഹോദരിയുടേയും മൊഴി ഉടൻ രേഖപ്പെടുത്തും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ഇക്കാര്യം വ്യക്തമാകുന്ന തെളിവുകൾ ഹാജരാക്കാനും അന്വേഷണസംഘം ആവശ്യപ്പെടും.

ശബരിമലയിലെ സ്വർണപീഠം കാണാതായ സംഭവം: വിജിലൻസ് അന്വേഷിക്കും

ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയം വിജലൻസ് അന്വേഷിക്കും. വിജിലൻസ് എസ്പി യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ്യോത്തര വേളക്കിടെയാണ് ബുദ്ധിമുട്ട് നേരിട്ടത്. മന്ത്രിയെ ആശുപത്രിയിലെത്തിച്ചു.

അമീബിക് മസ്തിഷ്കജ്വരത്തിൽ അടിയന്തര നടപടി വേണം

അമീബിക് മസ്തിഷ്കജ്വരത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഓലിക്കൽ ആണ് പരാതി നൽകിയത്. മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യം.

ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കും

ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കും. തമിഴ്നാട് ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പങ്കെടുക്കും. അതേസമയം, ഡൽഹി ഗവർണർ വി.കെ. സക്‌സേന സംഗമത്തിൽ പങ്കെടുക്കില്ല.

സ്വർണപ്പാളി വിഷയത്തിൽ ചർച്ചയില്ല; നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം

ശബരിമല സ്വർണ പാളി വിഷയത്തിൽ നിയമസഭയിൽ ചർച്ചയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നോട്ടീസ് തള്ളി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലെന്നും പരിഗണിക്കാനാകില്ലെന്നും സ്പീക്കർ അറിയിച്ചു. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിയമ നടപടിയുമായി ശക്തമായി മുന്നോട്ടു പോകും: കെ.ജെ. ഷൈൻ

അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് കെ.ജെ. ഷൈൻ. പ്രതിപക്ഷ നേതാവിന്റെ പിന്തുണ താൻ പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പ്രവർത്തകരാണ് അപവാദപ്രചാരണത്തിന് തുടക്കം ഇട്ടതെന്നും ഷൈൻ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു.

"അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല "; രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

രാഹുലിനെ ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠൻ എം പി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചു. പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. വി.ഡി. സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്. രാഹുൽ മണ്ഡലത്തിൽ വരുന്നതിൽ തടസമില്ല. രാഹുലിൻ്റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശത്തിൻ്റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോയെന്നും എംപി ചോദിച്ചു.

താമരശേരിയിൽ യുവാവിന് കുത്തേറ്റ സംഭവം: കഞ്ചാവ് കടത്ത് സംഘത്തിലെ സാമ്പത്തിക തർക്കമെന്ന് പൊലീസ്

കോവളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ തുടരുന്നതിനിടെ ആണ് ഇരുവരും വയനാട്ടിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പടിഞ്ഞാറേത്തറയിലെ സ്വകാര്യ ഹോട്ടലിൽ എത്തി. സ്വകാര്യ സന്ദർശനമായിരിക്കുമെന്ന് കെപിസിസി അറിയിച്ചു.

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയേക്കും

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയേക്കും. ഉപാധികളോടെയാകും ടോള്‍ പിരിവിന് അനുമതി നല്‍കുക. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാൻ സാധ്യത. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി.

വിജയ്‌യുടെ വീട്ടിൽ സുരക്ഷാ വീഴ്ച; ഒരാൾ അതിക്രമിച്ചു കയറി ടെറസിലെത്തി

സുരേഷ് ഗോപിക്കെതിരെ ബിജെപിക്കുള്ളിൽ വിമർശനം ശക്തം

കലുങ്ക് സംവാദത്തിലെ വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിക്കുള്ളിൽ വിമർശനം ശക്തം. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ആശങ്ക. രാഷ്ട്രീയ പക്വതയയും വിവേകവുമില്ലാത്ത മറുപടികൾ പാർട്ടിയെ ബാധിച്ചേക്കുമെന്നും വിലയിരുത്തൽ. പിആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന പരിപാടി ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം.

ഐഫോൺ 17 കാത്ത് ആരാധകർ; ഡൽഹി, മുംബൈ, ബെംഗളൂരു സ്റ്റോറുകളിൽ അർധരാത്രി മുതൽ നീണ്ട ക്യൂ

സ്ത്രീയോട് ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ  സിപിഐഎമ്മിന് മറുപടിയുമായി ബഹാവുദ്ദീൻ നദ്‌വി

സ്ത്രീയോട് ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന സിപിഐഎം ആരോപണത്തിന് മറുപടിയുമായി സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വി. കുടജാദ്രിയുടെ സംഗീതം എന്ന പുസ്തകം ഇറങ്ങിയത് 1989ൽ. അന്ന് തനിക്ക് നരച്ച താടിയില്ല, ജുബ്ബയും ധരിക്കാറില്ല. കാക്കനാടന് ഒപ്പം താൻ യാത്ര ചെയ്തിട്ടുമില്ല. ചില തൽപ്പര കക്ഷികൾ തന്നെ അപമാനിക്കാനായി രംഗത്ത് വന്നിരിക്കുന്നതെന്നും ബഹാവുദ്ദീൻ നദ്‌‌വി പ്രതികരിച്ചു.

പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് സെപ്തംബർ 13 മുതൽ കാണാതായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടവർ 15 കോടി സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടി. 13ന് അർദ്ധരാത്രിയോടെ വീട് വിട്ടിറങ്ങിയ പ്രേമ നടന്ന് പോകുന്നതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചു.

കോഴിക്കോട് ഐസിയു പീഡനക്കേസ്:  ആരോഗ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരം ആരംഭിക്കാനൊരുങ്ങി അതിജീവിത

പുരുഷ കമ്മീഷൻ വേണം: രാഹുൽ ഈശ്വർ

പുരുഷ കമ്മീഷൻ വേണമെന്ന് അഡ്വ. രാഹുൽ ഈശ്വർ. ആറ് മാസം മുമ്പ് ഈ ആവശ്യം പറഞ്ഞപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ പോലും എതിർത്തിരുന്നു. ഇങ്ങനെ ഒരു കമ്മീഷൻ വന്നാൽ അത് സ്ത്രീകൾക്ക് എതിരെയാവും എന്നാണ് അന്ന് പറഞ്ഞത്. ഇപ്പോൾ ഈ കമ്മീഷൻ്റെ ആവശ്യകത രാഹുൽ മാങ്കൂട്ടത്തിലിനു മനസിലായി കാണുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സുപ്രിംകോടതിയിൽ ആശ്വാസവിധി

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സുപ്രിംകോടതിയിൽ ആശ്വാസവിധി. നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് ഉത്തരവ്. കരട് ഭരണഘടനയ്ക്ക് അംഗീകാരം. നാലാഴ്ചയ്ക്കകം ജനറൽ ബോഡി വിളിക്കണമെന്നും സുപ്രിംകോടതി. നിർണായക വിധി ഫിഫ വിലക്ക് ഭീഷണി നിലനിൽക്കെ.

കൊച്ചിയിൽ നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊച്ചിയിൽ നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ ഒരു വർഷത്തിന് ശേഷം പിടികൂടി. അജ്മൽ ഹുസൈൻ എന്നയാളെ ചേർത്തലയിൽ നിന്നാണ് പിടികൂടിയത്. യുവതിയിൽ നിന്ന് പണവും തട്ടിയ ഇയാളെ സെൻട്രൽ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലും പ്രതിയാണ് അജ്മൽ.

''റെയില്‍വെ സ്റ്റേഷനില്‍ കത്തികുത്ത്''

തിരുനല്‍വേലി റെയില്‍വെ സ്റ്റേഷനില്‍ കത്തികുത്ത്. ഒരാള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കൊല്ലം സ്വദേശിക്ക് കുത്തേറ്റു. പുനലൂര്‍ സ്വദേശി പ്രസാദിനും മറ്റ് രണ്ട് പേര്‍ക്കുമാണ് കുത്തേറ്റത്. ബിഹാര്‍ സ്വദേശി സുരാജിനെ പൊലീസ് പിടികൂടി. പാലരുവി എക്‌സ്പ്രസില്‍ പുനലൂരിലേക്ക് യാത്ര ചെയ്യാനാനിരിക്കെയാണ് കൊല്ലം സ്വദേശിക്ക് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

അതിരപ്പിള്ളി കാലടി പ്ലാൻ്റേഷനിൽ മുറിവേറ്റ നിലയിൽ കണ്ട ആനക്ക് ചികിത്സ നൽകി.  മയക്കുവെടി വെച്ച് പിടി കൂടിയ ശേഷം വെറ്റിനറി ഓഫീസർമാരുടെ വിദഗ്ദ സംഘമാണ് ആനയെ ചികിത്സിച്ചത്.  ചികിത്സ നൽകി ആനയെ വനത്തിലേക്ക് തിരികെ അയച്ചതായും മൂന്ന് ദിവസം നിരീക്ഷിക്കുമെന്നും വാഴച്ചാൽ DFO സുരേഷ് ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു. 

അയ്യപ്പസംഗമം തികച്ചും രാഷ്ട്രീയ പരമെന്ന്   ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ. വി. ബാബു. കേരള ഹൈക്കോടതിയെയും വിശ്വാസികളെയും തെറ്റിധരിപ്പിച്ചാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ആർ.വി. ബാബു.   

