സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. പ്രതിനിധി സമ്മേളനം രാവിലെ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സർക്കാറിന്റെ വിലയിരുത്തലിനൊപ്പം സംഘടനാ വിഷയങ്ങളും വിമർശന വിധേയമാകും.
കോഴിക്കോട് മുൻ ഡിസിപിക്കെതിരെ ആരോപണവുമായി കെഎസ്‍യു നേതാവ് ജോയൽ ആൻ്റണി. കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഡിസിപിക്കെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ജോയൽ ആൻ്റണിയുടെ ആരോപണം. 2023ൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് ഡിസിപി ആയിരുന്ന കെ. ഇ. ബൈജുവാണ് ജോയലിന്റെ കഴുത്തുഞെരിച്ചത്.
വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ കഴിയാതെ സിപിഐഎം. അഡ്ഹോക്ക് കമ്മിറ്റി റിപ്പോർട്ടിനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. റിപ്പോർട്ട് അപൂർണമാണെന്നാണ് എം.വി. ഗോവിന്ദൻ്റെ വിമർശനം. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഇടപെടലും ജില്ലാ കമ്മിറ്റി അംഗത്തിന്റ ഇടപെടലും റിപ്പോർട്ടിൽ ഉണ്ടാകണമെന്നും നിർദേശം.
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഹോംസ്റ്റേ ആക്രമിച്ച് കാട്ടാന. പുലർച്ചെ രണ്ട് മണിയോടെ വെറ്റിലപ്പാറ ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപമുള്ള ഹോംസ്റ്റേയുടെ മതിൽ പൊളിച്ചു. അകത്തു കടന്ന കാട്ടാന പരിസരത്തുള്ള കൃഷി നശിപ്പിച്ചു.
യുവഡോക്ടറുടെ പീഡനപരാതിയിൽ റാപ്പർ വേടനെ ഇന്നും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. കേസിൽ മുൻകൂർ ജാമ്യം ലഭിച്ച വേടനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത രണ്ടാമത്തെ പരാതിയിലും വേടന് ജാമ്യം ലഭിച്ചിരുന്നു.
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ വീടിന് തീപിടിച്ചു. തീ പിടിത്തത്തിന് കാരണം ഷോട് സർക്യൂട്ട് എന്ന് പ്രഥാമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
പാറശാലയിൽ +2 വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പെരുവിള സ്വദേശി നയന (17)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
8 കിലോ കഞ്ചാവ് പിടികൂടി. കോടനാട് പാപ്പാൻപടിയിലാണ് സംഭവം. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. കേസിൽ രണ്ട് ഇതര സംസ്ഥാനക്കാരെ പിടികൂടിയിട്ടുണ്ട്.
ഇരട്ട വോട്ടിൽ പ്രതികരിച്ച് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. എൻ്റെ വിവാഹം നടന്നതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. അതിൻ്റെ ഭാഗമായി ഇത്തവണ എൻ്റെ താമസ സ്ഥലമായ കൂടരഞ്ഞി പഞ്ചായത്തിൽ ഭാര്യയുടെ വോട്ട് ചേർത്തിരുന്നു. എന്നാൽ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയിൽ നിന്ന് വോട്ട് ഒഴിവായിരുന്നില്ല. ഇത് ഒഴിവാക്കുന്നതിൽ ചെറിയ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെങ്കിലും ഇത് വോട്ടർ പട്ടികയിലെ ക്രമക്കേട് എന്ന നിലയിലുള്ള സംഭവമല്ലെന്നാണ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്.
കള്ള് വ്യവസായത്തോട് സർക്കാരിന് അവഗണനയെന്ന് സിപിഐ സമ്മേളന റിപ്പോർട്ട്. വിദേശ മദ്യ വ്യവസായത്തിലാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. സർക്കാരിൻ്റെ മുൻഗണനാക്രമങ്ങളിൽ പാളിച്ച ഉണ്ടെന്നും, അടിയന്തരമായി ഇത് തിരുത്തണമെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ നേട്ടം കുറച്ചു കാണരുതെന്നും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നിയമ നടപടികളിലേക്ക് കടക്കാൻ തൽപര്യം ഇല്ലെന്നാണ് അവർ അറിയിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസ് വ്യാപാര ബന്ധത്തിൻ്റെ പരിധിയില്ലാത്ത സാധ്യതകൾക്ക് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയിൽ അഞ്ചിൻ്റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത്. പരിപാടിക്ക് ആവശ്യമായ ചെലവ് കണ്ടെത്തുക സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് സ്വീകരിച്ചുമാണെന്നും പ്രശാന്ത് അറിയിച്ചു.
കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മറയൂർ എസ്ഐ മാഹിൻ സലീമാണ് പോസ്റ്റിട്ടത്. ആവനാഴി സിനിമയിൽ മമ്മൂട്ടി മോഷ്ടാവിനെ മർദിക്കുന്ന രംഗങ്ങളാണ് പങ്കുവെച്ചത്. മുൻപ് വിദ്യാർഥിയെ മർദിച്ചതിന് സസ്പെൻഷൻ നേരിട്ട ആളാണ് മാഹിൻ. വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതോടെ ശീതളപാനീയ കച്ചവടക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടി. എക്സിക്യൂട്ടീവ് എക്സ്പ്രസ് മലപ്പുറം താനൂരിൽ എത്തിയപ്പോഴാണ് യുവാവ് ട്രെയിനിൽ നിന്ന് എടുത്തു ചാടിയത്. നടപടി എടുക്കുമെന്ന് അറിയിച്ച് ടിടിഇ പിന്തുടർന്നപ്പോൾ അഷ്റഫ് എടുത്തു ചാടുകയായിരുന്നു. താനൂർ പാണ്ടിമുറ്റം സ്വദേശി അഷ്ക്കറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നേപ്പാളിൽ മുളന്തുരുത്തി നിർമ്മല കോളേജിലെ 12 പേർ കുടുങ്ങി കിടക്കുന്നു. നേപ്പാളിലെ ബൈ സേപാട്ടി എന്ന സ്ഥലത്താണ് 12 പേരും ഇപ്പോഴുള്ളത്. ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് എക്സേഞ്ച് പ്രോഗ്രാമിനായി നേപ്പാളിൽ പോയ സംഘമാണ് കുടുങ്ങി കിടക്കുന്നത്. 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് സംഘത്തിലുള്ളത്. അതേസമയം, തങ്ങൾ സുരക്ഷിതരെന്ന് അധ്യാപകൻ ലാലു അറിയിച്ചു.
അച്ഛൻ്റെ മരണത്തിന് കാരണം കെഎസ്ആർടിസി ആണെന്നും, കേസിൽ പൊലീസ് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും ആരോപിച്ച് പത്തനാപുരം ഡിപ്പോയിൽ മക്കളുടെ പ്രതിഷേധം.
പാലോട് സ്വദേശി അശോക് കുമാർ ഡിപ്പോയിൽ വച്ച് തല തകർന്നാണ് മരിച്ചത്. എന്നാൽ ബസ് തലയിലൂടെ കയറിയാണ് അശോക് കുമാർ മരിച്ചതെന്നാണ് മക്കൾ അവകാശപ്പെടുന്നത്.
കെഎസ്ആർടിസിയുടെ അശ്രദ്ധയാണ് മരണകാരണമെന്ന് മക്കളുടെ പരാതിയിൽ പറയുന്നു. ഡിപ്പോയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും മക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
തൃശ്ശൂർ കേച്ചേരിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് മർദനം. സ്വകാര്യ ബസ് ജീവനക്കാരനാണ് കെഎസ്ആർടിസി കണ്ടക്ടർ രാജേഷിനെ മർദിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ഡിവൈഎസ്‌പി മധുബാബുവിനെതിരെ വീണ്ടും പരാതി. മകൾ ആസിയ ജീവനൊടുക്കിയ കേസ് ഒതുക്കി തീർത്തെന്ന് അമ്മ സലീന ആരോപിച്ചു. പരാതി ഡിവൈഎസ്‌പി വലിച്ചെറിഞ്ഞു.
വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭർതൃ വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ അസ്വഭാവികത ഇല്ലെന്ന് പറഞ്ഞുകൊണ്ട് പൊലീസ് കേസ് ക്ലോസ് ചെയ്തു. മകളുടെ ഭർത്താവിനെതിരെയുള്ള പരാതി ഗൗരവമായി അന്വേഷിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
മാടായിപ്പാറയിലെ പലസ്തീൻ അനുകൂല പ്രകടനത്തിലും പ്രതിഷേധവത്തിലും രാഷ്ട്രീയ വിശദികരണ യോഗം നടത്താൻ സിപിഐഎം. ഇന്ന് വൈകിട്ട് പഴയങ്ങാടിയിൽ വച്ച് നടക്കുന്ന വിശദീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.
യുവഡോക്ടറുടെ പീഡന പരാതിയിൽ ചോദ്യം ചെയ്യലിനായി വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തി. ഇന്നലെ വേടനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
സ്വർണവില കുതിക്കുന്നു. ഗ്രാമിന് ഇരുപത് രൂപ വർധിച്ച് 10,130 രൂപയും, പവന് 160 രൂപ വർധിച്ച് 81,040 രൂപയുമായി. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.
കന്നഡ ചിത്രം കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ല. തീയറ്റർ ഷെയറിനെ ചൊല്ലി ഫിയൊകുമായി തർക്കമുണ്ടായതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കാന്താരാ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. 55 % തീയറ്റർ ഷെയർ നൽകണമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം അംഗീകരിക്കാൻ ആകില്ലെന്ന് ഫിയൊക് അറിയിക്കുകയായിരുന്നു.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പിലാണ് പരിശോധന നടത്തുന്നത്. ഒന്നാം പ്രതി നിഖിലുമായാണ് അന്വേഷണസംഘം തെളിവെടുക്കുന്നത്. ഇന്നലെ എക്സ്കവേറ്റർ പോക്ലെയ്ൻ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പുൽപ്പള്ളി തങ്കച്ചനെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണസംഘം തങ്കച്ചൻ്റെയും കുടുംബത്തിൻ്റെയും മൊഴിയെടുത്തു. കേസുമായി ബന്ധമുള്ളവർ പ്രാദേശിക കോൺഗ്രസ് നേതാക്കളെന്ന് അന്വേഷണ സംഘം അറിയിച്ചു. സംശയമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ തങ്കച്ചൻ നൽകിയിട്ടുണ്ട്. നിലവിൽ ആരും ഒളിവിൽ പോയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.
സിപിഐ വിപ്ലവ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന പാർട്ടി ആണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മറ്റുപാർട്ടികളെ പോലെയല്ല. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയെ വ്യത്യസ്തമാക്കുന്നത്. ആ പാതയിൽ പാർട്ടി 100 കൊല്ലം പൂർത്തിയാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവിത്തര്‍ക്കത്തിൽ ഡോ. കെ.എസ്. അനില്‍ കുമാറിന് തിരിച്ചടി. സസ്‌പെന്‍ഷന്‍ നടപടി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രജിസ്ട്രാറുടെ ആവശ്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്നും, സസ്‌പെന്‍ഷന്‍ തുടരണോ എന്ന് സിന്‍ഡിക്കേറ്റിന് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.
നാദാപുരം കല്ലാച്ചിയിൽ തെരുവുനായ ആക്രമണത്തിൽ നിന്ന് മൂന്നാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്കൂൾ വിട്ട് ബസിറങ്ങി വീട്ടിലേക്ക് വരവേ തെരുവുനായകൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കറിയതിനാലാണ് വിദ്യാർഥിനി രക്ഷപെട്ടത്.
കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം. ചന്ദനത്തോപ്പിലെ പച്ചക്കറി കടയിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾ മേശ കുത്തിത്തുറന്ന് പണം കവർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 13, 14 തീയതികളിൽ അസം സന്ദശിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദശിക്കുമെന്ന റിപ്പോർട്ട് വരുന്നത്.
