വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊന്നും കുറവില്ലായിരുന്നു. ഭരണ, പ്രതിപക്ഷത്തിനുനേരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമൊക്കെ പതിവുപോലെ ഉയര്‍ന്നു. നേട്ടങ്ങളും കോട്ടങ്ങളും വിയോഗങ്ങളുമൊക്കെ തലക്കെട്ടുകളായി. ഗോപന്‍ സ്വാമിയുടെ സമാധി, ആശാ വര്‍ക്കര്‍മാരുടേത് ഉള്‍പ്പെടെ സമരങ്ങള്‍, ശബരിമല സ്വർണക്കൊള്ള, രാഹുല്‍ മാങ്കൂട്ടത്തില്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, അതിരാരിദ്ര്യ മുക്ത കേരളം, നടിയെ ആക്രമിച്ച കേസിലെ വിധി, വി.എസിന്റെയും ശ്രീനിവാസന്റെയും വിയോഗങ്ങളും തുടങ്ങി പാരഡിഗാന വിവാദം വരെ കേരളം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൂടെ....
സമാധിയില്‍ തുടങ്ങിയ വാര്‍ത്താവര്‍ഷം
2025ന്റെ തുടക്കത്തില്‍ കേരളം ശ്രദ്ധയോടെ വീക്ഷിച്ച വാര്‍ത്തകളിലൊന്ന് തിരുവനന്തപുരത്തു നിന്നായിരുന്നു. ബാലരാമപുരം ആറാലുംമൂട് സ്വദേശി ഗോപന്റെ മരണമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അച്ഛന്‍ സമാധിയായതോടെ, അടക്കം ചെയ്തെന്ന് മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് പ്രദേശവാസികള്‍ വിവരം അറിയുന്നത്. പരാതി ഉയര്‍ന്നതോടെ, പൊലീസ് ഇടപെട്ടു. കല്ലറ പൊളിക്കാന്‍ ഉത്തരവുണ്ടായെങ്കിലും, കുടുംബത്തിന്റെ എതിര്‍പ്പുണ്ടായി. വിഷയം ഹൈക്കോടതിയിലും എത്തി. ഒടുവില്‍ കല്ലറ പൊളിച്ച്, ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വഭാവിക മരണമാണെന്ന് കണ്ടെത്തിയതോടെ, അന്വേഷണം അവസാനിപ്പിച്ചു. 'ഗോപന്‍ സ്വാമി'യുടെ സമാധിയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകളുണ്ടായി. അമ്പലം പണിയുമെന്ന് പ്രഖ്യാപിച്ച് മക്കളും ഒരുകൂട്ടം ആളുകളും രംഗപ്രവേശം ചെയ്തതായിരുന്നു സംഭവത്തിന്റെ ടെയ്‌ല്‍ എന്‍ഡ്. സമാധി ട്രെന്‍ഡിങ് വാക്കായും മാറി.
ആശമാരുടെ സമരം
പ്രതിമാസ ഓണറേറിയം 21,000 രൂപ ആക്കുക, സമയബന്ധിതമായി വേതനം നല്‍കുക, ആശാവര്‍ക്കര്‍മാരെ ഔദ്യോഗികമായി തൊഴിലാളികളായി അംഗീകരിക്കുക, വിരമിക്കല്‍ പ്രായം 62 ആക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക,പെന്‍ഷന്‍ നല്‍കുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി പത്തിന് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങി. പലകാലങ്ങളായുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു കേരള ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരത്തിന്റെ ലക്ഷ്യം. രാപ്പകല്‍ സമരം, മുടിമുടിക്കല്‍ തുടങ്ങിയ ഘട്ടങ്ങള്‍ക്കൊടുവില്‍ നിരാഹാര സമരവും ആരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ പലതും തീരുമാനമില്ലാതെ പിരിഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ആശാസമരം ചര്‍ച്ചയായി.
266 ദിവസങ്ങള്‍ക്കൊടുവില്‍ നവംബര്‍ ഒന്നിനാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ആശാ വര്‍ക്കര്‍മാര്‍ അവസാനിപ്പിച്ചത്. ആശമാരുടെ ഓണറേറിയം 7000 രൂപയില്‍നിന്ന് 8000 ആയി ഉയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തിയതിനു പിന്നാലെയായിരുന്നു തീരുമാനം. വിരമിക്കല്‍ പ്രായം 62 ആക്കണമെന്ന ആവശ്യം അംഗീകരിച്ചതിനൊപ്പം, ആശമാരുടെ കുടിശ്ശിക തീര്‍ക്കുമെന്നും ഉറപ്പ് ലഭിച്ചിരുന്നു. മറ്റ് ആവശ്യങ്ങള്‍ നേടുന്നതുവരെ ജില്ലാതലത്തില്‍ സമരം തുടരുമെന്ന് അറിയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരം വിട്ടത്.
നിലമ്പൂരിലെ രാഷ്ട്രീയപ്പോര്
നിലമ്പൂര്‍ രാഷ്ട്രീയം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇടതു സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ രാഷ്ട്രീയ കളംമാറ്റമായിരുന്നു നിലമ്പൂരിനെ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കിയത്. കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ പയറ്റ് തുടങ്ങിയ അന്‍വന്‍ ഒടുവില്‍ ഇടതു മുന്നണിക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിതാവിനെ പോലെയാണെന്നു പറഞ്ഞു നടന്നിരുന്ന അന്‍വര്‍, പിണറായിസത്തിനെതിരെയും കളത്തിലിറങ്ങി. ദിനംപ്രതി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി. ആരോപണങ്ങള്‍ക്കൊടുവില്‍, മുന്നണി ബന്ധം ഉപേക്ഷിച്ച് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. കേരളത്തില്‍ പുതിയൊരു ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള) രൂപപ്പെട്ടു. പിന്നാലെ തമിഴ് കക്ഷിയായ ഡിഎംകെയുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ, സ്വന്തം ഡിഎംകെയുടെ ബാനറിലായി അന്‍വറിന്റെ പ്രതിഷേധം. യുഡിഎഫും വാതില്‍ അടച്ചതോടെ, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടി.
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി എം. സ്വരാജും, യുഡിഎഫിനായി ആര്യാടനും ഷൗക്കത്തും, സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറും കളത്തിലിറങ്ങി. അന്‍വര്‍ തോറ്റെങ്കിലും, അന്‍വര്‍ ഫാക്ടര്‍ യുഡിഎഫിന് അനുകൂലമായി, ജയം ഷൗക്കത്തിനൊപ്പം നിന്നു. ഒമ്പത് വര്‍ഷത്തിനുശേഷം യുഡിഎഫ് നിലമ്പൂര്‍ തിരിച്ചുപിടിച്ചു. വര്‍ഷം അവസാനിക്കുമ്പോള്‍, അന്‍വര്‍ യുഡിഎഫില്‍ എത്തുന്നു എന്നതാണ് ട്വിസ്റ്റ്.
വനിതാ റാങ്ക് ഹോൾഡർമാരുടെ ശയനപ്രദക്ഷിണം
വെള്ള പുതച്ചു കിടന്നും, ശരീരത്തില്‍ റീത്ത് വെച്ചും, കൈകാലുകള്‍ ബന്ധിച്ചും, പ്ലാവിലത്തൊപ്പി ധരിച്ചും, മുട്ടിലിഴഞ്ഞും, രക്തം കൊണ്ടെഴുതിയ പ്ലക്കാർഡ് ഉയര്‍ത്തിയും, ശയനപ്രദക്ഷിണം നടത്തിയുമുള്ള വേറിട്ട പ്രതിഷേധത്തിനും തലസ്ഥാനനഗരം സാക്ഷിയായി. ഓൾ കേരള വിമെൻ സിവിൽ ഓഫീസർ റാങ്ക് ഹോൾഡേഴ്‌സ് നേതൃത്വത്തിലായിരുന്നു ഏപ്രില്‍ ഒന്നിന് സമരം തുടങ്ങിയത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പരമാവധിപേർക്കു നിയമനം നൽകണം എന്നായിരുന്നു ആവശ്യം.