ആഗോള അയ്യപ്പസംഗമം: മലബാർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി 

ആഗോള അയ്യപ്പസംഗമത്തിൽ  മലബാർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഹൈക്കോടതി ക്ഷേത്രത്തിലെ തനത് ഫണ്ട് ചിലവിടാമെന്ന ഉത്തരവിലാണ് വിമർശനം. എന്തിന് ഇത്തരം ഉത്തരവിറക്കി?, ക്ഷേത്ര ഫണ്ടിൽ നിന്നും എന്തിന് ചെലവഴിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ ഉത്തരവ്.

ഭീഷണി പ്രസംഗവുമായി ലീഗ് നേതാവ്

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണി പ്രസംഗവുമായി ലീഗ് നേതാവ്. മുസ്ലീംലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ആണ് ഭീഷണി പ്രസംഗം നടത്തിയത്. ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശിയായ സുനില്‍ ഡേവിഡിനാണ് ഭീഷണി. കൊല്ലത്ത് നിന്നും രണ്ടുകാലിലാണ് സെക്രട്ടറി ഉള്ള്യേരിയ്ക്ക് വന്നതെങ്കില്‍ വീല്‍ചെയറില്‍ നാട്ടിലേക്ക് പോകേണ്ടി വരുമെന്നായിരുന്നു ഭീഷണി.

പ്രതിപക്ഷത്തിനെതിരെ പൊലീസ് അസോസിയേഷന്‍

പൊലീസ് അതിക്രമത്തില്‍ ന്യായീകരണവും പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ പ്രവൃത്തി ദോഷങ്ങള്‍ വിവാദമാകുമ്പോള്‍ പൊലീസിനെതിരെ വാര്‍ത്ത സൃഷ്ടിക്കുന്നു. '

'പൊലീസിനെതിരായ ആരോപണങ്ങള്‍ വീണുകിട്ടുന്ന സുവര്‍ണാവസരമായി ഉത്തരവാദിത്തപ്പെട്ടവര്‍ ഏറ്റെടുക്കുന്നു'. 'ഇത് കൃത്യമായ അജണ്ടകളില്‍ നിന്നുള്ള ദുഷ്പ്രചരണം'. 'ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ് നിരന്തരം പൊലീസിനെതിരെ അസഭ്യവര്‍ഷം നടത്തി കയ്യേറ്റം ചെയ്യുന്നു'. പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തിയാല്‍ അത് തടയാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് ഡിജിപിയോട് പ്രമേയം. ആരുടെയും പേര് പറയാതെയാണ് പ്രമേയത്തിലെ വിമര്‍ശനം.

ജോലി സമ്മർദ്ദം ബാങ്ക് മാനേജർ നാട് വിട്ടതായി പരാതി.  ബാങ്ക് ഓഫ് ബറോഡയുടെ വൈറ്റില ബ്രാഞ്ചിലെ മാനേജരാണ് കത്തെഴുതി വച്ച് പോയത്.  ബാങ്ക് മാനേജരെ കാണാനില്ലെന്ന് കാണിച്ച് എച്ച് ആർ പൊലീസിൽ പരാതി നൽകി.  കർണ്ണാടക സ്വദേശിനി സി. രാമലക്ഷ്മിയാണ് നാട് വിട്ടത്. 

അയ്യപ്പ സംഗമം: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കെ സി വേണുഗോപാല്‍

2018ലെ സംഭവങ്ങള്‍ കേരള ജനത മറന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. താന്‍ അടക്കമുള്ള ശബരിമലയില്‍ പോകുന്ന വിശ്വാസികളെ വേദനിപ്പിച്ച സംഭവമാണ് 2018. എട്ടു വര്‍ഷങ്ങള്‍ക്കുശേഷം അയ്യപ്പ സംഗമം. ഇലക്ഷനെ മുന്നില്‍ കണ്ടുള്ള പരിപാടി. ഇപ്പോഴത്തെ അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് പാര്‍ട്ടി ചോദ്യം ചെയുന്നത്. അന്നത്തെ പൊലീസിന്റെ വേട്ടകളെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശ്വാസികള്‍ക്കെതിരെ വിധി വന്നാല്‍ ചര്‍ച്ച നടത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വിശ്വാസികളുടെ വോട്ടു തട്ടാനുള്ള കബളിപ്പിക്കല്‍ സംഗമമാണ് അയ്യപ്പ സംഗമം എന്നും കെ.സി. വേണുഗോപാൽ.

റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചേക്കും

റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധ പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. ക്രിപ്‌റ്റോ, ബാങ്കിംഗ്, ഊര്‍ജ്ജ മേഖലകളില്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തും. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ക്കെതിരായ ഉപരോധ നടപടികളും പരിഗണനയില്‍. നിര്‍ണ്ണായക യോഗം ചേരുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ തീരുവ നടപടിവേണമെന്ന ട്രംപിന്റെ സമ്മര്‍ദ്ദം നിലനില്‍ക്കെ.

