2025ലെ മികച്ച മലയാള സിനിമകൾ Source: News Malayalam 24x7
LOOKBACK 2025

ഇൻഡസ്ട്രി 'ഹിറ്റ്' അടിച്ചോ? 2025ലെ മികച്ച മലയാള സിനിമകൾ

കൊമേഷ്യൽ, ആർട്ട് ഹൗസ് എന്ന വേർതിരിവില്ലാതെ നല്ല ചില സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിയെന്നത് 2025ന്റെ സവിശേഷതയാണ്

Author : ശ്രീജിത്ത് എസ്

ഇന്ത്യൻ സിനിമാലോകം മലയാള ചലച്ചിത്രങ്ങളെ അത്ഭുതത്തോടെ നോക്കിക്കണ്ട മറ്റൊരു വർഷമാണ് 2025. ത്രില്ലറുകളും, ഫീൽ ഗുഡും, ഹൊററും, ഇമോഷണൽ ഡ്രാമകളുമായി 180ന് മുകളിൽ സിനിമകളാണ് തിയേറ്ററുകളിലേക്ക് എത്തിയത്. കേരളത്തിന് അപ്പുറത്തേക്കും ചർച്ചയായ ഒരു ഇൻഡസ്ട്രി ഹിറ്റ് ഈ വർഷം മലയാളത്തിന് ലഭിച്ചു. നവാഗത ചലച്ചിത്ര പ്രതിഭകളിൽ മലയാളികൾ പ്രതീക്ഷയുള്ള ഒരു ഭാവി സ്വപ്നം കണ്ട് തുടങ്ങി. കൊമേഷ്യൽ, ആർട്ട് ഹൗസ് എന്ന വേർതിരിവില്ലാതെ നല്ല ചില സിനിമകൾ പ്രേക്ഷകരിലേക്ക് എത്തി എന്നതും 2025ന്റെ സവിശേഷതയാണ്.

എന്നാൽ, മാസ് മസാല ഫ്ലേവറുകൾ നിറഞ്ഞ സിനിമകൾ കാണാൻ മലയാളി പ്രേക്ഷകർ ഇടിച്ചു കയറിയപ്പോൾ ഈ പറഞ്ഞ നല്ല സിനിമകളിൽ ചിലതിന്റെ പ്രദ‍ർശനം ആളില്ലാത്തതിനാൽ തടസപ്പെട്ടു എന്നതും മറക്കാൻ പാടില്ല. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫ് അലി, ടൊവിനോ എന്നിങ്ങനെ മുൻനിര താരങ്ങൾ സിനിമകളുമായി എത്തിയെങ്കിലും അതിൽ വിജയിച്ച ചിത്രങ്ങളിൽ അധികവും സ്ഥിരം ഫോർമുലയിൽ നിന്നവയായിരുന്നു എന്നതാണ് യാഥാർഥ്യം. അതിൽ മോഹൻലാൽ സിനിമകളാണ് മുൻപന്തിയിൽ. ലാൽ പ്രഭാവം പരമാവധി പ്രയോജനപ്പെടുത്തുന്നത് 'എമ്പുരാൻ' മുതൽ 'വൃഷഭ'വരെയുള്ള വ്യത്യസ്ത ഴോണറുകളിലുള്ള ചിത്രങ്ങളിൽ കാണാം. മോഹൻലാൽ എന്ന നടൻ, മോഹൻലാൽ എന്ന ബ്രാൻഡിന് പിന്നിലായിട്ടാണ് 2025ൽ ഓട്ടം അവസാനിപ്പിച്ചത്.

'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്', 'ബസൂക്ക' പോലുള്ള മമ്മൂട്ടി ചിത്രങ്ങൾ തിയേറ്ററുകളിൽ ഓളം ഉണ്ടാക്കാതെ പോയപ്പോൾ വർഷാവസാനം 'കളങ്കാവൽ' എന്ന ചിത്രത്തിൽ വില്ലനായി എത്തിയാണ് നടൻ കളം പിടിച്ചത്. "അജേഷാടാ, പി.പി. അജേഷ് " എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ് ബേസിൽ ജോസഫ് എന്ന നടൻ മലയാളിയെ ഞെട്ടിച്ചതും ഈ വർഷമാണ്.

