NEWSROOM

ഇടത് കൈയിലെ നാല് വിരലുകള്‍ വിജയ ചിഹ്നം മാത്രമല്ല...; പോരാട്ടവീര്യത്തിന്റെ ബ്രസീലിയൻ മാതൃക

എതിരാളികള്‍ ലുലയുടെ കൈകളെ കണ്ടത് നഷ്ടപ്പെട്ട ഒരു വിരല്‍ എന്ന നിലയില്‍ മാത്രമായിരുന്നു. പക്ഷേ ബ്രസീലിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ അങ്ങനെയല്ല കണ്ടത്.

Author : ആസിഫ് മുഹമ്മദ്

ഗുരുവിന്‍റെ ദുരയില്‍ ഏകലവ്യന് നഷ്ടമായത് പെരുവിരലെങ്കില്‍ പണിയിടത്തിലെ അതിജീവനത്തിന്‍റെ വിശപ്പില്‍ ഇനാസിയോ ലുല ഡാ സിൽവയ്ക്ക് നഷ്ടമായത് അയാളുടെ ചെറുവിരലായിരുന്നു. അധ്വാനത്തിന്റെ മിച്ചമൂല്യമായ ആ അംഗഭംഗത്തെ പരിഹസിക്കുകയാണ് അറിവ് കെട്ടവരുടെ ലോകം. ആ ദേഹനിന്ദയെ അല്‍പ്പം ആഴത്തില്‍ പരതിയാല്‍ ലുലയുടെ തൊഴിലാളിപക്ഷ രാഷ്ട്രീയത്തിന്റെ ഉലയിലേക്ക് ചെന്ന് തൊടാം.

എതിരാളികള്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പോലും ആ ഒമ്പത് വിരലുകളുമായി കൂട്ടിക്കെട്ടി. അതുകൊണ്ട് തന്നെ ബ്രസീലിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നാലാം തവണയും വിജയം കുറിച്ച്, നാല് വിരലുകള്‍ മാത്രമുള്ള ആ ഇടത് കൈ ആകാശത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അത് കേവലമൊരു തെരഞ്ഞെടുപ്പ് വിജയചിഹ്നം മാത്രമല്ല. അധ്വാനിക്കുന്ന ലോക തൊഴിലാളി വര്‍ഗത്തിന്റെ ആത്മാഭിമാനത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. എതിരാളികള്‍ ആ കൈകളെ കണ്ടത് നഷ്ടപ്പെട്ട ഒരു വിരല്‍ എന്ന നിലയില്‍ മാത്രമായിരുന്നു. പക്ഷേ ബ്രസീലിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്ക് അത് ജീവിതത്തോട് മല്ലിട്ട് നേടിയ അതിജീവനത്തിന്റെ മുറിപ്പാടായിരുന്നു.

ബ്രസീല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നേയുള്ള അവസാന സംവാദത്തിലാണ് എതിര്‍ സ്ഥാനാര്‍ഥി കൂടിയായ തീവ്രവലതുപക്ഷ നേതാവ് ബോള്‍സൊനാരെ ലുലയെ ഏറ്റവും ഒടുവില്‍ ശാരീരികമായി അധിക്ഷേപിച്ചത്. ലുല ഒരു വിരല്‍ ബ്രസിലുകാര്‍ക്ക് കൊടുക്കുകയും ഒമ്പത് വിരലുകള്‍ കൊണ്ട് അവരില്‍ നിന്ന് കവര്‍ന്നെടുക്കുകയും ചെയ്തുവെന്നായിരുന്നു അധിക്ഷേപം. ഒരു ദിവസം പോലും അധ്വാനിക്കാത്തയാളാണ് ലുലയെന്നും പരിഹസിച്ചു. ലുലയുടെ ശാരീരിക വൈകല്യത്ത പരിഹസിച്ച് കൊണ്ടുള്ള ബോള്‍സൊനാരോയുടെ പരാമര്‍ശത്തിന് ശാന്തനായായിരുന്നു ലുലയുടെ മറുപടി. 1964 ല്‍ പതിനേഴാം വയസ്സില്‍ രാത്രിയില്‍ ഫാക്ടറിയില്‍ ജോലി ചെയ്തപ്പോള്‍ ആ വിരലുകള്‍ നഷ്ടപ്പെട്ട ചരിത്രം ലുല വിവരിച്ചു. സാവോ പോളോയിലെ മെറ്റല്‍ ഫാക്ടറിയില്‍ രാത്രി ഷിഫ്റ്റില്‍ പണിയെടുക്കവേ യന്ത്രങ്ങളില്‍പെട്ട് തകര്‍ത്ത് കളഞ്ഞ ആ ചെറുവിരലിന്‍റെ ശൂന്യതയിലേക്ക് നോക്കി ലുല സംസാരിച്ചു. തന്‍റെ ഫാക്ടറി തൊഴിലാളി അനുഭവത്തെക്കുറിച്ചും അതിന് മുമ്പ് നിലക്കടല വിറ്റും ഷൂ പോളിഷ് ചെയ്തും വയറ് നിറച്ചിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും ഒരിക്കല്‍ കൂടി ആ 81 കാരന്‍ വൈകാരികമായി സംസാരിച്ചു.

