വെള്ളപ്പൊക്കവും ബാലവിവാഹവും തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ? ഉണ്ടെന്നാണ് പാകിസ്ഥാനിൽ നിന്നുള്ള ചില ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിൽ മൺസൂൺ മഴ പൊട്ടിപ്പുറപ്പെടാനിരിക്കെ, പണത്തിന് പകരമായി 14കാരിയായ ഷാമിലയേയും അവളുടെ 13 വയസുള്ള സഹോദരി ആമിനയേയും വിവാഹം കഴിപ്പിച്ച് അയച്ചതാണ് മാതാപിതാക്കൾ.
2022ലെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നുണ്ടായ സാമ്പത്തിക പിരിമുറുക്കം മറികടക്കാനായിരുന്നു ഈ പെൺകുട്ടികളുടെ കുടുംബം ഈ കടുംകൈ ചെയ്തതെന്ന്, ഷാമിലയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ എഎഫ്‌പിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടികളേക്കാൾ ഇരട്ടി പ്രായമുള്ള പുരുഷന്മാരുമായാണ് ഇവരെ രണ്ടുപേരെയും വിവാഹം കഴിപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പാകിസ്ഥാനിലെ ഉയർന്ന വിവാഹനിരക്ക് മുൻ വർഷങ്ങളിൽ താരതമ്യേന കുറവായിരുന്നു. എന്നാൽ 2022ലെ ഭയാനകമായ വെള്ളപ്പൊക്കത്തിന് ശേഷം, കാലാവസ്ഥാ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം, പാകിസ്ഥാനിലെ ബാലവിവാഹങ്ങൾ ഇപ്പോൾ വർദ്ധിച്ച് വരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
2022 വരെയുള്ള യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിൽ ബാലവിവാഹങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിച്ചിരുന്നു. എന്നാൽ 2022ലെ പ്രളയം ഇതെല്ലാം തകിടം മറിച്ചു. അതിന് ശേഷം രാജ്യത്തെ ബാലവിവങ്ങൾ ഒറ്റയടിക്ക് 18% വരെ കൂടിയിട്ടുണ്ട്.
പട്ടിണിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനായി, പാകിസ്ഥാനിലെ നിരവധി കുടുംബങ്ങൾ കണ്ടുപിടിച്ച മാർഗമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പണത്തിനായി വിവാഹം ചെയ്തു നൽകുകയെന്നത്. പല പെൺകുട്ടികളും വിവാഹം ചെയ്യുന്നത് അവരെക്കാളും ഇരട്ടിയിലധികം പ്രായമുള്ളവരെയാണ്. കുടുംബത്തിന്റെ അതിജീവനത്തിന് വേണ്ടി മാത്രമല്ല, പെൺമക്കളെ പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി കൂടിയാണ് അവരെ വിവാഹം ചെയ്ത അയക്കുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. 2022ൽ ഉണ്ടായ പ്രളയം ഡാഡു ജില്ലയെ ആണ് ഏറ്റവും കൂടുതലായി ബാധിക്കപ്പെട്ടത്. ഇവിടെ ബാലവിവാഹങ്ങളും കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്.
വിവാഹിതരാകുന്ന പെൺകുട്ടികൾക്ക് 13 , 14 വയസ് മാത്രമേ പ്രായമുള്ളൂ. എന്താണ് വിവാഹം എന്നതിനെപറ്റി യാതൊരുവിധ ധാരണകളുമില്ലാതെയാണ് വിവാഹ ജീവിതത്തിലേക്ക് എല്ലാവരും പ്രവേശിക്കുന്നത്. എന്തിനാണ് വിവാഹം കഴിച്ചതെന്ന് ചോദിച്ചാൽ, പുത്തനുടുപ്പുകളും സൗന്ദര്യവസ്തുക്കളും ലഭിക്കാനെന്ന് മാത്രമാണ് പലരും മറുപടി നൽകിയത്. ഈ പെൺകുട്ടികളെ വിവാഹം ചെയ്യാൻ വരുന്നവരാകട്ടെ കടം വാങ്ങിയാകും പെൺ വീട്ടുകാർക്ക് പണം കൊടുക്കുക. വിവാഹ ശേഷം ദാരിദ്ര്യം മൂലം, ഭർത്താവും കുഞ്ഞുമായി പെൺകുട്ടികൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയും വിരളമല്ല.
പെൺകുട്ടികളെ 18 വയസിന് മുന്നേ വിവാഹം ചെയ്തു നൽകുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. നിയമപരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസാണെങ്കിലും ചില പ്രദേശങ്ങളിൽ അത് 16 വയസാണ്. ഇത്തരത്തിലുള്ള നിയമങ്ങൾ പാകിസ്ഥാനിൽ പാലിക്കപ്പെടുകയെന്നത് വിരളമാണ്. വിവാഹം ചെയ്തയക്കുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷം പേരും ദുരിതപൂർണമായ ജീവിതമാണ് ജീവിക്കുന്നത്.