LOOKBACK 2025

ഐസിസി കിരീടങ്ങൾ തേടി വന്ന വർഷം; ഇന്ത്യൻ ക്രിക്കറ്റിന് കരുത്താകുന്ന യുവതാരങ്ങളുടെ പട്ടാഭിഷേകം

ഡിസംബറിൽ ഒരു ടി20 മാച്ച് മാത്രം കളിച്ച് ലോകകപ്പ് ടീമിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത സഞ്ജു സാംസൺ എന്ന ബ്രാൻഡിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് വാസ്തവം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തും കൂട്ടരും സമഗ്രാധിപത്യം തുടര്‍ന്നപ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ പരാജയങ്ങൾ ടെസ്റ്റില്‍ നിന്ന് ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും അപ്രതീക്ഷിതമായ വിരമിക്കലിന് കാരണമായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കൂടുതൽ പിടിമുറുക്കുന്നതിന് കൂടി 2025 സാക്ഷ്യം വഹിച്ചു. രാഹുൽ ദ്രാവിഡിന് പകരമെത്തിയ ഗംഭീർ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീമുമായാണ് മുന്നോട്ട് പോകുന്നത്.

കൗമാരതാരം വൈഭവ് സൂര്യവന്‍ഷി താരോദയമായി ഉദിച്ചുയര്‍ന്നതും നായകനായി ഗില്ലിന്‍റെ പട്ടാഭിഷേകവുമെല്ലാം കണ്ട ഇന്ത്യൻ ക്രിക്കറ്റില്‍ ഈ വര്‍ഷം മലയാളി താരം സഞ്ജു സാംസണ് കാര്യമായി റോളില്ലാതെ പോയി. എങ്കിലും ഡിസംബറിൽ ഒരു ടി20 മാച്ച് മാത്രം കളിച്ച് ലോകകപ്പ് ടീമിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത സഞ്ജു സാംസൺ എന്ന ബ്രാൻഡിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് വാസ്തവം. ലോകകപ്പിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങാൻ സഞ്ജു കാത്തിരിക്കുകയാണ്. ക്യാപ്റ്റൻ കൂൾ ധോണിക്കൊപ്പം സഞ്ജു സാംസൺ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികളായ ആരാധകരെല്ലാം.

ഐസിസി ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും തല ഉയര്‍ത്തി നിന്ന് ഇന്ത്യൻ പുരുഷ ടീം ആരാധകരെ ത്രില്ലടിപ്പിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ കിരീടം ചൂടിയാണ് പുതുവര്‍ഷം ആരംഭിച്ചത്. ഒറ്റക്കളിയും തോൽക്കാതെയാണ് ഇന്ത്യ മൂന്നാം കിരീടം നേടിയത്. ചാംപ്യൻസ് ട്രോഫി ഏറ്റവും കൂടുതൽ തവണ നേടുന്ന ടീമെന്ന റെക്കോ‍ർഡും ഇന്ത്യ സ്വന്തമാക്കി.

ഫൈനലിൽ ഉൾപ്പെടെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ മൂന്ന് വട്ടം തോൽപ്പിച്ച ഇന്ത്യക്ക് ഓപ്പറേഷൻ സിന്ദൂറിന് പുറമെ അയൽക്കാരോട് പ്രതികാരം വീട്ടാനായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഏഷ്യാ കപ്പിൽ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ താരങ്ങളും പരിശീലകരും മാറി നിന്നതും വാർത്താപ്രാധാന്യം നേടി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാക് മന്ത്രിയുമായ മൊഹ്സിൽ നഖ്‍വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതെ സൂര്യകുമാർ യാദവും ക്രിക്കറ്റ് വേദി പ്രതിഷേധവേദി കൂടിയാക്കിയ സംഭവം മുൻപ് കേട്ടുകേൾവിയില്ലാത്തതാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടേയും വിരമിക്കലിന് പിന്നാവെ ശുഭ്മാൻ ഗിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി. വൈറ്റ് ബോൾ ക്രിക്കറ്റിൽ ആധിപത്യം തുടർന്നപ്പോഴും ടെസ്റ്റിൽ ഇന്ത്യ കനത്ത കനത്ത തിരിച്ചടി നേരിട്ടു. ഓസ്ട്രേലിയക്ക് എതിരായ ബോർഡർ-ഗവാസ്കർ ട്രോഫി കൈവിട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയോട് സ്വന്തം നാട്ടിലും നാണംകെട്ടു.

ഐപിഎൽ കിരീടത്തിനായുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ച വർഷം കൂടിയാണ് 2025. പഞ്ചാബ് കിംഗ്സിനെ ആറ് റണ്ണിന് തോൽപ്പിച്ചാണ് ആർസിബിയുടെ കിരീടം ചൂടിയത്. തൊട്ടുപിന്നാലെ ബെംഗളൂരുവിലെ വിജയാഘോഷത്തിനിടെ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് ക്രിക്കറ്റ് ലോകത്തിന് വലിയ നിരാശ സമ്മാനിച്ചു.

പതിനാലുകാരൻ വൈഭവ് സൂര്യവൻഷി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന കാഴ്ചകൾക്കും ക്രിക്കറ്റ് ലോകം സാക്ഷികളായി. ഐപിഎല്ലിലും സയ്യിദ് മുഷ്താഖലി ട്രോഫിയിലും വിജയ് ഹസാരെയിലും ഏഷ്യാ കപ്പിലുമെല്ലാം ബിഹാറുകാരൻ കുട്ടിത്താരം സെഞ്ച്വറി നേടി റെക്കോർഡുകൾ തിരുത്തുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് 150 സ്കോർ വൈഭവിൻ്റെ പേരിലാണ്. 190 റൺസുമായി സൂര്യശോഭയോടെ വൈഭവ് മിന്നിത്തിളങ്ങിയപ്പോൾ അരുണാചൽ പ്രദേശിനെതിരെ ബിഹാർ അടിച്ചെടുത്തത് 574 റൺസെന്ന ലോക റെക്കോർഡ് സ്കോറാണ്.

അതേ മാച്ചിൽ വെറും 32 പന്തിൽ സെഞ്ച്വറിയടിച്ച് സാക്കിബുൾ ഗാനി ലിസ്റ്റ് എ ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് സെഞ്ച്വറിയും നേടിക്കഴിഞ്ഞു. 33 പന്തിൽ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ്റെ ഇന്നിങ്സും 2025ൽ മറക്കാനാകാത്ത ഓർമകളാണ്. പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം ഫൈനലിൽ നേപ്പാളിനെ തകർത്തത് ഏഴ് വിക്കറ്റിന് തകർത്താണ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രതാപം കാത്തത്. ഇന്ത്യൻ വനിതകൾ ആദ്യമായി ഏകദിനത്തിൽ ലോക ചാംപ്യൻമാരായതും ഈ വർഷമാണ്. ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

SCROLL FOR NEXT