2025ലെ ട്രെന്‍ഡുകള്‍  Source: News Malayalam 24X7
LOOKBACK 2025

വൈറല്‍ കളക്ടര്‍, ഷുക്കുമണി, ഡാം ഉൻ ഗിര്‍, ഹസ്‌കി ഡാൻസ്, ഹെൽത്തി കുട്ടന്‍... ട്രോള്‍, റോസ്റ്റ്, ട്രെന്‍ഡ് പിന്നെയിച്ചിരി ക്രഷും

ചിരിയും ചർച്ചയും പടർത്തിയ, മില്യണ്‍ കണക്കിന് ആളുകൾ ഏറ്റെടുത്ത ട്രെന്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Author : ലിൻ്റു ഗീത

ഡിജിറ്റൽ ലോകം സെക്കന്‍ഡുകൾക്കുള്ളിലാണ് മാറിമറയുന്നത്. പുതിയ പുതിയ ട്രെന്‍ഡുകള്‍ ഉണ്ടായിവരുന്നു, പോകുന്നു. അവയെല്ലാം നമ്മുടെ ജീവിതത്തെ പല തരത്തില്‍ സ്വാധീനിക്കാറുമുണ്ട്. ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും... ചിലത് നമ്മെ മോട്ടിവേഷന്‍ ചെയ്യിക്കും. എഐ, വൈറല്‍ ഡയലോഗുകള്‍, പാട്ടുകള്‍, ചലഞ്ചുകള്‍ എന്നിങ്ങനെ സമൂഹമാധ്യമങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വര്‍ഷം കൂടിയാണ് 2025.

കുംഭമേളയിലെത്തിയ മൊണാലിസ, ചിറാപുഞ്ചീ മഴയത്ത്.. തിരുവനന്തപുരം സബ്‌ കളക്‌ടർ ആൽഫ്രഡ് തുടങ്ങി ഡാൻസിങ് ഹസ്കിയും പൂച്ചാ സാറും 'സടക്ക് സടക്ക്' ഡാൻസ് ചലഞ്ചും ഷുക്കുമണിയും, ലബൂബുവും ബൺ മസ്‌കയും, ഡാം ഉൻ ഗിറുമെല്ലാം ഈ വർഷം നമ്മുടെ റീൽസുകൾ ഭരിച്ച മുതലുകളായിരുന്നു. ഒറിജിനലിനെ വെല്ലുന്ന റീമേക്കുകളും, റീമേക്കിനെ കളിയാക്കുന്ന ട്രോളുകളും വന്നതോടെ കയ്യടിച്ചും കമൻറ് ഇട്ടും ഷെയർ ചെയ്‌തും അവയെല്ലാം വൈറലായി. നിത്യജീവിതത്തിലെ പല സാഹചര്യങ്ങളിലും നമ്മൾ പോലും അറിയാതെ ഈ ട്രെൻഡുകൾ നമ്മൾ ഉപയോ​ഗിച്ച് തുടങ്ങി. ചിരിയും ചർച്ചയും പടർത്തിയ, മില്യണ്‍ കണക്കിന് ആളുകൾ ഏറ്റെടുത്ത ട്രെന്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

കുംഭമേള ജീവിതം മാറ്റിയ മൊണാലിസ

2025ൽ ജീവിതം തന്നെ മാറിയ ഒരാളാണ് കുംഭമേളയിൽ രുദ്രാക്ഷം വിൽക്കാനെത്തിയ മോണി ഭോസ്‌ലെ എന്ന പെൺകുട്ടി. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് സോഷ്യൽ മീഡിയ സെൻസേഷനായി, മൊണാലിസ ആയി മാറിയ കഥ 2025ലെ ഏറ്റവും വലിയ വൈറൽ സ്റ്റോറികളിൽ ഒന്നാണ്. ഒറ്റ ഫോട്ടോഗ്രാഫിലൂടെ മോണി സൈബറിടങ്ങളിലെങ്ങും മൊണാലിസ ആയി. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായിരുന്നു മോണിയുടെ ആകര്‍ഷണം. മധ്യപ്രദേശിലെ ഇന്‍ഡോറിൽ നിന്നുള്ള 16കാരിയുടെ ജീവിതം ഫെയറി ടെയ്ൽസ് പോലെയാണ് മാറിയത്.