കോൺഗ്രസ് സൈബർ പോരാളി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ച് കാറിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് നിസാർ മർദിച്ചത്. മാസങ്ങൾക്ക് മുൻപു നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അമ്പലപ്പുഴയിൽ വീണ്ടും മോഷണം. നീർക്കുന്നം കിഴക്കേ മഹൽ ജമാ അത്തിലെ കാണിക്ക വഞ്ചി തകർത്ത് പണം കവർന്നു. മുഖം മൂടി ധരിച്ച ഒരാളാണ് മോഷണം നടത്തിയതെന്ന് പള്ളിയിലെ സിസിടിവി ദൃശ്യത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ആളുകൾ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. നേരത്തെ അമ്പലപ്പുഴ അടിമന ക്ഷേത്രത്തിലും കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നിരുന്നു.
നേപ്പാളിൽ പ്രതിഷേധത്തിൻ്റെ മറവിൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നേപ്പാൾ കരസേനാ മേധാവി. നശീകരണത്തിൽ കനത്ത നടപടിയുണ്ടാകുമെന്ന് ജനറൽ അശോക് രാജ് സിഗ്ദേൽ അറിയിച്ചു. രാജ്യത്തിൻ്റെ പൈതൃകവും പൊതു സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് സിഗ്ദേൽ അഭ്യർഥിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് വി. എസ്. അച്യുതാനന്ദൻ്റെ മകൻ വി. എ. അരുൺകുമാർ.
പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയതിനുശേഷം ആണ് മീര മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം വ്യക്തമാക്കി.
അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ്. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എംഎൽഎമാരായ കെ. ബാബു, ടി. ജി. വിനോദ്, അനൂപ് ജേക്കബ് , ജോസഫ് വാഴക്കൽ , അൻവർ സാദത്ത് എംഎൽഎ, എംപി മാരായ റോജി എം. ജോൺ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ ധർണയിൽ പങ്കെടുത്തു.
പാലിയേക്കര ടോള്‍ മരവിപ്പിച്ചത് നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് മരവിപ്പിച്ച നടപടി നീട്ടീയത്.
ഫിയോക്കും കാന്താരയുടെ വിതരണക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കും എന്ന് ഫിലിം ചേമ്പർ. ഇപ്പോൾ നടക്കുന്നത് ബിസിനസ് സംബന്ധം ആയ തർക്കമാണ്. തർക്കം സിനിമക്ക് ഭൂഷണം അല്ലെന്നും ഫിലിം ചേമ്പറിൻ്റെ മധ്യസ്ഥതയിൽ വിഷയം പരിഹരിക്കുമെന്നും അറിയിച്ചു.
കേരളത്തിൽ ഇപ്പോൾ ഉള്ളത് ജനമൈത്രി പൊലീസ് അല്ലെന്നും, കൊലമൈത്രി പൊലീസ് ആണെന്നും ഷാഫി പറമ്പിൽ എംപി.
വിതുരയിൽ കാറിടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമി (85)ആണ് മരിച്ചത്. വിതുര പൂവാട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് വാഹനം ഇടിച്ചത്. നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം വർക്കലയിൽ കിടപ്പുരോഗിയായ വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല പൊലീസാണ് 40കാരനായ പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ശബരിമലയില്‍ ദ്വാരപാലകരുടെ സ്വര്‍ണ പാളി ഇളക്കിമാറ്റിയ സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വര്‍ണ്ണ പാളി ഇളക്കി മാറ്റിയത് അനുചിതമായ തീരുമാനം. കോടതിയുടെ അനുമതി തേടാന്‍ ദേവസ്വം ബോര്‍ഡിന് മതിയായ സമയമുണ്ടായിരുന്നു. സംഭവത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.
