NATIONAL

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഏഴ് വയസ്

പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയ പുൽവാമാ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം പിന്നിടുകയാണ്. പുൽവാമയിലെ ലെതപോറ പ്രദേശത്താണ് 40 സിആർപിഎഫ് ജവാൻമാരുടെ ജീവെനെടുത്തുകൊണ്ട് രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ഇന്ത്യൻ പ്രതിരോധ സേനയും മറുപടി നൽകാൻ തീരുമാനിച്ചതോടെ യുദ്ധ സമാനമായ സാഹചര്യത്തിനാണ് ഇരു രാജ്യങ്ങളും പിന്നീട് സാക്ഷ്യം വഹിച്ചത്.

ഏഴ് വർഷം മുമ്പ് ഇതേ ദിവസമാണ്, ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചത്. രാജ്യത്തെയാകെ ഞെട്ടലിലും ദുഃഖത്തിലും രോഷത്തിലുമാക്കിക്കൊണ്ടാണ് 2019 ഫെബ്രുവരി 14ന് വൈകീട്ട് 3.15 ഓടെ പുൽവാമാ ഭീകരാക്രമണത്തിൻ്റെ വാർത്ത പുറത്തുവരുന്നത്. പുൽവാമയിലെ ലെതപോറ പ്രദേശത്ത് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 40 ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

78 വാഹനങ്ങളിലായി 2500ലധികം സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംഘമാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ യാത്ര ആരംഭിച്ചത്. സംഘം ലെതപോറയിൽ എത്തിയപ്പോള്‍, ആർ‌ഡി‌എക്സ് ഉൾപ്പെടെ ഏകദേശം 300 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ച കാർ ബസുകളിലൊന്നിലേക്ക് ഇടിച്ചുകയറി. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള 22കാരൻ ആദിൽ അഹമ്മദ് ദാർ ആയിരുന്നു ചാവേറാക്രമണത്തിന് പിന്നിൽ. തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അടക്കം 19 പേരെ പ്രതിചേർക്കുകയും ചെയ്തു.

ആക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ ആക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിൻ്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് തകർത്ത ഇന്ത്യന്‍ സൈന്യം ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഇസ്മൽ ആൽവി ഉൾപ്പടെയുള്ളവരെ കൊലപ്പെടുത്തി. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ പിടികൂടുകയും പിന്നീട് മാർച്ച് 1ന് വിട്ടയക്കുകയും ചെയ്തതും ഈ അക്രമണത്തിൻ്റെ ഭാഗമായാണ്.

2021 ആഗസ്റ്റോടെ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴ് പ്രധാന ഗൂഢാലോചനക്കാരെയാണ് സുരക്ഷാ സേന വധിച്ചത്. കൂടാതെ ഏഴ് പേരെ അറസ്റ്റും ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ, പുൽവാമ ഭീകരാക്രമണം വലിയ ഒരു ദുരന്തത്തിൻ്റെ നിമിഷമായിരുന്നെങ്കിലും പിന്നീട് അത് ഇന്ത്യയുടെ രാഷ്ട്രീയ, സുരക്ഷാ,വികസന മേഖലകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി.

SCROLL FOR NEXT