തന്‍റെ വൈകല്യത്തെ പരിഹസിച്ചതിനോടല്ല ഒരു ദിവസം പോലും അധ്വാനിക്കാത്തവന്‍ എന്ന പരാമര്‍ശത്തോട് മാപ്പ് പറയണമെന്നാണ് ആ സംവാദത്തില്‍ ലുല ആവശ്യപ്പെട്ടു. പരിഹസിച്ച അതേ ഷോയില്‍ മാപ്പ് പറഞ്ഞ് കൊണ്ട് ബോള്‍സൊനാരോ തലയൂരിയെങ്കിലും, ആ പരിഹാസം ലക്ഷക്കണക്കിന് തൊഴിലാളികളെ ലുലയുടെ പോരാട്ട വീര്യം ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി.

2026 ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിനായി പ്രത്യേകം തുന്നിയ നാല് വിരലുകളുള്ള കൈയുറ സമ്മാനിച്ചാണ് ആദരവ് രേഖപ്പെടുത്തിയത്. ഫാക്ടറി തൊഴിലാളികളെ അണിനിരത്തി അവരുടെ അവകാശപോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ബ്രസീലിന്റെ പരമാധികാര കസേരയിലേക്ക് ലുല നടന്ന് കയറിയത് പൂക്കള്‍ വിരിച്ച വഴികളിലൂടെയായിരുന്നില്ല. രാഷ്ട്രീയ ഗൂഢലോചനകളുടെയും ജയില്‍വാസങ്ങളുടെയും ക്രൂരമായ പീഡനങ്ങളെയും അതിജീവിച്ചാണ് ആ ജീവിതം ബ്രിസീലിയന്‍ മനസ്സില്‍ ഇടം പിടിച്ചത്.

ലോകം ഇന്ന് ആ കൈകളെ ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണ്. ബ്രസിലീന്റെ തെരഞ്ഞെടുപ്പ് ഗോധയില്‍ വിജയം കുറിച്ച് ആ നാല് വിരലുകളുള്ള ഇടത് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തുമ്പോള്‍ അതിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. നാലാം തവണയും ബ്രസിലീന്‍റെ മനസ്സില്‍ ഇടം പിടിച്ച ലുല എന്ന നേതാവ് അവരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ഇടത് ചിന്താധാരയിലുള്ളവരുടെയും പോരാട്ടത്തിന്‍റെ പ്രതീകമാണ്. ആ നാല് വിരലുകള്‍‌ക്കപ്പുറം അവശേഷിക്കുന്ന ശൂന്യത അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ചിഹ്നമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എല്ലാ രീതിയിലും പിന്തുണ നല്‍കിയിട്ടും അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ബ്രസീലിയന്‍ ജനത ലുലയെ ചേര്‍ത്ത് വെച്ചതും ആ പോരാട്ട വീര്യം കൊണ്ടാണ്. ഒമ്പത് വിരലുകാരന്‍ എന്ന പരിഹാസം എതിരാളികള്‍ ഇനിയും തുടരും. അധ്വാനവര്‍ഗ രാഷ്ട്രീയം ലുലക്കൊപ്പവും.

SCROLL FOR NEXT