രാഹുല്‍ ഗാന്ധി Source: X/ Rahul Gandhi
NATIONAL

"രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിൻ്റെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ സൈന്യം"; രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദമാകുന്നു

ബിഹാറിലെ കുതുംബയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

Author : ന്യൂസ് ഡെസ്ക്

പട്‌ന: രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം പേരുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ സൈന്യമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ബാക്കി 90 ശതമാനം വരുന്ന ജനങ്ങള്‍ക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും കോണ്‍ഗ്രസ് പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി എന്നും പോരാടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ബിഹാറിലെ കുതുംബയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ജാതീയമായ വേർതിരിവിനെ സൂചിപ്പിക്കുന്ന പരാമർശം വൻ ചർച്ചയായിട്ടുണ്ട്.

"സൂക്ഷിച്ച് നോക്കിയാല്‍ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദളിത്, മഹാദളിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളളവരാണെന്ന് കാണാന്‍ കഴിയും. 90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ നിന്നുളള ഒരാളെയും നിങ്ങള്‍ക്ക് കണ്ടെത്താനാകില്ല. അവരെല്ലാം ആ 10 ശതമാനം പേരില്‍ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവര്‍ക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവര്‍ക്കാണ് നിയന്ത്രണം," രാഹുല്‍ പറഞ്ഞു.

"ബാക്കിയുള്ള 90 ശതമാനം ജനങ്ങളും എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ ആ 90 ശതമാനം ജനങ്ങള്‍ക്കും അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. കോണ്‍ഗ്രസ് എന്നും പിന്നാക്കക്കാര്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്," രാഹുല്‍ ഗാന്ധി പറഞ്ഞു.

SCROLL FOR NEXT