ഹുക്ക് ലൈനുകള്‍ കൊണ്ടും റീലുകള്‍ കൊണ്ടും ചലച്ചിത്ര ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസ്സും പ്ലേലിസ്റ്റും കീഴടക്കുന്ന കാലമാണിത്. മലയാള സിനിമയോടൊപ്പം പാട്ടുകളും ലോകമെമ്പാടും ഹിറ്റായ വര്‍ഷമാണ് 2025. പുതിയ പാട്ടുകള്‍ക്കൊപ്പം റെട്രോ ഗാനങ്ങളും, റാപ്പുകളും ഒരു പോലെ സ്വീകരിച്ച വര്‍ഷം. മലയാള സിനിമാസംഗീതത്തിന്റെയും ആസ്വാദനത്തിന്റെയും മാറ്റം കൂടി അടയാളപ്പെടുത്തിയാണ് 2025 കടന്നുപോകുന്നത്. ബോക്സ് ഓഫീസ് ഹിറ്റുകളായ ചിത്രങ്ങളിലെ ഗാനങ്ങള്‍ 'വൈബും' 'മൂഡും' ഒക്കെ സമ്മാനിച്ചപ്പോള്‍, റീ റിലീസുകള്‍ 90സിന്റെ നൊസ്റ്റുവിനൊപ്പം ജെന്‍സീകള്‍ക്കും ആവേശമായി. റെട്രോ ഗാനങ്ങള്‍ തലമുറഭേദമില്ലാത്ത ആഘോഷത്തിനാണ് വഴിതുറന്നത്. ഒരുപിടി യുവ സംഗീത സംവിധായകരെയും ഗായകരെയും കൂടി 2025 അടയാളപ്പെടുത്തി. ആകര്‍ഷകമായ വരികളും ഹൃദയസ്പര്‍ശിയായ ഈണങ്ങളും ട്രെന്‍ഡി ബീറ്റുകളും കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജനപ്രിയ ഗാനങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.
ഹൃദയം കവര്‍ന്ന 'ഹാര്‍ട്ട് അറ്റാക്ക് '
2025ന്റെ തുടക്കത്തില്‍ സംഗീതാസ്വാദകരുടെ ഹൃദയം ഉടക്കിയത് 'ഹാര്‍ട്ട് അറ്റാക്കില്‍' ആയിരുന്നു. പൈങ്കിളി എന്ന ചിത്രത്തിനായി വിനായക് ശശി കുമാര്‍ വരികളെഴുതി ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ട 'ഹാര്‍ട്ട് അറ്റാക്ക്' ഫെജോയാണ് പാടിയത്. ആഘോഷവേദികളിലേക്കും റീലുകളിലേക്കും പാട്ടിറങ്ങിച്ചെന്നു. അതിനൊപ്പം ആളുകള്‍ നൃത്തംവെച്ചു തുടങ്ങിയതോടെ പാട്ട് ഹിറ്റായി. ശ്രീജിത്ത് ബാബുവിന്റെ സംവിധാനത്തില്‍ സജിന്‍ ഗോപുവും അനശ്വര രാജനും മുഖ്യ കഥാപാത്രങ്ങളായ പൈങ്കിളി അത്രകണ്ട് ഏറ്റില്ലെങ്കിലും, മലയാളം ഇംഗ്ലീഷ് വരികള്‍ കൂടിക്കലര്‍ന്ന 'ഹാര്‍ട്ട് അറ്റാക്ക്' സമൂഹമാധ്യമങ്ങള്‍ കീഴടക്കി.
എന്തൊരു ചേലോടെ 'കണ്മണി പൂവേ'
സംഗീത പ്രേമികള്‍ ഈ വര്‍ഷം ഒരു പോലെ പാടുകയും കേള്‍ക്കുകയും ചെയ്ത പാട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'കണ്മണി പൂവേ' എന്ന പാട്ടാണ്. ബി.കെ. ഹരി നാരായണന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് ജേക്സ് ബിജോയ്. എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തില്‍ പിറന്ന ഫീല്‍ ഗുഡ് മെലഡി എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായി. പാട്ടിന്റെ തുടക്കത്തിലെ 'ചെമ്പഴുക്ക തൊട്ടെടുത്ത്'എന്ന കുട്ടികള്‍ പാടുന്ന ഭാഗം പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഈണത്തിലാണ് ഒരുക്കിയിരുന്നത്. തരുണ്‍ മൂര്‍ത്തി ആയിരുന്നു 100 കോടി ക്ലബ്ബില്‍ കയറിയ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍-ശോഭന ജോഡി വീണ്ടും സ്ക്രീനില്‍ എത്തിയ ചിത്രം കൂടിയായിരുന്നു തുടരും.