സുജിത്തിനെ നിഷ്ഠൂരമായി മർദിച്ചവരെ പിരിച്ചു വിടുക തന്നെ ചെയ്യണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. 6 മാസത്തിന് ശേഷം അധികാരത്തിൽ വരുന്ന യുഡിഫ് എടുക്കുന്ന ആദ്യ തീരുമാനം ഈ പൊലീസുകാരെ പിരിച്ചു വിടുന്ന കാര്യത്തിലായിരിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സിസ്റ്റം നിയന്ത്രിക്കുന്നത് പിണറായി വിജയനാണെന്നും, പൊലീസ് കുത്തഴിയാൻ കാരണം മുഖ്യമന്ത്രി ആണെന്നും മുരളീധരൻ പറഞ്ഞു. എല്ലാ വകുപ്പുകളും പിണറായി വിജയൻ കൈയിൽ വെച്ചിരിക്കുകയാണ്. എന്നാൽ ഇതൊന്നും നോക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശത്തെ തള്ളി ഉമർ ഫൈസി മുക്കം. ജനപ്രതിനിധികൾക്ക് വൈഫ് ഇൻ ചാർജ്മാർ ഉണ്ട് എന്ന അഭിപ്രായം തനിക്കും ഇല്ലാ, സമസ്തയ്ക്കും ഇല്ല. മറ്റുള്ളവരെ കുറിച്ചുള്ള ആരോപണം വസ്തുതാപരമായിരിക്കണം. സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണ്. അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
തൃശൂർ കുന്നംകുളം സ്റ്റേഷനിൽ പൊലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന് സ്നേഹ സമ്മാനം നൽകി കോൺഗ്രസ് നേതാക്കൾ. സ്വർണമാലയാണ്, സുജിത്തിന് വിവാഹ സമ്മാനമായി നൽകിയത്. കുന്നംകുളത്തെ കോൺഗ്രസ് പ്രതിഷേധ ധർണയ്ക്ക് ഇടയിലായിരുന്നു സംഭവം.
വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ ഇന്നും ഹൈക്കോടതിയിൽ നിലപാട് പറയാതെ കേന്ദ്ര സർക്കാർ. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സാവകാശം തേടി. കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. കസ്റ്റഡി മർദനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഭീഷണി കത്ത് സ്റ്റേഷനിൽ ലഭിച്ചു. രാധാകൃഷ്ണൻ, മാവോയിസ്റ്റ് ചീഫ് കേരള എന്ന പേരിലാണ് കത്ത് ലഭിച്ചത്. പൊലീസ് സേനയുടെ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമായി പ്രതികരിക്കുമെന്നും കത്തിൽ പരാമർശം.
തൃശൂരിൽ കൊരട്ടിയിൽ മകൻ അച്ഛനെ കുത്തികൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. ആറ്റപാടം സ്വദേശി ജോയ് ആണ് മരിച്ചത്. മകൻ ക്രിസ്റ്റിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
താമരശേരി ചുരം വ്യൂ പോയിൻ്റിലെ മണ്ണിടിച്ചിൽ പ്രാഥമിക പരിശോധന നടത്തി കോഴിക്കോട് എൻഐടി സംഘവും ദേശീയപാതാ അതോറിറ്റിയും. മണ്ണിടിച്ചിൽ സ്ഥലത്ത് ഡ്രോൺ പരിശോധന പൂർത്തിയാക്കി. പ്രദേശത്ത് ജിപിആർ പരിശോധന വേണോ എന്ന് അടുത്ത ഘട്ടത്തിൽ തീരുമാനിക്കും എന്നും എൻഐടി സംഘം.
തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വഴിമുക്ക് വാട്ടർ അതോറിട്ടി ടാങ്കിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയത്. അധികൃതർ സ്ഥലം സന്ദർശിച്ച് ബ്ലീച്ചിങ് പൗഡർ ഇട്ടു.
തിരുവനന്തപുരത്ത് ഓണം വാരാഘോഷ സമാപനത്തിനിടെ ലാത്തിവീശി പൊലീസ്. വിനീത് ശ്രീനിവാസന്‍റെ ഗാനമേളക്കിടെ എത്തിയ യുവാക്കളെ അടിക്കുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ലാത്തിവീശിയതിൽ അന്വേഷണത്തിന് നിർദേശം നൽകി.
കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു. കുന്നിരിക്ക മിഥുൻ നിവാസിൽ കെ. മോഹനനാണ് മരിച്ചത്. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.
പാലക്കാട് കൊപ്പം മണ്ണേങ്ങോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിങ്ങനാട് കാമ്പ്രത്താൽ സ്വദേശി കളപ്പാറ പറമ്പിൽ ദിനേശ് ബാബുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മണ്ണേങ്കോട് പാടത്തെ കുളത്തിന് സമീപത്തെ മരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കാണുന്നത്.
മലപ്പുറം കാളികാവ് ചാഴിയോടിൽ മലമ്പാമ്പിനെ പിടികൂടുന്നതിനിടയിൽ യുവാവിന് കൈയ്യിൽ കടിയേറ്റു. അമ്പലക്കടവ് സ്വദേശി ഹമീദിനാണ് കടിയേറ്റത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ബിജെപിയുടെ വളർച്ച കണക്കുകൂട്ടലിന് അപ്പുറമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിലെ കരട് രാഷ്ട്രീയ പ്രമേയം. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി. സിപിഐക്ക് വേണ്ടത് സ്വയം നവീകരണമാണെന്നും പ്രമേയത്തില്‍ പറയുന്നു. അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു.
പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ ബിന്ദുവിന് സഹായ ഹസ്തവുമായി സ്വകാര്യസ്ഥാപനം. എംജിഎം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനാണ് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. സ്കൂളിൽ പ്യൂൺ പോസ്റ്റ് നൽകാമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കെ.ടി ജലീലിൻ്റെ ആരോപണങ്ങൾ ഏറ്റെടുത്ത് സിപിഐഎം. പി. കെ. ഫിറോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം തെളിവ് സഹിതമാണ് കെ.ടി ജലീൽ പുറത്തുകൊണ്ടുവന്നത്. നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടായിട്ടും യൂത്ത് ലീഗ് നേതാവ് മൗനം തുടരുകയാണ്. സ്വന്തം തട്ടിപ്പുകൾ വന്നാൽ പ്രതിപക്ഷ നേതാവും ഫിറോസും മൗനി ബാവകളാണെന്നും ജയരാജൻ വിമർശിച്ചു.
ടൂറിസ്റ്റ് ബസ് ക്ലീനറെ മർദിച്ചതായി പരാതി. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അരവിന്ദനാണ് മർദനമേറ്റത്. ബസിലെ എസിക്ക് തണുപ്പ് പോരെന്ന് പറഞ്ഞ് രണ്ട് പേർ മർദിച്ചെന്നാണഅ പരാതി.
കാസർഗോഡ് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന അമയ ബസിലെ ക്ലീനറാണ് അരവിന്ദൻ. ഇയാളെ അരവിന്ദനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് ആരാണ് പറഞ്ഞതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? അത് നിങ്ങൾ ആണോ പറയേണ്ടത്,വേറെ എന്തേലും പണി നോക്കെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ബഹാവുദ്ദീൻ നദ്‌വിയുടെ 'വൈഫ് ഇന്‍ ചാര്‍ജ്' വിവാദ പരാമര്‍ശത്തെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. പരാമർശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് നദ്‌വിയാണ്. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും, അതിനെക്കുറിച്ച് സമസ്ത ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാരശ്ശേരിയിൽ കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ വോട്ട് മാനദണ്ഡം ലംഘിച്ച് ചേർത്തതായി പരാതി. എൽഡിഎഫ് പ്രാദേശിക നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.
കാരശ്ശേരി മുൻ മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളിയുടെ മകൻ ആഷിഖിൻ്റെ വോട്ടാണ് ഇത്തരത്തിൽ ചേർത്തത്. 2025 ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കൂ. എന്നാൽ ഫെബ്രുവരി 2ന് 18 വയസ് തികയുന്ന ആഷിഖും വോട്ടർ പട്ടികയിൽ ഇടംപിടിച്ചു.
കാലിക്കറ്റ് സർവകാലാശാല വൈസ് ചാൻസലറുടെ പേരിൽ വ്യാജൻ. വിസി ഡോ പി. രവീന്ദ്രൻ്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ്. പ്രൊഫൈലിൽ വിസിയുടെ ചിത്രമുണ്ട്. വിസിയുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പണം ആവശ്യപ്പെട്ട് സന്ദേശം എത്തി. വിയറ്റ്നാം നമ്പറിൽ നിന്നാണ് സന്ദേശം എത്തിയിട്ടുള്ളത്.