ഇതാണോ പണിക്കര് പറഞ്ഞ കളക്ടർ!

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ സോഷ്യമീഡിയ ചർച്ച ചെയ്ത ഒരാളാണ് തിരുവനന്തപുരം സബ്‌ കളക്‌ടർ ഒ.വി. ആൽഫ്രഡ്. സമാധി വിവാദം കൊണ്ട് ഒരു ഉപയോ​ഗം ഉണ്ടായി എന്നും, ഇതാണോ പണിക്കര് പറഞ്ഞ കളക്ടർ എന്നുമൊക്കെ കളക്ടറെപ്പറ്റി വന്ന കമന്റുകൾ. ആൽഫ്രഡിനെ കുറിച്ചറിയാന്‍ നൈറ്റ് മുഴുവന്‍ പരതിയവരും, ഇൻസ്റ്റ​ഗ്രാം ഐഡി തപ്പി പോയവരുമുണ്ട്.

ചിറാപുഞ്ചീ മഴയത്ത്...

2025ലെ മഴക്കാലത്തെ സംഗീതാത്മകമാക്കിയ ഗാനമായിരുന്നു ചിറാപുഞ്ചീ മഴയത്ത് എന്നത്. ട്രാവൽ വ്ളോഗർമാരും പ്രകൃതി സ്നേഹികളും തുടങ്ങി മുഴുവനാളുകളും ഈ പാട്ട് ഉപയോ​ഗിച്ച് നിർമിച്ച റീൽസുകൾക്ക് കണക്കില്ല. മഴയ്ക്കും യാത്രയ്ക്കും ഇത്രയും വൈബ് നൽകിയ ഗാനം 2025ൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സുഹൈൽ കോയയുടെ വരികൾ നിഹാൽ സാദിഖ്, ഹനാൻ ഷാ എന്നിവരുടെ ശബ്‌ദത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായ ഓളം ഒന്ന് വേറെ തന്നെയായിരുന്നു.

വാട്ടർ ഗ്ലാസ് മാജിക്

ഈ വർഷം വെള്ളത്തിൽ മഞ്ഞള്‍പ്പൊടി ഇടാത്ത ആളുകൾ കുറവായിരിക്കും. വാട്ടർ ഗ്ലാസ് മാജിക്, മഞ്ഞപ്പൊടി ട്രെൻഡ്, വാട്ടർ കളർ ട്രെൻഡ് എന്നൊക്കെയാണ് ഇത് അറിയപ്പെട്ടത്. ഒരു ചില്ല് ഗ്ലാസിൽ വെള്ളമെടുത്ത് അതിന് താഴെ മൊബൈൽ ടോർച്ച് ഓൺ ചെയ്‌ത് വച്ച്, ഗ്ലാസിലെ വെള്ളത്തിലേക്ക് മഞ്ഞൾപൊടി തൂവുന്നതാണ് സംഭവം. അപ്പോൾ വരുന്ന ലൈറ്റിങ് മാജിക്കാണ് കയ്യടി നേടിയത്. ഇതിനൊപ്പം ഓം ശാന്തി ഓം എന്ന ബോളിവുഡ് ചിത്രത്തിലെ മേ അഗര്‍ കഹൂം എന്ന ഗാനം കൂടി ചേർന്നപ്പോൾ വലിയ ഓളം തീർക്കാൻ ഈ ട്രെൻഡിനായി. ട്രെന്‍ഡ് പരീക്ഷിച്ച് പരീക്ഷിച്ച് വീട്ടിലെ മഞ്ഞള്‍പ്പൊടി തീർന്നതിലുള്ള പരാതി പറയുന്ന അമ്മമാരുടെ റീലുകളും, സ്റ്റോക്ക് തീർന്നെന്ന് പറയുന്ന കടക്കാരുടെ റീലുകളും ഇതോടൊപ്പം ​‍​ട്രെൻഡിങ്ങായി.