2024 ഏപ്രില്‍ 20നായിരുന്നു 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. അതില്‍ 337 പേര്‍ക്കായിരുന്നു നിയമന നിര്‍ദേശം ലഭിച്ചത്. സമരം തുടരവെ, റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന്റെ രണ്ട് ദിവസം മുന്‍പായി 45 പേര്‍ക്കു കൂടി അഡ്വൈസ് മെമോ അയച്ചു. റാങ്ക്പട്ടികയുടെ കാലാവധി തീർന്നതോടെയാണ് 18 ദിവസങ്ങള്‍ക്കിപ്പുറം ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.
രാഹുലന്മാരും ഹു കെയേഴ്സും
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു പോയവര്‍ഷം 'വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന' രാഷ്ട്രീയ നേതാവ്. കോണ്‍ഗ്രസ് യുവജനപ്രസ്ഥാനങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ രാഹുല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലുമെത്തി. എന്നാല്‍ ലൈംഗിക പീഡന, ഗര്‍ഭച്ഛിദ്ര ആരോപണങ്ങള്‍ രാഹുലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഒന്നിലേറെ സ്ത്രീകളും, ട്രാൻസ് യുവതിയും ആരോപണങ്ങളുമായി രംഗത്തെത്തി. അതിജീവിതമാരുടെ വെളിപ്പെടുത്തലുകളോട് 'ഹു കെയേഴ്സ്' മറുപടി പറഞ്ഞ രാഹുല്‍ കേസുണ്ടോ, പരാതിയുണ്ടോ എന്നിങ്ങനെ ചോദ്യങ്ങളും ഉന്നയിച്ചു.
പീഡനത്തിന്റെയും ശാരീരിക ഉപദ്രവത്തിന്റെയും, അശാസ്ത്രീയ ഗര്‍ഭച്ഛിദ്രത്തിന്റെയും തെളിവുകള്‍ ഉള്‍പ്പെടെ വാര്‍ത്തകളില്‍ നിറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി അയച്ച യുവതി മുഖ്യമന്ത്രിയെ കണ്ടും പരാതി നല്‍കി. ഇതോടെ, രാഹുല്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെ, രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി. എംഎല്‍എ ആയതിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു നടപടി. പൊലീസ് കേസെടുത്തതിനു പിന്നാലെ, ഒളിവുജീവിതം. മുന്‍കൂര്‍ ജാമ്യം കിട്ടിയപ്പോഴാണ് പിന്നീട് പൊങ്ങിയത്.
ആഗോള അയ്യപ്പസംഗമം
ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തിയ ആഗോള അയ്യപ്പസംഗമം പ്രധാന ചർച്ചാ വിഷയമായിരുന്നു. രാഷ്ട്രീയ വാദങ്ങളും മറുവാദങ്ങളും ചേര്‍ന്ന് സംഗമത്തെ മറ്റൊരു വിവാദ വിഷയമാക്കി. അയ്യപ്പഭക്തരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, വോട്ട് തട്ടാനുള്ള കുതന്ത്രമാണെന്നും ആയിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. അതേസമയം, സംഗമത്തെ പിന്തുണച്ച് എന്‍എസ്എസ് രംഗത്തെത്തി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിലാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. അതും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തി. വിശ്വാസ സംഗമയാത്ര നടത്തിയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ഇരു മുന്നണികളുടെയും നിലപാടുകളെ ചോദ്യം ചെയ്ത് ബിജെപിയും കളം നിറഞ്ഞതോടെ അയ്യപ്പനും വിശ്വാസവുമൊക്കെയായിരുന്നു വാര്‍ത്തകളെ സജീവമാക്കിയത്.
