വിദ്യാർഥി പ്രതിനിധികൾ 
NEWSROOM

ബംഗ്ലാദേശ്: ഇടക്കാല സര്‍ക്കാരിനായുള്ള പ്രാഥമിക പട്ടിക സമര്‍പ്പിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍

10 മുതല്‍ 15 വരെ അംഗങ്ങളുടെ ലിസ്റ്റാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥി നേതാവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് വിദ്യാര്‍ഥി മുന്നേറ്റ നേതാവ് നഹിദ് ഇസ്ലാം. ഇടക്കാല സര്‍ക്കാരിലേക്ക് വിദ്യാര്‍ഥി- പൗര പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിഡന്‍റിനു സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. 10 മുതല്‍ 15 വരെ അംഗങ്ങളുടെ ലിസ്റ്റാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥി നേതാവ് പറഞ്ഞു.


"രാഷ്ട്രീയ പാര്‍ട്ടികളോട് സംസാരിച്ചതിനു ശേഷമായിരിക്കും ലിസ്റ്റ് ഉറപ്പിക്കുക... അതിനായി 24 മണിക്കൂര്‍ വേണ്ടിവന്നേക്കും", നഹിദ് ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു.

നഹിദ് ഇസ്ലാമിനൊപ്പം 12 വിദ്യാര്‍ഥി പ്രതിനിധികളും ധാക്കാ സര്‍വകലാശാല പ്രഫസര്‍മാരായ ആസിഫ് നസ്‌റുള്‍, മുഹമ്മദ് തന്‍സിമുദ്ദീന്‍ ഖാന്‍ എന്നിവരുമാണ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. രാത്രി 7.15ന് ബംഗാബബനില്‍ ആരംഭിച്ച ചര്‍ച്ച നാലു മണിക്കൂര്‍ നീണ്ടു നിന്നു. മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ച ഇടക്കാല സര്‍ക്കാരിനെ ഉറപ്പിക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. നോബല്‍ സമ്മാന ജേതാവ് പ്രഫസര്‍ മുഹമ്മദ് യൂനസിനെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനും പ്രസിഡന്‍റ് സമ്മതിച്ചുവെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.


നിലവില്‍ ഒളിംപിക്‌സ് വേദിയായ പാരിസിലുള്ള യൂനസ് ഇന്നോ നാളെയോ ബംഗ്ലാദേശിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സമാധാനപരമായി നിലകൊള്ളാനും സര്‍ക്കാര്‍ സംവിധാനങ്ങളെയും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ എല്ലാവരോടും യൂനസ് ആഹ്വാനം ചെയ്തു. ട്രാഫിക് നിയന്ത്രിച്ചതിനും ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംരക്ഷിച്ചതിനും വിദ്യാര്‍ഥികളെ മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവന്മാരും അനുമോദിച്ചു.


SCROLL FOR NEXT