ജമ്മു: ജമ്മു കശ്മീരിലെ ചഷോത്തിയിൽ വൻ മേഘവിസ്ഫോടനം. കിഷ്ത്വാറിന് സമീപമുള്ള പ്രദേശത്താണ് ഞെട്ടിക്കുന്ന പ്രകൃതി ദുരന്തം ഉണ്ടായത്. ഇതുവരെ 12 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തെ നിരവധി വീടുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ടെന്നാണ് ആദ്യ ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സിവിൽ, പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
കിഷ്ത്വാറിലെ മാതാ ചണ്ഡി ക്ഷേത്രത്തിലേക്ക് തീർഥാടനം നടത്തുന്നവരും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ചഷോത്തി പ്രദേശത്ത് ഉണ്ടായ വൻ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു. ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാവും പ്രാദേശിക എംഎൽഎയുമായ സുനിൽ കുമാർ ശർമ്മയാണ് വിവരം തന്നെ അറിയിച്ചതെന്നും കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമ്മയുമായി സംസാരിച്ചെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
"വിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടങ്ങൾ വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവർത്തന, മെഡിക്കൽ മാനേജ്മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. എന്റെ ഓഫീസിന് പതിവായി അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകും," ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു.