NEWSROOM

എംപോക്‌സ് കേസുകൾ വർധിക്കുന്നു; ഇന്ത്യൻ എയർപ്പോട്ടുകളിലും അതിർത്തികളിലും ജാഗ്രതാ നിർദേശം

ഇന്ത്യയിൽ ഇതുവരെ എംപോക്‌സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടും എംപോക്‌സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം പടരുന്നത് തടയാൻ കൂടുതൽ നടപടികളുമായി കേന്ദ്രം. എയർപോർട്ടുകൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്- പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും മുൻകരുതൽ നടപടികളുമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ എംപോക്‌സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡൽഹിയിലെ റാം മനോഹര്‍ ലോഹ്യ, സഫ്‌ദർജങ്, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് എംപോക്സ് രോഗികളുടെ ചികിത്സയ്ക്കും ക്വാറൻ്റീനുമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും എംപോക്‌സ് ചികിത്സയ്ക്കും, ക്വാറൻ്റീനിനുമായി ആശുപത്രികളും ടെസ്റ്റുകൾക്കായി ലാബുകളും തയ്യാറാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഈ ആശുപത്രികൾ രോഗവ്യാപനത്തെ കുറിച്ച് വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുന്ന നോഡൽ സെൻ്ററുകളായും പ്രവർത്തിക്കണം. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര അധ്യക്ഷനായി യോഗം ചേർന്നിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, 2022 മുതൽ ഇതുവരെ 99,176 എംപോക്‌സ് കേസുകളും, 208 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എംപോക്‌സ് കേസുകളിൽ 30 എണ്ണം ഇന്ത്യയിലായിരുന്നു. അവസാനമായി മാർച്ചിലാണ് ഇന്ത്യയിൽ ഒരാൾക്ക് എംപോക്‌സ് സ്ഥിരീകരിച്ചത്. 

SCROLL FOR NEXT