kolkata doctor (2) 
NEWSROOM

കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: സമരത്തിൽ പങ്കെടുത്ത 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി

നിലവിലെ സാഹചര്യത്തിൽ ഡോക്ടർമാരുടെ സേവനം തുടരേണ്ടതുണ്ടെന്നും അതിനാൽ ട്രാൻസ്ഫർ ഓർഡറുകൾ റദ്ദാക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്


കൊൽക്കത്തയിലെ പി ജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സമരത്തിൽ പങ്കെടുത്ത ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി. 42 പേരെ സ്ഥലം മാറ്റിയ ഉത്തരവാണ് ആരോഗ്യ വകുപ്പ് റദ്ദാക്കിയത്.

നിലവിലെ സാഹചര്യത്തിൽ ഡോക്ടർമാരുടെ സേവനം തുടരേണ്ടതുണ്ടെന്നും അതിനാൽ ട്രാൻസ്ഫർ ഓർഡറുകൾ റദ്ദാക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം അറിയിച്ചത്. പ്രമോഷന്റെ ഭാഗമായാണ് ഡോക്ടർമാരെ സ്ഥലം മാറ്റിയതെന്നും അതിനുള്ള നടപടി രണ്ട് മാസം മുൻപ് തുടങ്ങിയിരുന്നെന്നും സ്വരൂപ് നിഗം വ്യക്തമാക്കി.

ALSO READ: കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

അതേസമയം,  പ്രതി സഞ്ജയ് റോയിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നാർക്കോ അനാലിസിസ് പരിശോധന നടത്താനും സി ബി ഐ തീരുമാനിച്ചിരുന്നു. ഇതിനായി ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തിയിൽ എത്തിയിട്ടുണ്ട്.

ഇതിനിടെ പ്രതിഷേധം ശക്തമായതോടെ ആശുപത്രി പരിസരത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പരിസരത്ത് ധർണയോ റാലിയോ പാടില്ലെന്നാണ് കൊൽക്കത്ത പൊലീസ് അറിയിച്ചിരിക്കുന്നത്.  എന്നാൽ കൂടുതൽ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികൾക്ക് തൂക്കുകയർ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊൽക്കത്തിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും.

സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ആഗസ്ത് 9 നാണ് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

SCROLL FOR NEXT