ശബരിമല സ്വർണക്കൊള്ള
ഇടതു സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയത് ശബരിമല സ്വര്‍ണക്കൊള്ള ആയിരുന്നു. ശ്രീകോവിലിലെ വാതിൽപ്പാളിയിലെ സ്വർണം കടത്തിക്കൊണ്ടുപോയി ഉരുക്കി, ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കവര്‍ന്നു എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. 2019ല്‍ വാതിലും ദ്വാരപാലക ശിൽപ്പങ്ങളും സ്പോൺസർ എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റി സ്വർണം പൂശി തിരിച്ച് സന്നിധാനത്ത് എത്തിച്ചു. 2025ല്‍, ദ്വാരപാലക ശിൽപ്പങ്ങള്‍ മങ്ങിയെന്നും, വീണ്ടും സ്വർണം പൂശാമെന്നും അറിയിച്ച് പോറ്റി ദേവസ്വം ബോർഡിനെ സമീപിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇക്കുറി ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല. വിഷയത്തില്‍ സ്പെഷ്യല്‍ കമ്മീഷണറും ഇടപെട്ടു. താന്‍ അറിയാതെയാണ് ഉരുപ്പടികള്‍ സ്വര്‍ണം പൂശാനായി ചെന്നൈയില്‍ കൊണ്ടുപോയതെന്ന് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംഭവം വിവാദമായതോടെ, വിഷയം അന്വേഷിക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തത്, സര്‍ക്കാരിനെയും പ്രതിരോധത്തിലായി. അന്വേഷണം നടക്കട്ടെയെന്നും, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കേസില്‍ വലിയ സ്രാവുകളിലേക്കും അന്വേഷണം നീങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഇഡിയും അന്വേഷിക്കുന്നുണ്ട്. സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന ബന്ധങ്ങളും, അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്നും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതി നിർദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചിട്ടുണ്ട്.
കേരളം അതിദാരിദ്ര്യ മുക്തം
രാജ്യത്തെ ആദ്യ ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയതാണ് 2025ലെ സുപ്രധാന സംഭവം. നവംബര്‍ ഒന്ന്, കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാരിന്റെയോ, സമൂഹത്തിന്റെയോ സഹായമില്ലാതെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളവരെയാണ് അതിദരിദ്രര്‍ എന്നുപറയുന്നത്. അത്തരത്തിലുള്ള ജനങ്ങളെ കണ്ടെത്തി അത് മറികടക്കുന്നതിനായി മൈക്രോപ്ലാൻ തയ്യാറാക്കി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് സംസ്ഥാനം സുപ്രധാന പ്രഖ്യാപനം നടത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യം തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം പദ്ധതി. അതനുസരിച്ച് 2021 ജൂലൈയില്‍അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന ഏജൻസി വഴി സര്‍വേ നടത്തിയാണ് 64,006 കുടുംബങ്ങളെ (1,03,099 വ്യക്തികള്‍) കണ്ടെത്തിയത്.
അതിജീവിതയുടെ പോരാട്ടത്തില്‍ വിധി
എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് കോടതി വിധി പറഞ്ഞു. ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ച കോടതി, പത്ത് പ്രതികളില്‍ ആറു പേര്‍ കുറ്റക്കാരാണെന്നും വിധിച്ചു. അതേസമയം, ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കുറ്റവിമുക്തരാക്കി. കേസില്‍ ഗുഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഉള്‍പ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. കുറ്റക്കാരായ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയതായി പാടെ വിമര്‍ശനമുയര്‍ന്നു. അതിജീവിതക്കൊപ്പമെന്ന് നിലപാട് ആവര്‍ത്തിച്ച സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കി. നിയമ പോരാട്ടം തുടരുമെന്ന് അതിജീവിതയും വ്യക്തമാക്കി.
മെസി വരും... വരില്ലേ... ?
കായിക പ്രേമികളെ ആവേശത്തിൻ്റെ കൊടുമുടി കയറ്റുകയും പിന്നാലെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തൊരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. മെസി വരും, അതും കേരളത്തിലേക്ക്... എന്നതായിരുന്നു കായികപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയത്. ഫുട്ബോൾ ഇതിഹാസത്തെ നേരിൽ കാണാൻ ആരാധകർ ഒന്നടങ്കം നാളുകൾ എണ്ണി കാത്തിരുന്നു. വരും വരാതിരിക്കില്ലെന്ന കായിക മന്ത്രിയുടെ ഉറപ്പ് കൂടിയായപ്പോള്‍, ആവേശം ഇരട്ടിച്ചു. നവംബറില്‍ മെസിയും സംഘവും സൗഹൃദ മത്സരത്തിനായി കേരളത്തില്‍ എത്തുമെന്നായിരുന്നു സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചിരുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ ലോകകപ്പ് ചാമ്പ്യന്മാര്‍ക്ക് എതിരാളികളാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, അര്‍ജന്റീന ടീം പുറത്തുവിട്ട ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. അംഗോള പര്യടനം മാത്രമായിരുന്നു അവര്‍ ചാര്‍ട്ട് ചെയ്തിരുന്നത്.
പിന്നാലെ, മെസിയും സംഘവും ഈ വര്‍ഷം വരില്ലെന്ന് സ്പോണ്‍സര്‍മാര്‍ അറിയിച്ചു. ഫിഫ അനുമതി ലഭിക്കാതിരുന്നതാണ് പ്രശ്നമായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ടീമിനായി സൗകര്യങ്ങള്‍ ഒരുക്കാത്തതും, മത്സരത്തിനുള്ള മുന്നൊരുക്കം നടത്താത്തതും ഉള്‍പ്പെടെ ആസൂത്രണത്തിലെ പോരായ്മയാണ് തിരിച്ചടിയായതെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. അതേസമയം, മെസിയും ഇന്റർ മയാമി ക്ലബിലെ സഹതാരങ്ങളും ലോകോത്തര ഫുട്ബോളർമാരുമായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മൂന്ന് ദിവസത്തെ പര്യടനത്തിനായി ഡിസംബറില്‍ ഇന്ത്യയിലെത്തി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു സംഘത്തിന്റെ പരിപാടികള്‍.
തദ്ദേശപ്പോരില്‍ കളംപിടിച്ച് യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു വര്‍ഷാവസാനത്തെ ചൂടുപിടിപ്പിച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ സെമി ഫൈനല്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഡിസംബറില്‍ 9, 11 ദിവസങ്ങളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കി. 941 ഗ്രാമപഞ്ചായത്തുകളില്‍ 505 പഞ്ചായത്തുകള്‍ യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫ് നേട്ടം 340ല്‍ ഒതുങ്ങി. എന്‍ഡിഎ 26 പഞ്ചായത്തുകളും സ്വന്തമാക്കി. 64 പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലായിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 79, എല്‍ഡിഎഫ് 63, സമനില 10 എന്നിങ്ങനെയാണ് നില. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു. ആകെ 86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 28 ഇടത്തായി ചുരുങ്ങി. രണ്ടിടങ്ങളില്‍ എന്‍ഡിഎ ജയിച്ചു. ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഫും ഒന്നു വീതം എൻഡിഎയും എൽഡിഎഫും വിജയിച്ചു.
പിഎംശ്രീ
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ തീരുമാനം വലിയ വിവാദമായി. മുന്നണിയെ അറിയിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പുന്നയിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സിപിഐഎം ദേശീയ നേതൃത്വവും ഇടപ്പെട്ട അനുരഞ്ജന നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള ഇടതു പാര്‍ട്ടികളുടെ നിലപാടില്‍ നിന്നുള്ള പിന്മാറ്റവും, മുന്നണി സംവിധാനത്തെ മറികടന്നുള്ള തീരുമാനവും അംഗീകരിക്കാനാവില്ലെന്ന് സിപിഐ ദേശീയ നേതൃത്വവും നിലപാടെടുത്തു. കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷവും നിലയുറപ്പിച്ചു. ഇതോടെ, പദ്ധതി മരവിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിന് എത്തേണ്ടിവന്നു.
വേടനും വിവാദങ്ങളും
വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതോടെയാണ് വേടനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ വേടന്റെ മാലയിലെ പുലി പല്ലിനെ ചൊല്ലിയും വിവാദം ഉയർന്നു. ഇതിനൊപ്പം ബലാത്സംഗക്കേസുകളും ഉയര്‍ന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറും, ലൈംഗികാതിക്രമം ആരോപിച്ച് ഗവേഷകയും പൊലീസില്‍ പരാതി നല്‍കി. കേസില്‍ ഹൈക്കോടതി വേടന് ജാമ്യം അനുവദിച്ചു. വിവാദങ്ങൾക്കിടെ, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേടന്‍ അര്‍ഹനായി. അത് മറ്റൊരു വിവാദത്തിനും വഴി തെളിച്ചു.
ബോബി ചെമ്മണ്ണൂര്‍ v/s ഹണി റോസ്
ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയ വാർത്തയും വലിയ രീതിയിൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെയായിരുന്നു ഹണി റോസ് പരാതിയുമായി രംഗത്തെത്തിയത്.
കപ്പല്‍ അപകടങ്ങള്‍
കേരളത്തിൽ സമുദ്രത്തിൽ നടക്കുന്ന അപകടങ്ങളും വലിയ ചർച്ചാ വിഷയമായി. ചരക്ക് കപ്പൽ അപകടങ്ങൾ, എംഎസ്‌സി എൽസ 3 ചരക്കു കപ്പൽ മുങ്ങിയ സംഭവം എന്നിവ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. കപ്പലിൻ്റെ ഇന്ധനം ചോർച്ചയെ ആശങ്കയോടെയാണ് ജനങ്ങൾ നോക്കിക്കണ്ടത്. അപകടത്തിന് പിന്നാലെ കേരളാ തീരത്ത് വാൻഹായി 503 എന്ന ചരക്ക് കപ്പൽ തീപിടിക്കുകയും ചെയ്തിരുന്നു.ബേപ്പൂര്‍ തീരത്ത് നിന്ന് 131 കിലോമീറ്റര്‍ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചത്. റോഡ് അപകടങ്ങള്‍ക്ക് പുറമേ, കപ്പല്‍ അപകടങ്ങളും അങ്ങനെ വാര്‍ത്തയില്‍ നിറഞ്ഞുനിന്നു.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രദ്ധിച്ചത്. ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അന്നു തന്നെ ഗോവിന്ദച്ചാമിയെ പിടികൂടിയിരുന്നു. ആഭ്യന്തരവകുപ്പിനെയും ജയില്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനെയും വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുന്ന തരത്തിലായിരുന്നു തുടര്‍ ചര്‍ച്ചകള്‍.
ആഗോള നിക്ഷേപകസംഗമം
നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവ വിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കൊച്ചിയിൽ നടത്തിയ ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപകസംഗമവും, കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഉദ്ഘാടനത്തിനും 2025 സാക്ഷ്യം വഹിച്ചു. വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് അനുമതി ലഭിച്ചതും ഈ വർഷമാണ്. വികസന രംഗത്തെ പുരോഗതിയുടെ വാര്‍ത്തകള്‍ക്കൊപ്പം, മലപ്പുറത്തെ കൂരിയാടും, കൊല്ലം കൊട്ടിയത്തും ദേശീയപാത തകർന്നുവീണതും പ്രധാന തലക്കെട്ടുകളായി.
ഭൂമിക്കായി പോരാടിയ മുനമ്പം
മണ്ണിനുവേണ്ടി പോരാട്ടം നടത്തിയ മുനമ്പത്തെ ഒരു കൂട്ടം മനുഷ്യരുടെ വർഷമായിരുന്നു ഇത്. തീരഭൂമിയുടെയും താമസ സ്ഥലങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. 414 ദിവസം നീണ്ടുനിന്ന ഭൂസമരം നവംബർ 30നാണ് അവസാനിപ്പിച്ചത്.
ഭാരതാംബ വിവാദം
ഇക്കാലത്തിനിടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാത്ത ഒരു വിവാദത്തിനും 2025 സാക്ഷ്യം വഹിച്ചു. ഭാരതാംബ വിവാദമായിരുന്നു അത്. ആർഎസ്എസ് ശാഖകളിൽ ഉപയോഗിച്ചിരുന്ന ഭാരതാംബ ചിത്രം ഗവർണർ ഔദ്യോഗിക പരിപാടിയിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ആരോഗ്യ രംഗം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തത തുറന്നു പറഞ്ഞ ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തലുകളും, തുടർന്ന് ആരോഗ്യ മേഖലയിലുണ്ടായ വാക് പോരുകൾക്കും കേരളം സാക്ഷ്യം വഹിച്ചു. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഹാരിസിനെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ രംഗത്തെത്തി. ഉപകരണങ്ങളുടെ അഭാവവും, ചികിത്സാപ്പിഴവുകളും പിന്നെയും തലക്കെട്ടുകളില്‍ നിറഞ്ഞു.
വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസ മേഖലയിലും വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല.സ്കൂൾ സമയമാറ്റവും, സൂംബാ വിവാദവും, ഗുരുപാദ പൂജയും എല്ലാം വിദ്യാഭ്യാസ മേഖലയിൽ ചർച്ചാ വിഷയമായി. സ്കൂളുകളിലെ സമയമാറ്റം മദ്രസയിൽ പോകുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് പറഞ്ഞു കൊണ്ട് മുസ്ലീം മത സംഘടനകൾ രംഗത്ത് വന്നു. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ പിന്തിപ്പിക്കുന്നതിനായി സ്കൂളുകളിൽ സൂംബ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനെയും, പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെയും എതിര്‍ത്ത് മുസ്ലീം സംഘടനകൾ രംഗത്തെത്തി. വിവാദങ്ങൾ അടങ്ങിയെന്ന് തുടങ്ങിയിടത്ത് ഒന്നു കൂടി തലയുർത്തി. കാൽ കഴുകൽ വിവാദമായിരുന്നു അത്. വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചതാണ് വിവാദത്തിന് കാരണമായത്.
മോഹൻലാലിന് ഫാൽക്കെ പുരസ്കാരം
ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ മലയാളം പിന്നെയും അംഗീകരിക്കപ്പെട്ടതിനൊപ്പം, മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനായി. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി മലയാളത്തിലേക്ക്. അടൂർ ഗോപാലകൃഷ്ണനുശേഷം ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.
പാരഡി വിവാദം
കൊണ്ടും കൊടുത്തും ഉള്ളതാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ആക്ഷേപഹാസ്യവും, പാരഡിയുമൊക്കെയായി പാട്ടുകളും പുറത്തിറങ്ങാറുണ്ട്. അത്തരത്തിലൊരു പാരഡിഗാനമാണ് ഇക്കുറി വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള പശ്ചാത്തലമാക്കി പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പഭക്തിഗാനത്തിന്റെ ഈണത്തില്‍ ഒരുക്കിയ പോറ്റിയെ... കേറ്റിയെ... എന്ന പാട്ട് യുഡിഎഫ് പ്രചാരണ ആയുധമാക്കി. സമൂഹമാധ്യമങ്ങളില്‍ പാട്ട് വൈറലായി. എന്നാല്‍, അയ്യപ്പനെയും ഭക്തരെയും അപമാനിക്കുന്നതാണ് പാരഡിഗാനം എന്ന് ചൂണ്ടിക്കാട്ടി പരാതിയെത്തി. ഇതോടെ, പാരഡിഗാനത്തിന്റെ പേരില്‍ കേസുമായി.
നഷ്ടങ്ങള്‍: വി.എസ്, ശ്രീനിവാസന്‍, സാനു മാഷ്...
വിവാദങ്ങള്‍ക്കും നേട്ടത്തിനുമൊപ്പം, ചില വിയോഗങ്ങളും പോയവര്‍ഷം തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നു. കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗമായിരുന്നു കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തത്. ജൂലൈ 21ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു നൂറ്റാണ്ടിന്റെ സമരജീവിതം എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. രാഷ്ട്രീഭേദമെന്യേ സാധാരണക്കാരും, വിവിധകക്ഷി നേതാക്കളും വിലാപയാത്രയില്‍ പങ്കാളിയായി. കനത്ത മഴയേയും ആർത്തിരമ്പുന്ന ആൾക്കൂട്ടത്തേയും സാക്ഷിയാക്കി ചരിത്രപുരുഷൻ ഈ ലോകത്തോട് വിട പറഞ്ഞു.
പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനു, നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവൻ നവാസ്, മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ, കാർട്ടൂണിസ്റ്റ് ചെല്ലൻ, എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ടി.ജെ.എസ്. ജോർജ്, മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസൻ എന്നിവരും 2025ന്റെ നഷ്ടങ്ങളായി.