പ്രണയാര്‍ദ്രമായി 'മിന്നല്‍ വള'
മലയാളികള്‍ എല്ലാവരും ഈ വര്‍ഷം ഒരിക്കലെങ്കിലും മൂളിയ പാട്ടാണ്,'മിന്നല്‍ വള കൈയിലിട്ട പെണ്ണഴകേ'. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യ്ക്കായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് വരികളെഴുതിയത്. ജേക്സ് ബിജോയ് ആയിരുന്നു ഈണമൊരുക്കിയത്. ഏറെ ഹൃദ്യമായ വരികള്‍ക്ക് ശബ്ദം നല്‍കിയത് സിദ് ശ്രീറാമും സിത്താര കൃഷ്ണകുമാറും. പലരുടെയും പ്ലേ ലിസ്റ്റില്‍ മികച്ച പ്രണയഗാനങ്ങളുടെ പട്ടികയില്‍ തന്നെ 'മിന്നല്‍ വള' ഇടംപിടിച്ചു. മുത്തങ്ങ സമരത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു നരിവേട്ട. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി റാപ്പര്‍ വേടന്റെ ഒരു റാപ്പും പുറത്തുവന്നിരുന്നു. പാട്ടരേ കൂട്ടരേ മണ്ണ് കാത്തോനേ... എന്ന് തുടങ്ങുന്ന വാടാ വേടാ എന്ന റാപ്പും ആളുകള്‍ ഒന്നടങ്കം ഏറ്റെടുത്തു.
ജ്യോതി നൂറാന്റെ 'തനി ലോക മുറക്കാരി'
കേരളത്തിനകത്തും പുറത്തും തരംഗമായ ചിത്രമായിരുന്നു ലോക: ചാപ്റ്റര്‍ 1. ചിത്രത്തോടൊപ്പം പ്രേക്ഷകരില്‍ ഓളം സൃഷ്ടിച്ച ഒരു റാപ്പ് ഗാനമായിരുന്നു 'തനി ലോക മുറക്കാരി'. നൂറാന്‍ സിസ്റ്റേഴ്സിലെ ജ്യോതിയുടെ മലയാള അരങ്ങേറ്റം കൂടിയായിരുന്നു 'തനി ലോക മുറക്കാരി'. ദാത്തേ നെറന്താളേ... ലോകോരുള്ളമുറന്താളേ എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതിയത് മുഹ്‌സിന്‍ പരാരിയായിരുന്നു. ഈണമൊരുക്കിയത് ജേക്സ് ബിജോയിയും. തമിഴ്, മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകള്‍ ചേര്‍ന്നുള്ള പാട്ടിന്റെ ഇംഗ്ലീഷ് ഭാഗം പാടിയത് റെബിള്‍ ആയിരുന്നു. ലോകമെമ്പാടുമായി 300 കോടി വാരിക്കൂട്ടിയ ആദ്യ മലയാള ചിത്രമെന്ന പേരും ലോക സ്വന്തമാക്കിയിരുന്നു.
പ്രേക്ഷകര്‍ പിന്നെയുംപിന്നെയും കേട്ട 'അഞ്ചനമണി'
ആദ്യ കേള്‍വിയില്‍ തന്നെ ആരാധകരെ ചേര്‍ത്ത ഒരു വൈക്കം വിജയലക്ഷ്മി ഹിറ്റായിരുന്നു ഇന്നസെന്റ് എന്ന സിനിമയിലെ 'അഞ്ചനമണി കട്ടിലുമ്മെ' എന്ന ഗാനം. നാടന്‍ ശീലിനും ഈണത്തിനുമൊപ്പം വിജയലക്ഷ്മിയുടെ ശബ്ദം കൂടിയായപ്പോള്‍ പാട്ട് ആളുകള്‍ ഏറ്റെടുത്തു. ജെയ് സ്റ്റെലാറും ശ്രീരാഗ് സുരേഷും ചേര്‍ന്നാണ് പാട്ടിന് പിന്നണി ഒരുക്കിയത്. റീലുകളിലും സമൂഹമാധ്യമങ്ങളിലും പാട്ട് നിറഞ്ഞുനിന്നു.
ആഘോഷമാക്കി ഓണം മൂഡ്
സ്ഥിരം ഓണപ്പാട്ടുകള്‍ കേട്ടു മടുത്ത മലയാളികള്‍ക്ക് ഈ ഓണത്തിന് മൂഡ് ഒരുക്കിയത് വിനായക് ശശികുമാറും സംഗീത സംവിധായകന്‍ ബിബിന്‍ അശോകും ചേര്‍ന്നായിരുന്നു. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന ചിത്രത്തിനായൊരുക്കിയ ഏത് മൂഡ്... ഓണം മൂഡ് എന്ന പാട്ട് ഓണക്കാലം അപ്പാടെ തൂക്കി. സമൂഹമാധ്യമങ്ങളിലൊന്നാകെ നിറഞ്ഞുനിന്ന പാട്ടിന് ശബ്ദം നല്‍കിയത് ഫെജോ ആയിരുന്നു. റംസാന്‍ മുഹമ്മദിന്റെ നൃത്തചുവടുകള്‍ കൂടി ആയതോടെ, ആഘോഷനിമിഷങ്ങളില്‍ സംഗീതപ്രേമികള്‍ ഒന്നടങ്കം ചോദിച്ചു; 'ഏത് മൂഡ് '?
