സ്പോർട്സിൽ വനിതകൾ തിളങ്ങിയ 2025 Source: News Malayalam 24X7
LOOKBACK 2025

നാല് ലോകകപ്പുകൾ, സ്പോർട്സിൽ ഇന്ത്യൻ വനിതകൾ തിളങ്ങിയ 2025

അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യൻ വനിതകൾ ആധിപത്യം ഉറപ്പിക്കുന്ന നാളുകളാണ് ഇനി വരാനുള്ളതെന്ന ശുഭപ്രതീക്ഷയാണ് ഇത് നൽകുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഇന്ത്യൻ കായിക രംഗത്ത് വനിതകൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമാണ് 2025. ആകെ നാല് ലോകകപ്പ് നേട്ടങ്ങളാണ് വനിതകൾ ഇന്ത്യക്കായി നേടിയത്. 2025 നവംബർ മാസത്തിൽ മാത്രം മൂന്ന് ലോകകപ്പുകളാണ് ഇന്ത്യയുടെ വനിതാ കായിക താരങ്ങൾ നേടിയെടുത്തത്. അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യൻ വനിതകൾ ആധിപത്യം ഉറപ്പിക്കുന്ന നാളുകളാണ് ഇനി വരാനുള്ളതെന്ന ശുഭപ്രതീക്ഷയാണ് ഇത് നൽകുന്നത്.

നവംബർ 2ന് ഹർമൻപ്രീത് കൗറിന് കീഴിലുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമാണ് ആദ്യം ലോകകപ്പ് നേടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യ ഏകദിന ലോകകപ്പായിരുന്നു ഇത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് നീലപ്പട സ്വന്തം നാട്ടിൽ ലോകകപ്പിൽ മുത്തമിട്ടത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ പെൺപുലികൾ തോൽപ്പിച്ചത്. വനിതാ ക്രിക്കറ്റ് അടക്കിവാണ ഓസീസിൻ്റെയും ഇംഗ്ലണ്ടിൻ്റെയും അപ്രമാദിത്തം തകർന്ന വർഷം കൂടിയാണ് കഴിഞ്ഞുപോകുന്നത്.

പിന്നീട് ഇന്ത്യയുടെ ബ്ലൈൻഡ് വനിതാ ക്രിക്കറ്റ് ടീമാണ് ചരിത്രത്തിലെ ആദ്യത്തെ ടി20 ലോകകപ്പ് നേടിയത്. ഈ വിഭാഗത്തിൽ ആദ്യമായി സംഘടിപ്പിച്ച ടൂർണമെൻ്റിലാണ് ഇന്ത്യൻ വനിതകൾ ജേതാക്കളായത്. നവംബർ 23ന് കൊളംബോയിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ വിശ്വജേതാക്കളായത്. ഫൈനലിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ നേപ്പാളിനെ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.1 ഓവറിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി ഖുല ഷരീർ 27 പന്തിൽ നിന്ന് 44 റൺസ് നേടി പുറത്താകാതെ നിന്നു.

അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് വീഴ്ത്തി ഇന്ത്യൻ പെൺപട ജേതാക്കളായി. നിർണായകമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിനാണ് നീലപ്പട തോല്‍പ്പിച്ചത്. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലയാളി വി.ജെ. ജോഷിതയും അംഗമായിരുന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക 82, ഇന്ത്യ 11.2 ഓവറില്‍ 84/1.

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന 2025 കബഡി ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. 2012ന് ശേഷം ഇന്ത്യ ഈ വിഭാഗത്തിൽ രണ്ടാമത്തെ ലോകകപ്പായിരുന്നു ഇത്. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 35-28 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്.

SCROLL FOR NEXT