ഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ലോക്‌സഭയിൽ നിന്ന് എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെയും പാർലമെൻ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹൈബി ഈഡൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പാർലമെൻ്റിന് മുന്നിൽ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചു.
ലോക്സഭാ സ്പീക്കർ സസ്‌പെൻഡ് ചെയ്ത എംപിമാരിൽ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ് രാജ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോൾ, എസ്. വെങ്കിടേശൻ (മധുരയിൽ നിന്നുള്ള സിപിഐഎം എംപി) എന്നിവരാണ് ഉൾപ്പെടുന്നത്.
പാർലമെൻ്റിന് അകത്തും പുറത്തും ഞങ്ങൾ പോരാട്ടം തുടരുമെന്ന് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം കോൺഗ്രസ് എംപി ഹൈബി ഈഡൻ എഎൻഐയോട് പറഞ്ഞു. "പാർലമെൻ്റിനുള്ളിൽ സംസാരിക്കാൻ കഴിയാത്തതിൻ്റെ കാരണം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ നടത്തിയ കീഴടങ്ങൽ, വ്യാപാര കരാർ ഒപ്പിട്ട രീതി, വ്യാപാര കരാറിൽ സംഭവിച്ച രഹസ്യ ഇടപാടുകൾ എന്നിവയെല്ലാമാണ് ഇതിന് കാരണം. എപ്സ്റ്റീൻ ഫയൽസ് ഇന്ത്യൻ പാർലമെൻ്റിലും ചർച്ച ചെയ്യേണ്ട ഒന്നാണ്. പക്ഷേ ഇതൊന്നും ചർച്ച ചെയ്തിട്ടില്ല. സഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ പ്രതിഷേധം തുടരും. ഞങ്ങളുടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. പക്ഷേ പാർലമെൻ്റിന് അകത്തും പുറത്തും ഞങ്ങൾ പോരാട്ടം തുടരും," ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിന് എതിരെയാണ് പ്രതിഷേധിച്ചതെന്ന് തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. "ഇന്നലെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനെ ഭരണപക്ഷം നേതാക്കൾ പലവട്ടം ഇടപെടുകയുണ്ടായി. അദ്ദേഹത്തെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. അദ്ദേഹത്തോട് ആധികാരികത നൽകാൻ ആവശ്യപ്പെട്ടു. ഇന്ന് രാഹുൽ ആധികാരിക രേഖകൾ കൊണ്ടുവന്നു. ഒപ്പം കത്ത് നൽകി രേഖകൾ സമർപ്പിച്ചു. അതിന് ശേഷവും അവർ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം തടസപ്പെടുത്തി. രാഹുൽ ഗാന്ധി ചൈനയേയും യുഎസ് താരിഫുകളേയും കുറിച്ച് സംസാരിച്ചു. അതിന് ശേഷം രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കി. ഇതിനെ തുടർന്നാണ് ഞങ്ങൾ പ്രതിഷേധിച്ചത്. അതിനാൽ ആണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്," മാണിക്കം ടാഗോർ പറഞ്ഞു.