ഹുക്ക് ലൈനിലും ഹുക്ക് സ്റ്റെപ്‌സിലും നിറഞ്ഞ പാട്ടുകള്‍
ഹുക്ക് ലൈനുകള്‍ കൊണ്ട് പാട്ടുകള്‍ ശ്രദ്ധേയമാകുന്ന ഈ കാലഘട്ടത്തില്‍ പാട്ടിലെ ചില വരികള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ചലചിത്ര ഗാനങ്ങളും 2025ലുണ്ട്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയിലെ 'അല്‍വ കണ്ണാലെ', അഭിലാഷം എന്ന ചിത്രത്തിലെ 'തട്ടത്തില്‍ തഞ്ചത്തില്‍', ഓടും കുതിര ചാടും കുതിരയിലെ 'ദുപ്പട്ടവാലി' യും ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പ്രേക്ഷകര്‍ തിരഞ്ഞെടുത്തപ്പോള്‍ ബള്‍ട്ടിയിലെ 'ജാലക്കാരി'യും അതി ഭീകര കാമുകനിലെ 'പ്രേമവതിയും' മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
റെട്രോ/വിന്റേജ് ഗാനങ്ങള്‍ വാഴുന്ന പ്ലേ ലിസ്റ്റുകള്‍
90സ് കിഡ്സും ജെന്‍ സീയും ഒരു പോലെ ആസ്വദിച്ച പാട്ടുകളില്‍ റാപ്പുകള്‍ മാത്രമല്ല പണ്ടു കാലത്ത് കോളിളക്കം സൃഷ്ടിച്ച ഗാനങ്ങളുമുണ്ട്. 1983ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തില്‍ ഇളയരാജ ഈണം നല്‍കി എസ്. ജാനകി ആലപിച്ച 'കിളിയെ കിളിയെ' എന്ന ഗാനം 2025ല്‍ പ്രേക്ഷകര്‍ കേട്ടത് ലോക: ചാപ്റ്റര്‍ 1 എന്ന സിനിമയിലൂടെയാണ്. ഇതു പോലെ 'ദേവദൂതര്‍ പാടി', 'ശാന്തമീ രാത്രിയില്‍' തുടങ്ങിയ പഴയ പാട്ടുകള്‍ 90സ് കിഡ്സിനോപ്പം ജെന്‍ സിയും ഏറ്റെടുത്ത് റെട്രോ പ്ലേലിസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
റി റീലീസുകളിലെ പാട്ടുകളും ആഘോഷത്തിന് മാറ്റ് കൂട്ടി. ഛോട്ടാ മുംബൈയിലെ രാഹുല്‍ രാജിന്റെ സ്കോറുകള്‍ തീയേറ്ററുകളെ ആഘോഷപ്പറമ്പാക്കി. രാവണപ്രഭുവിലെ സുരേഷ് പീറ്റേഴ്‌സിന്റെ പാട്ടുകളും ആഘോഷിക്കപ്പെട്ടു. ആകാശദീപങ്ങള്‍ സാക്ഷി എന്ന ദുഃഖാര്‍ദ്ര ഗാനത്തിനുപോലും പുതിയ പിള്ളേര്‍ സ്റ്റെപ്‌സിട്ടു എന്നതാണ് സത്യം.
വിന്റേജ് 'നിലാ കായും വെളിച്ചം'
വര്‍ഷാവസാനമെത്തുമ്പോഴും വിന്റേജ് ഗാനങ്ങള്‍ തന്നെയാണ് ട്രെന്‍ഡ്. ഡിസംബറില്‍ പുറത്തിറങ്ങിയ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത വിനായകന്‍-മമ്മൂട്ടി ചിത്രം കളങ്കാവലിലെ 'നിലാ കായും വെളിച്ചം ' എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഒരു ലൂപ്പ് പോലെയാണ് ആ പാട്ട് ആളുകളെ കീഴടക്കിയത്. പഴയ ഇളയരാജ സ്റ്റൈലിലാണ് ഈണവും ഓര്‍ക്കസ്ട്രേഷനും ആലാപനവും. വിനായക് ശശികുമാര്‍ എഴുതിയ തമിഴ് വരികള്‍ക്ക് മുജീബ് മജീദാണ് ഈണമൊരുക്കിയത്. സിന്ധു ഡെല്‍സണ്‍ എന്ന നവഗായികയുടെ ശബ്ദത്തിലാണ് പാട്ട് പിറന്നത്. ജാനകി, മിന്‍മിനി പോലുള്ള ഗായികമാരുടേതിന് സമാനമായ വോയ്സ് ടെക്ച്ചറാണ് സിന്ധു ഡെല്‍സണിന്റെ പാട്ടിന്റെ വശ്യത. സിന്ധുവും ശ്രീരാഗും പാടിയ മറ്റു പാട്ടുകളും ഇതേ ഗണത്തില്‍പ്പെടുന്നതാണ്. 2025 അവസാനിക്കുമ്പോള്‍, 'നിലാ കായും വെളിച്ചം' തന്നെയാണ് പ്ലേലിസ്റ്റ് ഭരിക്കുന്നത്.