കോടതി ഉത്തരവ് മാനിക്കാതെ പട്ടിക ജാതി കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാൻ നീക്കം നടത്തുന്നതായി പരാതി. ഗുരുവായൂർ സ്വദേശി സി. രാജനാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഗുരുവായൂർ അർബൻ കോ-ഓപറേറ്റീവ് ബാങ്കിൽ നിന്നും എടുത്ത ലോണിലാണ് ഇപ്പോൾ ജപ്തി നടപടി ഉണ്ടായത്.
മകളുടെ വിവാഹത്തിനും വീട് നിർമിക്കുന്നതിനുമായാണ് 2019ൽ കാവീട് സ്വദേശിയായ രാജൻ ഗുരുവായൂർ അർബൻ കോ-ഓപറേറ്റീവ് ബാങ്കിൽ നിന്ന് 13 ലക്ഷം രൂപ വായ്പയെടുത്തത്. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങി. ഇതേ തുടർന്നാണ് സർഫേസി നിയമപ്രകാരം തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും, ഇത് വകവെയ്ക്കാതെ ബാങ്ക് അധികൃതരും പൊലീസും ജപ്തി നടപടികളുമായി എത്തിയെന്നാണ് രാജന്റെ പരാതി.
ഇക്കഴിഞ്ഞ അഞ്ചാം തീയതി ജപ്തി നടത്തുന്നതിന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും അന്ന് തന്നെ രാജന് അനൂകൂലമായ മറ്റൊരു ഇടക്കാല ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചു. ഇതേ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും, പൊലീസുകാരിൽ നിന്നും ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും തനിക്കും കുടുംബത്തിനും മോശമായ അനുഭവമാണ് ഉണ്ടായതെന്നാണ് രാജൻ പറയുന്നത്.
ഗുരുവായൂർ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി കമ്മീഷണർക്കാണ് രാജൻ പരാതി നൽകിയിരിക്കുന്നത്. ഇടക്കാല ഉത്തരവിൽ ഒരു മാസത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് രാജനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് പണം അടയ്ക്കാൻ ചെന്നെങ്കിലും ബാങ്ക് അധികൃതർ തുക സ്വീകരിക്കാൻ തയ്യാറായ്യില്ലെന്നാണ് രാജനും കുടുബവും ആരോപിക്കുന്നത്.