നമ്മൾ അനാഥരാണ് ഗുണ്ടകളല്ല...

മാധവ് സുരേഷിന് ‍ട്രോളുകൾ വാരിക്കോരി നൽകിയ ഒരു ഡയലോഗായിരുന്നു കുമ്മാട്ടിക്കളിയിലെ 'എന്തിനാടാ കൊന്നിട്ട്, നമ്മൾ അനാഥരാണ് ഗുണ്ടകളല്ല' എന്നത്. ചിത്രം ഇറങ്ങിയതുമുതൽ ട്രോൾ പെരുമഴയായിരുന്നു. പലരും റീൽ ചെയ്ത് ട്രോളി എന്ന് മാത്രമല്ല ഈ ഡയലോഗ് വച്ച് പാട്ടുവരെ ഇറക്കി. ആ പാട്ടിന് റീല്‍ ചെയ്ത് മാധവ് ഷെയറും ചെയ്തു. കൊച്ചു കുട്ടികൾ പോലും ഏറ്റെടുത്ത ഒന്നായിരുന്നു ഈ ഡയലോ​ഗ്.

6-7 ട്രെൻഡ്

2025ന്റെ പകുതിയോടെ ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനുകളെയും റീൽസുകളെയും ഒരുപോലെ കീഴടക്കിയ നിഗൂഢവും രസകരവുമായ ട്രെൻഡായിരുന്നു "6-7". എന്താണ് ഇത് എന്ന് അന്വേഷിച്ചവരും കുറവല്ല. യഥാർഥത്തിൽ വലിയ അർഥമൊന്നുമില്ലാത്ത ഒന്നായാണ് ഇത് തുടങ്ങിയതെങ്കിലും, ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഏതൊരു വൈറൽ വീഡിയോയുടെയും കമന്റ് സെക്ഷൻ എടുത്തു നോക്കിയാൽ അവിടെ വരിവരിയായി "6-7" എന്ന് കാണാം. എന്താണ് ഈ "6-7" എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് മറുപടിയായി വീണ്ടും "6-7" എന്ന് തന്നെ നൽകി അവരെ കൂടുതൽ വട്ടം കറക്കുക എന്നതാണ് ഇതിലെ തമാശ.

വിദേശ ഇൻഫ്ലുവൻസർമാരുടെ പേജുകളിൽ നിന്നാണ് ഇത് തുടങ്ങിയതെങ്കിലും വൈകാതെ മലയാളം പേജുകളിലെ കമന്റ് ബോക്സുകളും "6-7" കൊണ്ട് നിറഞ്ഞു. ഇൻസ്റ്റഗ്രാം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് മാത്രം മനസിലാകുന്ന ഒരു 'സീക്രട്ട് കോഡ്' പോലെ ഇത് മാറി. ഒന്നും മനസിലായില്ലെങ്കിലും, 6-7 കമന്റ് ചെയത് താനും ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡുകൾക്കൊപ്പം ആണെന്ന് തെളിയിച്ചവരും ഏറെയുണ്ട്.

