2003ല്‍ സദ്ദാം ഹുസൈനെ കീഴടക്കിയ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം, പരമ്പരാഗത ഇസ്ലാമിക നിയമങ്ങളിലേക്ക് മടങ്ങാനുള്ള പല ശ്രമങ്ങളിലും ഇറാഖിൽ ഉണ്ടായിട്ടുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം എന്നിവ ശരിയാ നിയമത്തിന് വിധേയമാക്കണം എന്നായിരുന്നു തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രധാന ആവശ്യം. എന്നാല്‍ ശക്തമായ അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്ന് ഇത്തരം ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് മതനിയമമോ, കോടതി നിയമമോ തെരഞ്ഞെടുക്കാന്‍ പൗരന് അനുമതി നല്‍കിക്കൊണ്ടുള്ള ഇപ്പോഴത്തെ വിവാദ ഭേദഗതിയിലേക്ക് ഇറാഖ് നീങ്ങുന്നത്.
ഷിയ ഇസ്ലാമിസ്റ്റ് സഖ്യമായ 'കോർഡിനേഷൻ ഫ്രെയിം വർക്ക്' രൂപം നൽകിയ കരട് ഭേദഗതി ബില്ല്, ഓഗസ്റ്റ് 4ന് ഇറാനിലെ പാർലമെന്‍റിൽ അവതരിപ്പിച്ചത് സ്വതന്ത്ര എംപിയായ റേദ് അൽ-മാലിക്കാണ്. ഈ വർഷമാദ്യം പാർലമെൻ്റിൽ എൽജിബിടിക്യു വിരുദ്ധ ബില്ലിനെ പിന്തുണച്ച അതേ എംപി തന്നെയാണ് ഇയാൾ. കരടില്‍ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 15ല്‍ നിന്ന് ഒൻപതിലേക്ക് മാറ്റുന്നതിനുള്ള നിർദേശമാണ് ഏറ്റവും വിവാദമായത്.
അബ്ദുൾ കരീം ഖാസിം ഭരണകൂടം അവതരിപ്പിച്ച '1959ലെ വ്യക്തി നിയമ'ത്തിലാണ് ഭേദഗതിക്ക് ശ്രമം നടക്കുന്നത്. ഇറാഖി രാജവാഴ്ചയുടെ പതനത്തിന് തൊട്ടുപിന്നാലെ, മത അധികാരികളിൽ നിന്ന് ഭരണകൂടത്തിനും ജുഡീഷ്യറിക്കും പൗരനിയമത്തില്‍ അവസാന വാക്ക് നല്‍കിക്കൊണ്ടുള്ളതായിരുന്നു ഈ നിയമം. വിവാഹപ്രായം 18 ആയി നിശ്ചയിച്ചതടക്കം പുരോഗമനപരമെന്ന് കണക്കാക്കപ്പെടുന്ന നിയമനിർമാണമായിരുന്നു ഇത്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിന് നിയന്ത്രണം, ഭർത്താവ് രോഗിയാണെങ്കിലോ സാമ്പത്തിക സുരക്ഷ നല്‍കുന്നില്ലെങ്കിലോ വിവാഹ ബന്ധം വേർപെടുത്താന്‍ സ്ത്രീകള്‍ക്ക് അവകാശം, എന്നിങ്ങനെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് നിലവിലെ നിയമം സംരക്ഷണം നല്‍കുന്നു.
ഇറാനിലെ നിലവിലെ വ്യക്തി നിയമമനുസരിച്ച് 18 ആണ് നിയമപരമായ വിവാഹപ്രായമെങ്കിലും, അടിയന്തര സാഹചര്യങ്ങളില്‍ പിതാവിന്‍റെയും കോടതിയുടെയും അനുമതിയോടെ ലിംഗഭേദമില്ലാതെ 15 വയസ് മുതല്‍ വിവാഹം കഴിക്കാം. വിവാഹ പ്രായത്തില്‍ മാത്രമല്ല, നിയമപരമായ വിവാഹങ്ങളുടെ തന്നെ ഘടന പൊളിച്ചെഴുതുന്നതാണ് ബില്ല്. നിലവില്‍ 15 വയസ് മുതല്‍ പ്രായമുള്ളവരുടെ വിവാഹം കോടതി മുഖേന നിയമപരമാക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ അധികാരം മത സ്ഥാപനങ്ങള്‍ക്കും നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി. ഇതോടെ, ഒൻപത് വയസ് മുതല്‍ പ്രായമുള്ള പെൺകുട്ടികളുടെയും, 15 വയസ് പ്രായം മുതലുള്ള ആൺകുട്ടികുട്ടികളുടെയും വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനുള്ള അധികാരം ഷിയാ, സുന്നി മതസ്ഥാപനങ്ങള്‍ക്കും ലഭിക്കും. വിവാഹമോചനം അടക്കം വിഷയങ്ങളിലും കോടതിക്കുള്ള അതേ അധികാരം മതസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും. അതേസമയം, സുന്നി, ഷിയ ഇതര മതവിഭാഗങ്ങളെക്കുറിച്ച് ഭേദഗതിയില്‍ പരാമർശമില്ല.
സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാന്‍ ഈ നിയമം ഉപയോഗിക്കുമെന്ന ആരോപണങ്ങൾക്ക് മറുപടിയായി, ഇറാഖിലെ നിയമകർത്താക്കള്‍ പലവിധ വാദങ്ങൾ ഉയർത്തുന്നുണ്ട്. വിവാഹസമയത്ത് തന്നെ വൈവാഹിക ജീവിതത്തില്‍ കോടതി നിയമമോ, മതനിയമമോ, ഏത് പിന്തുടരണമെന്ന് ദമ്പതികള്‍ക്ക് തെരഞ്ഞെടുക്കാമെന്നാണ്. എന്നാല്‍, പുരുഷ നിയന്ത്രിത സമൂഹമായ ഇറാഖില്‍ സ്വാഭാവികമായും ഈ തീരുമാനം പുരുഷന്‍റേതാകും എന്നതാണ് പ്രശ്നം. പെണ്‍കുട്ടികളെ സാമ്പത്തിക ഭാരമായി കണ്ടും, വിവാഹേതര ബന്ധങ്ങളില്‍ നിന്ന് തടയാനും, പ്രായപൂർത്തിയാകും മുന്‍പ് തന്നെ വിവാഹിതരാക്കുന്നതാണ് ഇറാഖിലെ സാഹചര്യം. ഇറാഖില്‍ നടക്കുന്ന 28 ശതമാനം വിവാഹങ്ങളും ശൈശവ വിവാഹങ്ങൾ ആണെന്നാണ് അന്താരാഷ്ട്ര സംഘടനയായ യൂണിസെഫിന്‍റെ കണ്ടെത്തല്‍. 15 വയസിന് മുന്‍പ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത് ശിക്ഷാർഹമാണെങ്കിലും, ചെറിയ പിഴയടച്ച് വിഷയം ഒതുക്കി തീർക്കുന്നുവെന്ന യാഥാർഥ്യം പലതവണ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
മതനിയമത്തിലെ പഴുതുകൾ ഉപയോഗിച്ചുള്ള ഇത്തരം വിവാഹങ്ങളെക്കുറിച്ച്, ബിബിസി നടത്തിയ 'ദ ടീനേജർ ഹൂ മാരീഡ് ടൂ മെനി ടൈംസ് ടു കൗണ്ട്' അന്വേഷണത്തില്‍ കണ്ടെത്തിയത്, ഇറാഖില്‍ വന്‍തോതില്‍ ബാലചൂഷണം നടക്കുന്നുണ്ടെന്നാണ്. ഇറാഖി സിവില്‍ നിയമപ്രകാരം, വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം ശിക്ഷാർഹമാണ്. പെണ്‍കുട്ടിയുടെ പ്രായം 15ല്‍ താഴെയാണെങ്കില്‍ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ 'മുത്താ വിവാഹങ്ങള്‍' എന്നറിയപ്പെടുന്ന കരാർ വിവാഹങ്ങളിലൂടെ, ഒൻപത് വയസ് മുതലുള്ള കുട്ടികളുടെ വിവാഹം ഇറാഖില്‍ നടക്കുന്നു എന്നായിരുന്നു ബിബിസിയുടെ കണ്ടെത്തല്‍. നിയമത്തിന് മുന്നില്‍ കുറ്റകരമാണെങ്കിലും മതസ്ഥാപനങ്ങളുടെ അംഗീകാരത്തോടെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ ഇറാഖില്‍ വ്യാപകമാണെന്ന് റിപ്പോർട്ട് പറയുന്നു.
ദൈനംദിന ചെലവോ ജീവനാംശമോ നല്‍കേണ്ട ബാധ്യതയില്ലാതെ എപ്പോള്‍ വേണമെങ്കിലും ഭാര്യയെ ഉപേക്ഷിക്കാനുള്ള അനുമതിയടക്കം ഈ കരാർ പുരുഷന് നല്‍കിവരുന്നു. ഇത്തരം വിവാഹങ്ങളുടെ ഇരയാകുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം 12 വയസാണ്. കരാർ വിവാഹമാണെന്ന് പോലുമറിയാതെ വിവാഹിതരാകുന്നവരും ഇവരിലുണ്ടാകും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഒൻപത് വയസ് മുതലുള്ള വിവാഹം നിയമപരമാക്കാനും, മതസ്ഥാപനങ്ങള്‍ക്ക് കോടതിക്ക് സമാനമായ അധികാരം നല്‍കാനും നിയമഭേദഗതി നിർദേശിക്കുന്നത്.
നിയമപരമായി വിവാഹ കരാർ അവസാനിപ്പിക്കാനുള്ള തർക്കങ്ങളില്‍, സ്ത്രീയുടെ പക്ഷത്തുനിന്നുള്ള ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവുകളില്ലാത്ത പക്ഷം, പുരുഷന്‍റെ വാദത്തിന്മേലായിരിക്കും തീരുമാനം. വിവാഹ ബന്ധത്തിനുള്ളിലെ ബലാത്സംഗം കുറ്റകരമല്ലാതാകും. ഭർത്താവിന്‍റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് വീടുപേക്ഷിച്ച് പോകാനാകില്ല. എന്നിങ്ങനെ മനുഷ്യാവകാശ പ്രശ്നങ്ങളുയർത്തുന്ന പല മാറ്റങ്ങള്‍ വ്യക്തിനിയമത്തില്‍ നിർദേശിക്കുന്നതാണ് ഭേദഗതി.