കെ.ജെ. ഷൈനിന്റെ പരാതിയിൽ  ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

യൂട്യൂബ് ചാനൽ, വെബ് പോർട്ടലുകൾ എന്നിവയെ പ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  റൂറൽ സൈബർ പൊലീസ് എസ്.എച്ച്.ഒ കേസ് അന്വേഷിക്കും. 

സാമ്പത്തിക ക്രമക്കേട് ആരോപണം: പി.കെ. ഫിറോസിനെതിരെ ഇഡിക്ക് പരാതി

സിപിഐഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം എ.പി മുജീബാണ് പരാതി നല്‍കിയത്. പി.കെ ഫിറോസിനെതിരെ കെ.ടി. ജലീല്‍ നല്‍കിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇ-മെയില്‍ ആയും പോസ്റ്റല്‍ ആയും പരാതി അയച്ചിട്ടുണ്ട്.

സർക്കാർ ആശുപത്രിയിൽ അഗ്നിബാധ

കോഴിക്കോട് വളയം സർക്കാർ ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം.

റിസോർട്ടിൽ തീപിടിത്തം

ഫോർട്ട്കൊച്ചിയിൽ റിസോർട്ടിൽ തീപിടിത്തം. ടൂറിസ്റ്റുകൾ തങ്ങാറുള്ള ഹോട്ടൽ ഫോർട്ട് ഹൗസിലാണ് തീപിടിത്തമുണ്ടായത്. വിദേശികൾ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.

പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിൽ

കല്പറ്റ പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സന്ദർശിച്ച് സോണിയ ഗാന്ധി എംപിയും പ്രിയങ്ക ഗാന്ധി എംപിയും. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. നീരജ് ജോഷി, ഡോ. സാബു കെ.യു. എന്നിവർ ചേർന്ന് ഇരുവരെയും സന്ദർശിച്ചു. ഫൗണ്ടേഷൻ ക്യാമ്പസിലെ നഴ്സറിയും വൃക്ഷോദ്യാനവും ചുറ്റി നടന്ന് കണ്ട് സോണിയ ഗാന്ധി എം.പി. അടയ്ക്കാപ്പയിൻ തൈയും പ്രിയങ്ക ഗാന്ധി എം.പി. കാരാഞ്ഞിലി തൈയും നട്ടു.

തുടർന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സൗമ്യ സ്വാമിനാഥനുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡോ. സൗമ്യ വിവരിച്ചു. സീനിയർ ശാസ്ത്രജ്ഞരായ സി.എസ്. ധന്യ, വി.വി.ശിവൻ, ജോസഫ് ജോൺ, ഡോ. അർച്ചന ഭട്ട്, ഡോ. വിപിൻ ദാസ്, സലിം പി.എം., ഗോപാലകൃഷ്ണൻ, സനിൽ പി. സി., ബിനീഷ്, നന്ദകുമാർ പി. എം. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

എറണാകുളത്ത് വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിനാണ് പിടിയിലായത്. കാക്കനാട് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 2024ൽ ഇൻസ്റ്റഗ്രാം വഴിയായിരുന്നു മാർട്ടിനും യുവതിയും തമ്മിൽ പരിചയപ്പെട്ടത്.

കോവളത്ത് 13 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

തിരുവനന്തപുരം കോവളത്ത് നിന്ന് 13 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കോവളം സ്വദേശി എം. ഷാനുവിന്റെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. തമിഴ്നാട് പൊലീസും കോവളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

വടകരയിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം

കോഴിക്കോട് വടകരയിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം. മഹിള കോൺഗ്രസ് നേതാവിൻ്റെ മരണത്തിനിടയാക്കിയ ബസിൻ്റെ ഡ്രൈവറെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

അഴുകിയ മൃതദേഹം കണ്ടെത്തി

എറണാകുളം ജില്ലയിൽ, കോതമംഗലത്തിന് സമീപം അയ്യമ്പുഴയിൽ പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. പാറമടയിൽ ചൂടയിടാൻ വന്നവരുടെ ചൂണ്ടയിൽ മ്യതദേഹം കുടുങ്ങുകയായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗം മാത്രമാണ് ഇപ്പോൾ കണ്ടെത്താൻ കഴിഞ്ഞത്. ഇവർ പൊലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദൂരൂഹത സംശയിക്കുന്നു. ഇന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാറമടയിൽ ശനിയാഴ്ച്ച വിശദമായ പരിശോധന നടത്തും.

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം

കോഴിക്കോട് ഉള്ളിയേരിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ നവദർശൻ നന്ദുവിനെയാണ് പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർഥി വടകരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു

തിരുവനന്തപുരത്ത് പഴയ തറവാട് വീടിന് തീ പിടിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT