ഷെയ്ഖ് ഹസീന രാജ്യം ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ജയില്‍ മോചിതയായ സിയയെ അധികാരിയായി പട്ടാളം അവരോധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ ബംഗ്ലാദേശിന്‍റെ ഭാവിയെ നിര്‍ണയിക്കും
ഖാലിദ സിയ
പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശ് രാഷ്ട്രീയ ഭൂപടം തന്നെ മാറുകയാണ്. അവാമി ലീഗ് ശത്രു സ്ഥാനത്തു നിര്‍ത്തുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരത്തില്‍ വരാനുള്ള സാധ്യതകളുണ്ടെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗ്ലാദേശ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനു ശേഷം പ്രസിഡന്‍റിന്‍റെ ഓഫീസാണ് മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി അധ്യക്ഷയുമായ ഖാലിദ സിയ ജയില്‍ മോചിതയാകുന്ന വിവരം അറിയിച്ചത്. മൂന്ന് വട്ടം ബംഗ്ലാദേശ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സിയക്ക് രണ്ടു വട്ടമാണ് സര്‍ക്കാരിനെ നയിക്കാന്‍ സാധിച്ചത്.
ഷെയ്ഖ് ഹസീന രാജ്യം ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ജയില്‍ മോചിതയായ സിയയെ അധികാരിയായി പട്ടാളം അവരോധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ ബംഗ്ലാദേശിന്‍റെ ഭാവിയെ നിര്‍ണയിക്കും.
ആരാണ് ഖാലിദ സിയ?
• അവിഭക്ത ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയ ജനിച്ചത്. സിയയുടെ പങ്കാളി ലെഫ്റ്റ്‌നന്‍റ് ജനറല്‍ സിയാവുര്‍ റഹ്‌മാന്‍ 1977 മുതല്‍ 1981ല്‍ കൊല്ലപ്പെടുന്നതുവരെ ബംഗ്ലാദേശിന്‍റെ പ്രസിഡന്റായിരുന്നു. ക്രൂരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കുപ്രസിദ്ധനായിരുന്നു ഈ സൈനിക മേധാവി.
• 1991 ഖാലിദ സിയ ബംഗ്ലാദേശിന്‍റെ ആദ്യ വനിത പ്രധാനമന്ത്രിയായി. രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ ജമാ ഇ ഇസ്ലാമിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്.
• 1996ല്‍ സിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അവാമി ലീഗ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതിനാല്‍ ജയം അസാധുവായി. രണ്ടാം വട്ടം കേവലം 12 ദിവസം മാത്രമാണ് സിയയ്ക്ക് ഭരിക്കാന്‍ സാധിച്ചത്. അതിനു ശേഷം ഒരു കാവല്‍ സര്‍ക്കാരിനെ നയമിച്ച ശേഷം ജൂണില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ ജൂണിലെ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ ബിഎന്‍പിക്ക് സാധിച്ചില്ല. വിജയം അവാമി ലീഗിനൊപ്പമായിരുന്നു. ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി.
ALSO READ: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
• അഞ്ച് വര്‍ഷത്തിനു ശേഷം ഖാലിദ സിയ വീണ്ടും അധികാരത്തിലെത്തി. ബിഎന്‍പിയും നാല് സഖ്യ കക്ഷികളും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. 2006 ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങിയ സിയ ഒരു വര്‍ഷത്തിനു ശേഷം അഴിമതി ആരോപണങ്ങളില്‍ അറസ്റ്റിലായി. എന്നല്‍, മുന്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റെന്ന് അരോപിച്ചു.
• 2018ല്‍ സിയ അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരിയാണെന്ന് വിധി വന്നു. 17 വര്‍ഷമായിരുന്നു ശിക്ഷ. അതിനു ശേഷം സിയക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ നില തകര്‍ന്ന സിയ ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്.
ALSO READ: ഷെയ്ഖ് ഹസീന ; ബംഗ്ലാ ബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായപ്പോൾ..
തൊഴിലില്ലായ്മ രൂക്ഷമായ ബംഗ്ലാദേശില്‍ , പഴയ സംവരണ നിയമം വീണ്ടും അവതരിപ്പിക്കപ്പെട്ടതായിരുന്നു പ്രതിഷേധത്തിലേക്ക് എത്തിയത്. 1971ലെ വിമോചന സമരത്തില്‍ പങ്കാളികളായവരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതായിരുന്നു നിയമം. 2018ല്‍ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ സംവരണം നീക്കിയിരുന്നു. എന്നാല്‍, ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ജൂണ്‍ അഞ്ചിന് കോടതി വിധി വന്നത് യുവാക്കളില്‍ അരക്ഷിതാവസ്ഥ വളര്‍ത്തി. സംവരണത്തിന്‍റെ ആനുകൂല്യം ഭരണകക്ഷിയായ അവാമി ലീഗുകാര്‍ക്ക് മാത്രമാണെന്നായിരുന്നു അവരുടെ ആരോപണം. ധാക്ക സര്‍വകലാശാലയില്‍ തുടക്കമിട്ട വിദ്യാര്‍ഥി പ്രക്ഷോഭം മറ്റ് സര്‍വകലാശാലകളിലേക്കും പിന്നാലെ പൊതുജനങ്ങളിലേക്കും പടര്‍ന്നു. അതാണ് ഒടുവില്‍ ഷെയ്ഖ് ഹസീനയുടെ രാജിയില്‍ അവസാനിച്ചത്.