ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പതിനഞ്ചുകാരിയെ നാല് യുവാക്കൾ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഒക്ടോബർ 26ന് വൈകീട്ട് ഏഴ് മണിയോടെ മാർക്കറ്റിൽ പോകുകയായിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. അന്ന് രാത്രി ഏഴ് മണി മുതൽ ഒക്ടോബർ 27ന് പുലർച്ചെ നാല് മണി വരെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ബന്ദിയാക്കി പീഡിപ്പിച്ചത്.
തൻ്റെ ഇളയ സഹോദരി സെക്ടർ 18 മാർക്കറ്റിൽ പോയിരുന്നതായും പിന്നീട് കാണാതായെന്നും പെൺകുട്ടിയുടെ സഹോദരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി തിരിച്ചെത്താതെ വന്നപ്പോൾ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും അവളെ കണ്ടെത്താനായില്ല. പിറ്റേന്ന് പുലർച്ചെയാണ് പെൺകുട്ടി അവശനിലയിൽ വീട്ടിൽ തിരിച്ചെത്തിയത്.
"ഒക്ടോബർ 27ന് പുലർച്ചെ 4.30 ഓടെയാണ് എൻ്റെ സഹോദരി വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് യുവാക്കൾ ഒരു കാറിൽ തട്ടിക്കൊണ്ടുപോയതായി അവൾ വെളിപ്പെടുത്തി. അവർ അവളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു," അതിജീവിതയുടെ സഹോദരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ നാല് യുവാക്കൾക്കെതിരെ ചൊവ്വാഴ്ച ഫരീദാബാദ് ഓൾഡ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
"അതിജീവിത ഇതുവരെ മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ല. സെക്ടർ 18 മാർക്കറ്റിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ ഞങ്ങൾ പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും", സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു മിത്തർ പറഞ്ഞു.