പക്ഷേ, 2025 മലയാളത്തിലെ അഭിനേത്രികളുടേതായിരുന്നു എന്ന് വേണം പറയാൻ. പുതിയ ഭാഷയിൽ പറഞ്ഞാൽ, 2025 അവര് തൂക്കി! ലോക, വിക്ടോറിയ, ഫെമിനിച്ചി ഫാത്തിമ, തടവ്, തിയേറ്റർ: എ മിത്ത് ഓഫ് റിയാലിറ്റി പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി മലയാളത്തിന്റെ നടിമാർ ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യമായി. എന്നാൽ ഇതിൽ ബിഗ് ബജറ്റിൽ കൊമേഷ്യൽ മേക്കപ്പോടെ എത്തിയ 'ലോക' മാത്രമാണ് പ്രദർശന വിജയം നേടിയത്. 300 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട ചിത്രത്തിലെ നായിക കല്യാണി പ്രിയദർശൻ മാമൂലുകളെ തകിടം മറിച്ചു; ചില പ്രവചനങ്ങളേയും. മറുവശത്ത്, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും കേരളത്തിന് അകത്തും പുറത്തുമുള്ള ചലച്ചിത്ര മേളകളിലും തിളങ്ങിയ 'വിക്ടോറിയ', 'ഫെമിനിച്ചി ഫാത്തിമ', 'തടവ്', 'തിയേറ്റർ' എന്നീ ചിത്രങ്ങൾക്ക് അർഹിച്ച കളക്ഷൻ നേടിയെടുക്കാൻ സാധിച്ചില്ല. പരാജയപ്പെട്ടു എന്ന് തന്നെ പറയാം. പുതു സിനിമകളെ ഫെസ്റ്റിവലുകളിൽ താലോലിക്കുകയും തിയേറ്ററുകളിൽ തഴയുകയും ചെയ്യുന്ന പ്രവണത ഇത്തവണയും തുടർന്നു എന്ന് സാരം.

"ദീസ് മലയാളം മൂവീസ്, വൗ!" എന്ന് മറ്റ് ഭാഷകളിലെ സിനിമാ റിവ്യൂവേഴ്സും ചലച്ചിത്ര പ്രവർത്തകരും അത്ഭുതം കൊള്ളുമ്പോൾ അതിൽ അഭിരമിക്കുന്നത് മലയാള സിനിമയിലെ പരീക്ഷണങ്ങളെ പരിമിതപ്പെടുത്തുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞെട്ടിക്കുന്ന പ്ലോട്ട് ട്വിസ്റ്റുകൾ കൊണ്ടും സ്റ്റീരിയോടൈപ്പുകൾ തകർത്തും ചെറിയ ബജറ്റിൽ സാങ്കേതിക തികവുള്ള ചിത്രങ്ങൾ എടുത്തും നമ്മൾ ബോളിവുഡ് ഉൾപ്പെടെയുള്ള ഇൻഡസ്ട്രികളെ ഞെട്ടിക്കുന്നു എന്നത് സത്യമാണ്. പക്ഷേ, മലയാള സിനിമയിൽ ഈ വർഷം ഒരു പുതു തരംഗം ഉണ്ടോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്നാകും ഉത്തരം. ചില ഇളക്കങ്ങൾ മാത്രം! കഥയേയും പരിചരണത്തേയും ഭൂരിഭാഗം സിനിമകളിലും പഴയ കുറ്റിയിൽ തന്നെയാണ് തളച്ചിരിക്കുന്നത്. മാറ്റങ്ങൾ ഉപരിതലത്തിൽ മാത്രമായി ഒതുങ്ങുന്നു. ഇതിന് അപവാദം ആകുന്ന ചിത്രങ്ങൾ ഇല്ലെന്നല്ല. ഉണ്ട്! അവ ഏതോക്കെ എന്ന് നോക്കാം.