ലബൂബു ട്രെൻഡ്

ചൈനീസ് ആർട്ട് ടോയ് കമ്പനിയായ പോപ്പ് മാർട്ട് പുറത്തിറക്കിയ ഈ ചെറു കളിപ്പാട്ടം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ തരം​ഗം ചെറുതൊന്നുമല്ല. ആദ്യ കാഴ്ചയിൽ തന്നെ ഹൃദയം കവർന്ന് പിന്നീടങ്ങോട്ട് ഒരു പെറ്റിനെ പോലെയായി ലബൂബു ഡോൾസ്. പച്ചക്കണ്ണുകളും വിചിത്രമായ പല്ലുകളും നിറഞ്ഞ ആ മുഖം കുട്ടികൾക്കായുള്ള കളിപ്പാട്ടമായി മാത്രമല്ല, ട്രെൻഡി കളക്ഷനായി ലോകമെമ്പാടും ആരാധകരെ നേടിയെടുത്തിരിന്നു. ബില്യണർമാരുടേയും സെലിബ്രിറ്റികളുടേയും കളക്ഷനിലെ പ്രധാന താരമായും ലബൂബു മാറി. എന്നാൽ പ്രശസ്തിക്കൊപ്പം വലിയ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. പാവ പ്രശ്നക്കാരാണെന്നും, ഇത് വാങ്ങിയതിനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ വന്നു തുടങ്ങിയെന്നും ഉള്‍പ്പെടെയായിരുന്നു പ്രചരണങ്ങള്‍.

ജെമിനി എഫക്‌ടും നാനോ ബനാനയും

2025ൽ ക്യാമറാമാന്മാരെക്കാളും തിരക്ക് ജെമിനിക്കായിരുന്നു. അത്ര ഡിമാൻഡായിരുന്നു ജെമിനിയുടെ എഐ ചിത്രങ്ങൾക്ക്. റെട്രോ സാരി ഫോട്ടോ, ഹഗ് മൈ യങ്ങർ സെൽഫ്, ഫ്യൂച്ചറിസ്റ്റിക് കേരളം, സ്റ്റുഡിയോ ഗിബ്‌ലി, ഡിസ്നി പിക്സാർ പോസ്റ്റർ, മിനി മീ, ക്ലേമേഷൻ എന്നിവയ്ക്കായി ജെമിനിയും മറ്റ് എഐ ടൂളുകളും നമുക്ക് വേണ്ടി പണിയെടുത്തു. ചുരുക്കത്തിൽ, 2025ൽ നമ്മൾ ക്യാമറയേക്കാൾ കൂടുതൽ ആശ്രയിച്ചത് ഇത്തരം ടൂളുകളെയായിരുന്നു.

ഷുക്കുമണി, എന്റെ ഷുണ്ടാപ്പി

ഒറിജിനൽ പൂച്ചകളുടെ വീഡിയോയിലാണ് തുടങ്ങിയതെങ്കിലും പങ്കാളികളും സുഹൃത്തുക്കളുമെല്ലാം ഏറ്റെടടുത്ത ഒന്നാണ് ഷുക്കുമണി ട്രെൻഡ്. 'നീ എന്താണ് എന്നോട് മിണ്ടാത്തത്. ഇപ്പോഴും നീ എൻ്റെ ഷുക്കുമണി തന്നെയാട്ടോ' എന്ന് തമാശയായെങ്കിലും നമ്മൾ ഈ വർഷം പറയാതിരുന്ന് കാണില്ല. ഇത് കൂടാതെ പൂച്ച സറും, ഇമോഷണൽ ക്യാറ്റ്സും തുടങ്ങി എഐ പൂച്ചകളുടെ റീലുകളും ഈ വർഷം സോഷ്യൽ മീഡിയ ഭരിച്ചു. സഹജീവികളെ കബളിപ്പിച്ച്, കുടുക്കിലിട്ട്, കൊല്ലുന്ന 'ഓറഞ്ച് പൂച്ച' സോഷ്യൽ മീഡിയയിൽ തരംഗമായതിനൊപ്പം മാതാപിതാക്കള്‍ക്ക് ആശങ്കയും സൃഷ്ടിച്ചു. തമാശ എന്നതിനപ്പുറം എഐ സാങ്കേതികവിദ്യയുടെ സാധ്യതകളും ദോഷങ്ങളുമൊക്കെ സാധാരണക്കാർക്ക് മനസിലാക്കി കൊടുത്ത വര്‍ഷമായിരുന്നു 2025.