വിഷയത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നു. കോട്ടയം നഗരസഭ ഓഫീസിലാണ് അഖിൽ സി വർഗീസുമായി തെളിവെടുപ്പ് നടത്തുന്നത്. രണ്ടരക്കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവിൽ പോയ ഇയാളെ ഒരു വർഷത്തിന് ശേഷമാണ് പിടികൂടിയത്.
ബിപിസിഎൽ ദുരന്തത്തിനെ തുടർന്ന് താൽക്കാലികമായി കമ്പനി മാറ്റി താമസിപ്പിച്ച അയ്യൻകുഴി നിവാസികളെ പുറത്താക്കി ഹോട്ടൽ ഉടമ. ദുരന്തത്തെ തുടർന്ന് കമ്പനി ഇന്ദ്രപ്രസ്ഥം ഹോട്ടലിലാണ് ഇവർക്ക് താത്ക്കാലിക താമസ സൗകര്യമൊരുക്കിയത്. ഇവിടെ നിന്നാണ് ഹോട്ടലുടമ അയ്യൻകുഴി നിവാസികളെ പുറത്താക്കിയത്. മുന്നറിയിപ്പില്ലാതെ വൈദ്യുതിയും വിച്ഛേദിച്ചു.
ചേർത്തല ബിന്ദു പദ്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതിചേർത്ത് ആലപ്പുഴ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യന് വേണ്ടി ക്രൈം ബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നൽകും. ബിന്ദുവിൻ്റേത് കൊലപാതകമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാനത്ത് ക്രൈസ്തവരുടെ വോട്ട് ഉറപ്പിക്കാൻ യോഗം വിളിച്ച് ബിജെപി. സോഷ്യൽ ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പാർട്ടിയിലെ ക്രിസ്ത്യൻ നേതാക്കളുടെ യോഗം ചേരുന്നത്. ഇതാദ്യമായാണ് സാമുദായികാടിസ്ഥാനത്തിൽ ബിജെപി യോഗം വിളിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. രാഹുലിന് എതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ യുവനടിയെ പരാതിക്കാരി ആക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുക.
ബലാത്സംഗ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ കേസുമായി സഹകരിക്കുമെന്ന് റാപ്പർ വേടൻ. പരിപാടികളിൽ സജീവമായി പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് ഉറപ്പായും എന്ന് മറുപടി നൽകി. ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് എല്ലാം പിന്നീട് വിശദമാക്കാം എന്നും മറുപടി നൽകി.
സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് പ്രശംസയും വിമർശനവും ഉണ്ട്. ആഭ്യന്തര - റവന്യൂ വകുപ്പുകളുടെ പ്രവർത്തനത്തെ പ്രശംസിക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കുന്നതിൽ വീഴ്ച പറ്റി എന്നാണ് വിമർശനം. തൃശൂർ ലോക്സഭ മണ്ഡലത്തിലെ ബിജെപി വിജയം ഗൗരവത്തോടെ കാണണമെന്നും പ്രവർത്തന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറത്ത് പത്തു വയസുകാരിക്കും, രാമനാട്ടുകരയിൽ മുപ്പതു വയസുകാരിക്കുമാണ് രോഗബാധ.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ തെരച്ചിലിൽ വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ കണ്ടെത്തി. പ്രതികൾ ഷൂ തിരിച്ചറിഞ്ഞു.
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി. സ്വര്‍ണ്ണപ്പാളി തിരിച്ചെത്തിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദേശിച്ചു. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേപ്പാളിലെ പൊഖ്റയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യം.
ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിനെതിരെ സിനിമാതാരങ്ങളായ ശ്രീകുമാറും ഭാര്യ സ്നേഹയും. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. കൊരട്ടി കോനൂർ പൗരാവലിയാണ് 28ന് നടക്കുന്ന പരിപാടിയിൽ താരങ്ങളെ ക്ഷണിക്കാതെ, മുഖ്യാതിഥിയെന്ന് കാണിച്ച് പോസ്റ്റർ ഇറക്കിയത്.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണ അറിയിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി. ഖത്തറിൻ്റെ പരമാധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണ് ആക്രമണമെന്ന് പ്രസിഡൻ്റ് നേരത്തെ അപലപിച്ചിരുന്നു. സൗദി, ജോർദാൻ നേതാക്കളും ഖത്തറിലെത്തുന്നുണ്ട്.
നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി പരിഗണനയിൽ. ജെൻ സി പ്രക്ഷോഭകരാണ് പേര് നിർദേശിച്ചത്. നേപ്പാളിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല കർക്കി.
കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ വി.സി ബി. അശോക് കുമാറിനെതിരെ പ്രതിഷേധം. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിസിക്ക് നേരെ കരിങ്കൊടി വീശി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
രാജ്യവ്യാപകമായി വോട്ടർ പട്ടികാ പരിഷ്കരണം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് സൂചന. വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത നിർണായക യോഗം ഇന്ന് ചേർന്നിരുന്നു. വോട്ടർ പട്ടികാ പരിഷ്കരണത്തിൻ്റെ തയ്യാറെടുപ്പ് ഈ മാസത്തോടെ പൂർത്തിയാക്കിയേക്കും.
ശബരിമല സ്വർണ്ണപ്പാളിയിലെ ഹൈക്കോടതി വിധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും. കോടതി ഹർജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും ദേവസ്വം ബോർഡ് തീരുമാനം. സ്വര്‍ണ്ണപ്പാളി തിരിച്ചെത്തിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
വിഡി സതീശനെതിരായ കോൺഗ്രസ് അണികളുടെ സൈബർ അറ്റാക്കിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. നേതാക്കളെ തെറി പറഞ്ഞ് ആരെയും വെള്ള പൂശാമെന്ന് കരുതരുത്. കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തുന്ന പാഴ് വേലയിൽ ഏർപ്പെടരുത്. കോൺഗ്രസ് നേതാക്കളെപ്പറ്റി വിഴുപ്പലക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഈ സമയം ഉപയോഗിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ്.
സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിലും സർക്കാരിനെതിരെ വിമർശനം. സർക്കാർ സപ്ലൈകോയെ കടക്കെണിയിൽ ആക്കിയെന്ന് രാഷ്ട്രീയ റിപ്പോർട്ട്. ക്ഷേമപദ്ധതികൾ നടപ്പാക്കിയില്ലെന്നും വിവിധ ക്ഷേമ ബോർഡുകളുടെ പ്രവർത്തനം നിലച്ചെന്നും റിപ്പോർട്ടിൽ പരാമർശം.
കണ്ണൂർ മാടായിപാറയിലെ പ്രതിഷേധം ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ഡീലെന്ന് കെ.കെ. രാഗേഷ്. ജമാഅത്തെ ഇസ്ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡീൽ ഉണ്ടാക്കിയെന്നും ആ ഡീലിന്റെ ഭാഗമാണ് മാടായിപ്പാറയിലെ പ്രതിഷേധമെന്നും രാഗേഷ്. ആർഎസ്എസിൻ്റെ മറുവാക്കാണ് ജമാഅത്ത് ഇസ്ലാമിയെന്നും ആരോപണം.
യെമനിൽ ഇസ്രയേൽ ആക്രമണം. യെമൻ തലസ്ഥാനമായ സനായിലാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. സനാ വിമാനത്താവളത്തിലാണ് ആക്രമണം. ഹൂതികളെ ലക്ഷ്യമിട്ടാണ് ആക്രമണം.
കൊല്ലങ്കോട് വിദ്യാർഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. കൊല്ലങ്കോട് രാജാസ് സ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപിക (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം കാളികാവ് മലമ്പാമ്പിനെ പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. അമ്പലക്കടവ് സ്വദേശി ഹമീദിനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി മലമ്പാമ്പിനെ പിടികൂടിയതിനാണ് കേസ്.