ഫെമിനിച്ചി ഫാത്തിമ

ഫെമിനിച്ചി ഫാത്തിമ

പൊന്നാനിക്കാരനായ ഫാസിൽ മുഹമ്മദിന്റെ ആദ്യ സിനിമ, 'ഫെമിനിച്ചി ഫാത്തിമ' (Feminist Fathima), സംസാരിച്ചത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയായ ഫാത്തിമയുടെ 'ഫെമിനിച്ചി' ആയുള്ള മാറ്റമാണ്. ആൺ മൂത്രം വീണ മെത്ത ഫാത്തിമയെ റെബൽ ആക്കിയപ്പോൾ തുല്യ വേതനം, ആത്മാഭിമാനം, അന്തസ് എന്നിവയെപ്പറ്റി സിനിമ വാചാലമായി. സ്ത്രീയെ ആശ്രിതയായി നിർത്തിയാൽ മാത്രമേ പുരുഷന്മാർക്ക് കുടുംബ ഭരണം സാധ്യമാകൂ എന്ന് വിചാരിക്കുന്നവർക്ക് കാതടച്ചുള്ള അടിയായിരുന്നു ഫെമിനിച്ചി ഫാത്തിമ.

എക്കോ

എക്കോ

ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും എഴുത്തുകാരനായ ഛായാ​ഗ്രഹകൻ ബാഹുൽ രമേശും വീണ്ടും തനി നിറം കാട്ടിയ ചിത്രമാണ് എക്കോ. ഒരു ഇക്കോഫെമിനിസ്റ്റ് സിനിമ. ‘ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ എന്ന ടാ​ഗ് ലൈനിലെത്തിയ ചിത്രം ഒരു സിം​ഗിൾ മാസ്റ്ററിലേക്ക് പെണ്ണിനെ വരിഞ്ഞുകെട്ടുന്ന ആണിനോടുള്ള കൂറിനെപ്പറ്റിയാണ് സംസാരിച്ചത്. സുരക്ഷ എന്ന മിഥ്യയിൽ സ്ത്രീകളെ തടങ്കലിൽ പാർപ്പിക്കുന്ന ഫോർമുല തുറന്നുകാട്ടുകയായിരുന്നു 'എക്കോ'. അതിന് മെറ്റഫറായതോ നായ്ക്കളും.

പൊന്മാൻ

പൊന്മാൻ

'നാലഞ്ച് ചെറുപ്പക്കാർ' എന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം, 'പൊൻമാൻ'. ബേസിൽ ജോസഫ് നായകനായ സിനിമയിൽ കൊല്ലമാണ് കഥാപരിസരം. ഇരുപത്തഞ്ച് പവൻ പൊന്നും, കള്ളും, കത്തിയും ഈ 'കൊല്ലം' കഥയെ കേട്ടകഥയാക്കി. ഈ ത്രില്ലർ ഡ്രാമയിലെ പി. പി. അജേഷ് എന്ന ബേസിൽ കഥാപാത്രം നടന്റെ റേഞ്ച് എന്താണെന്ന് നമുക്ക് കാട്ടിത്തന്നു.

ലോക ചാപ്റ്റർ വൺ: ചന്ദ്ര

ലോക ചാപ്റ്റർ വൺ: ചന്ദ്ര

'മിന്നൽ മുരളി'ക്ക് ശേഷം മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ മൂവി ലഭിച്ചു. ഇത്തവണ ഹീറോ അല്ല സൂപ്പർ ഹീറോയിനാണ്. കല്യാണി പ്രിയദർശൻ ചന്ദ്ര ആയി എത്തിയ 'ലോക ചാപ്റ്റർ വൺ' മലയാളിക്കും സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്സ് സമ്മാനിച്ചു. ചാത്തനും ഒടിയനും നീലിയും കത്താനാരും ഉള്ള ഒരു സൂപ്പർ ഹീറോ യൂണിവേഴ്സ്. സിനിമ തിയേറ്ററുകൾ കീഴടക്കി. 300 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് ഇൻഡസ്ട്രി ഹിറ്റായി. മലയാളത്തിന്റെ പെൺപെരുമയുടെ അടയാളമായി. സിനിമയുടെ സാങ്കേതിക തികവ് കണ്ട് ബോളിവുഡ് വായപൊളിച്ചു. ഇതെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതം കൊണ്ടു.

സർക്കീട്ട്

സർക്കീട്ട്

പ്രവാസം പലവട്ടം മലയാള സിനിമയിൽ പ്രമേയമായിട്ടുണ്ട്. എന്നാൽ, ആസിഫ് അലിയെ നായകനാക്കി താമർ കെ.വി ഒരുക്കിയ 'സർക്കീട്ട്' ആ ക്ലീഷേകളെ തകർത്തു. മരുഭൂമിയുടെ ചൂടും മരുപ്പച്ചയുടെ പ്രതീക്ഷയും പലവട്ടം ഈ സിനിമയിൽ അനുഭവപ്പെടും. സർക്കീട്ടിന് ബിഗ് ബജറ്റ് അവകാശവാദങ്ങളില്ല, ആഴമുള്ള കഥയിലുള്ള ആത്മവിശ്വാസം മാത്രമാണ് ചിത്രത്തിന്റെ കൈമുതൽ. ഈ 'സർക്കീട്ട് മനോഹരമാക്കിയത് ഓർഹാൻ എന്ന ബാലതാരവും ആസിഫ് അലി എന്ന പാകത വന്ന നടനുമാണ്.