ഹസ്‌കി ഡാൻസ്

പൂച്ച മാത്രമല്ല... പട്ടിയുമുണ്ട്... 2025ൽ ഇൻസ്റ്റഗ്രാം തൂക്കിയ ഐറ്റമായിരുന്നു ഹസ്‌കി നായയുടെ ഡാൻസ്. പണ്ട് ടോപ്പ് ട്രെൻഡിങ് ആയിരുന്ന, ഇപ്പോൾ കാണുമ്പോൾ 'അയ്യേ, ഇതെന്ത് ക്രിഞ്ച്' എന്ന് തോന്നുന്ന പഴയ ടിക്ടോക് വീഡിയോകളെയും റോസ്റ്റ് ചെയ്യാനാണ് ഡാൻസിങ് ഹസ്കിയെ ഉപയോ​ഗിച്ചത്. ആ റോസ്റ്റിന്റെ ഒടുവിൽ, ഒരു പ്രധാന ട്വിസ്റ്റ് പോലെ കിടിലം സ്റ്റെപ്പുമായി വരുന്നതാണ് ഡാൻസർ ഹസ്കി. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ, ഇച്ച് ഇച്ച്... എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഡാൻസർ ഹസ്കി ചുവടുവയ്ക്കുന്നത്.

വൈറൽ 'വാവ റാപ്പ്'

പ്രസവാനന്തര ശുശ്രൂഷയിലെ തെറ്റുകളെ എണ്ണിയെണ്ണി പറയുന്ന 'വാവ റാപ്പും' ഇക്കൊല്ലമാണ് നമ്മൾ ആഘോഷിച്ചത്. പരമ്പരാഗത രീതിയിലുള്ള പ്രസവാനന്തര ശുശ്രൂഷയിൽ നല്ല ഉദ്ദേശ്യത്തിൽ ചെയ്യുന്ന പലതും നവജാത ശിശുവിന് ആപത്കാരമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ബോധവൽക്കരണ വീഡിയോ ആയിരുന്നു 'വാവ റാപ്പ്'.

ക്ലാസിക് പാട്ടുകൾ

ക്ലാസിക് ഹിറ്റുകളുടെ തിരിച്ചുവരവായിരുന്നു ഈ വർഷത്തെ മറ്റൊരു ഹൈലൈറ്റ്. 'തകില് പുകില്..' എന്ന രാവണപ്രഭുവിലെ പാട്ടിന് വലിയ സ്വീകാര്യതയാണ് ഈ വർഷം ലഭിച്ചത്. 'ചേലക്കുറിമാനം പതക്കം നീലാ' എന്ന പഴയ കല്ല്യാണപ്പാട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഈ വർഷമായിരുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റികളക്കം നിരവധി പേരാണ് ഈ പാട്ടിന് ചുവട് വച്ച് രംഗത്തെത്തിയത്. തങ്കമകൻ എന്ന തമിഴ്‌ ചിത്രത്തിലെ 'വാ വാ പക്കം വാ... പക്കം വര വെക്കമാ' എന്ന ​ഗാനത്തിനും ഇക്കൊല്ലം മലയാളികൾ ചുവടുവച്ചു. 'ലവ് വിത്ത് കുലസ്‌ത്രീ' എന്ന മ്യൂസിക്കൽ വീഡിയോയും റീക്രിയേറ്റ് ചെയ്‌തു കൊണ്ട് പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഈ വർഷമായിരുന്നു. റാപ്പർ തിരുമാലിയുടേതാണ് കുലസ്‌ത്രീ.

ബൺ മസ്‌ക വിത്ത് ഇറാനി ചായ

ഫുഡ് വ്ളോഗർമാരും ഇൻസ്റ്റഗ്രാം ക്രിയേറ്റേഴ്സും ഒരുപോലെ ആഘോഷിച്ച ട്രെൻഡാണ് "ബൺ മസ്ക വിത്ത് ഇറാനി ചായ". 2025ൽ ഇത്രയും വലിയ വൈബ് നൽകിയ ഭക്ഷണം ഏതെന്ന് ചോദിച്ചാലും പറയാവുന്ന ഒന്നാണ് ബൺ മസ്ക വിത്ത് ഇറാനി ചായ! ചൂട് ചായയിലേക്ക് ബട്ടർ പുരട്ടിയ ബൺ മുക്കിയെടുക്കുന്ന ആ ഒരു സീൻ. അത് കാണാത്ത ഒരു റീൽസ് പ്രേമി പോലും ഈ വർഷം ഉണ്ടാവില്ല. റീല്‍സ് വൈറലായതോടെ, മുക്കിലും മൂലയിലുമെല്ലാം പുതിയ ബണ്‍ മസ്ക ഷോപ്പുകള്‍ തുറക്കപ്പെട്ടു എന്നതാണ് രസകരമായ യാഥാര്‍ഥ്യം.

എടാ ഹെൽത്തി കുട്ടാ...

ഇൻഫ്ലുവൻസർ ആഷിറും സംഘവും ഇറക്കിയ വീഡിയോയിൽ നിന്നാണ് ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ 'സ്ട്രെയ്ഞ്ചർ തിങ്സ്' സീരീസിലെ വില്ലൻ കഥാപാത്രം ഇളനീർ കുടിക്കുന്ന എഐ ചിത്രത്തിന് നെറ്റ്ഫ്ലിക്സ് ഇന്ത്യ 'എടാ ഹെൽത്തിക്കുട്ടാ' എന്ന കമന്റ് ചെയ്തതോടെ സംഭവം കത്തിക്കയറി.

ബാബു സ്വാമി...

സോഷ്യൽ മീഡിയ വൈറൽ താരം നാഗസൈരന്ധ്രിയുടെ വാക്കുകളില്‍ ഹിറ്റായ ഐറ്റമാണ് ബാബു സ്വാമി. ഒരു വേദിയിൽ നാഗസൈരന്ധ്രി ബാബു സ്വാമിയെ കുറിച്ച് സംസാരിക്കുന്നതാണ് ഒറിജിനൽ വീഡിയോ. എന്നാൽ പലരും ഇതെടുത്ത് റീ ക്രിയേറ്റ് ചെയ്‌തു. എന്തിനധികം നാഗയുടെ ബാബു സ്വാമി റാപ്പ് സോങ് ആയി വരെ ഇറങ്ങി.

ദുഃഖത്തിലും സങ്കടത്തിലും ആഘോഷത്തിലുമെല്ലാം സമൂഹമാധ്യമങ്ങളായിരുന്നു കൂട്ട്. എഐ ക്രിയേറ്റിവിറ്റികള്‍ ഉള്‍പ്പെടെ ടൈംപാസിനൊപ്പം, ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെയാണ് നിത്യജീവിതത്തില്‍ ഇടപെട്ടത്. ചിലതൊക്കെ കാണുമ്പോള്‍ 'എന്തിനായിരുന്നു ഇതൊക്കെ' എന്ന് തോന്നിപ്പിച്ചവയും ഏറെയുണ്ട്. ആശങ്കയുടെ തീ കോരിയിടുന്ന ഐറ്റങ്ങളും പാറിപ്പറന്നിരുന്നു. അതൊക്കെ 2025ല്‍ തീര്‍ന്നു. പുതിയ ഐറ്റം ലോഡിങ്ങാണ്. 2026ല്‍ അത് കളത്തിലിറങ്ങും. എല്ലാം മറന്ന് മലയാളികള്‍ അത് ആഘോഷിക്കും... ട്രോളും... റോസ്റ്റും... ‍ട്രെൻഡിനൊപ്പം പോകുകയും ചെയ്യും. ശരിയല്ലേ... ഷുക്കുമണി....

SCROLL FOR NEXT