റോന്ത്‌

റോന്ത്

രണ്ട് പോലീസുകാരോടൊപ്പം നമ്മളെ നൈറ്റ് പട്രോളിങ്ങിന് കൊണ്ടു പോകുകയാണ് ഷാഹി കബീറിന്റെ 'റോന്ത്'. 'ഇലവീഴാ പൂഞ്ചിറ'യ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്ത പൊലീസ് ഡ്രാമ. രണ്ട് പൊലീസുകാർക്ക് റോന്തിനിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ തുടർന്ന് അവരെ അധികാരകേന്ദ്രങ്ങൾ വലിഞ്ഞു മുറുക്കുന്നതുമാണ് 'റോന്ത്' പറഞ്ഞ കഥ. സ്ക്രീനിൽ പകുതിയിൽ അധിക സമയം നമ്മൾ കാണുന്നത് ദിലീഷ് പോത്തനും റോഷൻ മാത്യുവും അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളെയാണ്. സീനുകൾ കഴിയും തോറും അവരോട് നമ്മൾ അടുക്കും. അതു തന്നെയാണ് ക്ലൈമാക്സിൽ നമ്മളെ ഞെട്ടിക്കുന്നതും.

കളങ്കാവൽ

കളങ്കാവൽ

ട്രൂ ക്രൈം ആരാധകർക്ക് ഏറെ പരിചിതമായ ഒരു കഥയെ പരിചരണം കൊണ്ട് വ്യത്യസ്തമാക്കുകയായിരുന്നു കളങ്കാവൽ എന്ന ചിത്രത്തിൽ ജിതിൻ കെ ജോസ്. അതിന് സംവിധായകൻ ഉപയോ​ഗിച്ചത് രണ്ട് നടൻമാരെയാണ്. മമ്മൂട്ടിയും വിനായകനും. ഒരാൾ വിഷം ചീറ്റുന്ന പാമ്പ്. മറ്റൊരാൾ ഊണും ഉറക്കവും ഉപേക്ഷിച്ച് ആ പാമ്പിനെ കൊത്തിപ്പറിക്കാൻ കാത്തിരിക്കുന്ന നത്ത്. മമ്മൂട്ടിയുടെ സ്റ്റാൻലി ദാസ് എന്ന പ്രതിനായകൻ പത്തിവിരിച്ച് വിഷം തുപ്പിയപ്പോൾ കാണികൾക്ക് പുത്തൻ അനുഭവമായി. പ്രതിനായകനായി മമ്മൂട്ടി പതിവ് തെറ്റിച്ചില്ല എന്ന് വേണം പറയാൻ.

രേഖാചിത്രം

രേഖാചിത്രം

തുടക്കത്തിൽ പതിവ് കുറ്റാന്വേഷണ സിനിമ എന്ന് തോന്നാമെങ്കിലും ജോഫിൻ ടി ചാക്കോയുടെ 'രേഖാചിത്രം' മറ്റുചില കാര്യങ്ങൾ കൂടി കാണികളോട് പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, "മരണം ഒരു ഉറപ്പാണെന്നും അതിനേക്കാൾ വലിയ വേദനയാണ് കാത്തിരിപ്പ്" എന്നുമാണ്. ഈ ഡയലോഗിലുണ്ട് സിനിമയുടെ കാതൽ.

ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് രേഖ എന്നൊരു ജൂനിയർ ആർടിസ്റ്റിനെ കാണാതാകുന്നതും വർഷങ്ങൾക്ക് ശേഷം ആ കേസിൽ ഉണ്ടാകുന്ന ഒരു വഴിത്തിരിവുമാണ് സിനിമയുടെ ഇതിവൃത്തം. രേഖ എന്ന മമ്മൂട്ടിച്ചേട്ടന്റെ ആരാധികയുടെ കഥ ചുരുൾനിവരുമ്പോൾ പലവട്ടം സിനിമ നമ്മളെ അത്ഭുതപ്പെടുത്തുന്നു. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റി​ഗേഷൻ ത്രില്ലറിലേക്ക് സംയോജിപ്പിച്ച സംവിധായകൻ 'കാതോട് കാതോരം' ലൊക്കേഷനെ തന്റെ കഥയുടെ പശ്ചാത്തലമാക്കി. 80കളിലെ മമ്മൂട്ടിയെ, രേഖയുടെ മമ്മൂട്ടിച്ചേട്ടനെ നമുക്ക് മുന്നിലേക്ക് എത്തിച്ചു.

തുടരും

തുടരും

മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയ ചിത്രമാണ് തരുൺ മൂർത്തിയുടെ ഫാമിലി ഡ്രാമ, 'തുടരും'. ഒരു സാധാരണ ടാക്സി ഡ്രൈവറായി മുണ്ടുടുത്ത് കളിച്ച് ചിരിച്ച് മോഹൻലാൽ എത്തിയപ്പോൾ ആരാധകർ കയ്യടിച്ചു. ഒപ്പം ജോർജ് സാർ എന്ന പ്രകാശ് വർമയുടെ വില്ലൻ കൂടിയായപ്പോൾ ബോക്സ്ഓഫീസിൽ മോഹൻലാലിന്റെ ജൈത്രയാത്ര തുടർന്നു. കഥയുടേയും കഥാപാത്രങ്ങളുടേയും രണ്ടാം പകുതിയിലെ മാറ്റം കയ്യടക്കത്തോടെ അവതരിപ്പിക്കാൻ തരുൺ എന്ന സംവിധായകന് സാധിച്ചു. ഏറെക്കാലമായി ആരാധകർ കാണാൻ കൊതിച്ച മോഹൻലാലിനെ സമ്മാനിച്ചു എന്നത് തന്നെയാണ് തുടരും എന്ന സിനിമയുടെ പ്രത്യേകത.

ഡീയസ് ഈറെ

ഡീയസ് ഈറെ

മലയാളത്തിലെ ഹൊറർ ക്ലീഷേകളെ പൊളിച്ചെഴുതിയ രാഹുൽ സദാശിവന്റെ 2025ലെ ചിത്രം, 'ഡീയസ് ഈറെ'. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട സിനിമ. കഥാപാത്രങ്ങളിലൂടെയും ഇടങ്ങളിലൂടെയുമാണ് ഈ സിനിമയിൽ രാഹുൽ കാണികളെ പേടിപ്പിക്കുന്നത്. റോമൻ കാത്തലിക്ക് ചർച്ച് മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന 'ഡീയസ് ഈറെ' എന്ന മെലഡി അതിവിദഗ്ധമായി സംവിധായകൻ സിനിമയിൽ ഉപയോഗിച്ചു. ഈ മരണത്തിന്റെ മെലഡിയെ ഉന്‍മാദത്തോട് അടുത്ത പ്രണയവുമായാണ് 'ഡീയസ് ഈറെ' എന്ന ചിത്രം ചേർത്തുവച്ചത്. നിശബ്ദതയെ ഭേദിച്ച് എത്തിയ സിനിമയിലെ ചെറിയ ശബ്ദങ്ങൾ പോലും കാണികളെ ഭയപ്പെടുത്തി.

പടക്കളം

പടക്കളം

രസകരമായ ഒരു പരകായപ്രവേശത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം 'പടക്കളം'. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നീ തഴക്കം വന്ന ഹാസ്യനടന്മാർക്കൊപ്പം സന്ദീപ് പ്രദീപ് എന്ന യുവനടൻ കട്ടയ്ക്ക് നിന്ന ചിത്രം. നിരവധി പുതുമുഖങ്ങളും സുപ്രധാന വേഷത്തിൽ എത്തിയ സിനിമ, ഫൺ എന്റർടെയ്‌നർ എന്ന ഴോണറിനോട് നീതി പുലർത്തുന്നു. വരിഞ്ഞു മുറുകിയ മുഖങ്ങളിലേക്ക് അൽപ്പം ആകാംക്ഷയും ഒത്തിരി ചിരിയും 'പടക്കളം' കൊണ്ടുവന്നു.

SCROLL FOR NEXT