ആനന്ദ് കുമാർ സിങ് Source: Facebook
NATIONAL

ശുഭ്രവസ്ത്രവും സൺഗ്ലാസസും, സോഷ്യൽ മീഡിയയിലെ കോമഡി താരം ; പക്ഷേ, പേരിലുള്ളത് 28 ക്രിമിനൽ കേസുകൾ, ആരാണ് ആനന്ദ് സിങ്?

ജെഡിയുവോ ആർജെഡിയോ അല്ലെങ്കിൽ സ്വതന്ത്രനോ ഏത് പാർട്ടിയുടെ ഭാഗമായിരുന്നാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മൊകാമയിൽ വിജയി ആനന്ദ് സിങാണ്

Author : ന്യൂസ് ഡെസ്ക്

ജൻ സുരാജ് അനുകൂലി ദുൽചന്ദ് യാദവിൻ്റെ കൊലപാതകത്തിൽ ജെഡിയു നേതാവായ ആനന്ദ് സിങ് അറസ്റ്റിലായതോടെ ബിഹാറിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരിക്കുകയാണ്.ഛോട്ടേ സർക്കാർ എന്ന പേരിൽ അറിയപ്പെടുന്ന വെളുത്ത വസ്ത്രങ്ങളിലും സൺഗ്ലാസുകളിലും മാത്രം പ്രത്യക്ഷപ്പെടുന്ന സോഷ്യൽ മീഡിയയിൽ വൈറൽ താരമായ ആനന്ദ് സിങിനെതിരെയുള്ള ക്രിമിനൽ കേസുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. റീലുകളിലൂടെയും ഷോർട്ട് വീഡിയോകളിലൂടെയും മറ്റും തമാശ കഥാപാത്രമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന ആനന്ദ് സിങിൻ്റെ ക്രിമിനൽ പശ്ചാത്തലമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മൊകാമയുടെ ഭരണം കൈയ്യാളുന്നത് ആനന്ദ് സിങാണ്. ഇതിനിടയിൽ പല തവണ ഇദ്ദേഹം പാർട്ടി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജെഡിയുവോ ആർജെഡിയോ അല്ലെങ്കിൽ സ്വതന്ത്രനോ ഏത് പാർട്ടിയുടെ ഭാഗമായിരുന്നാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മൊകാമയിൽ വിജയി ആനന്ദ് സിങാണ്.

സോഷ്യൽ മീഡിയ മീമുകളും തമാശകളും കാണുമ്പോൾ ഒരു കോമഡി കഥാപാത്രമായി തോന്നിയേക്കാമെങ്കിലും ആനന്ദ് സിങ്ങിൻ്റെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തു വരുന്നതോടെയാണ് ഇതത്ര തമാശയല്ലെന്ന് മനസിലാവുക.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി സിങ് സമർപ്പിച്ച നാമനിർദേശ പത്രിക പ്രകാരം, അദ്ദേഹത്തിനെതിരെ നിലവിൽ ഉള്ളത് 28 കേസുകളാണ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, പീഡനം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം എന്നിവയെല്ലാം ഇതിൽ വരുന്നു. ഇതിനു പുറമേ, മോഷണം, കുറ്റവാളികൾക്ക് അഭയം നൽകൽ, നിരവധി ആയുധ കേസുകൾ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

സാമ്പത്തിക ശേഷിയുടെ കാര്യത്തിലും ആനന്ദ് സിങ് പിറകിലല്ല. സത്യവാങ്മൂലം പ്രകാരം, സിങിന് 13 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. രണ്ട് കോടി രൂപ വിലമതിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ, ടൊയോട്ട ഫോർച്യൂണർ എസ്‌യുവി എന്നിവയുൾപ്പെടെ ആഡംബര കാറുകൾ സ്വന്തമായുണ്ട്. ഇതിനു പുറമേ, ആന, കുതിര, കന്നുകാലികൾ എന്നിവ വേറെയും. മൊത്തത്തിൽ 37.88 കോടി രൂപയുടെ സ്വത്തുക്കളാണ് ആനന്ദ് സിങിനുള്ളത്. നിലവിൽ മൊകാമയിലെ എംഎൽഎയായ ഭാര്യ നീലം ദേവിക്ക് 62.72 കോടി രൂപയുടെ ആസ്തിയുണ്ട്.

ബിഹാറിൻ്റെ തലസ്ഥാനമായ പട്നയിൽ നിന്ന് 100 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് മൊകാമ. പക്ഷേ ഈ പ്രദേശം മുഴുവൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആനന്ദ് സിങിൻ്റെ പരിധിയിലാണ്. 2005 ൽ നിയമസഭയിൽ അരങ്ങേറ്റം കുറിച്ച ആനന്ദ് 2010 ലെ തിരഞ്ഞെടുപ്പിൽ ആ സീറ്റ് നിലനിർത്തി. 2015 ൽ, നിതീഷ് കുമാർ ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിയുമായി കൈകോർത്തതിനെത്തുടർന്ന് അദ്ദേഹം ജെഡിയു വിട്ടു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയും ജെഡിയു സ്ഥാനാർഥിയെ പരാജയപ്പെടുത്തുകയും ചെയ്തു.

2020 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, ഇത്തവണ, നിതീഷ് കുമാറും ലാലു യാദവും വേർപിരിഞ്ഞതോടെ സിംഗ് വീണ്ടും ആർജെഡിയിലേക്ക് മാറി.സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ അപ്പോഴേക്കും മാറിയിരുന്നുവെങ്കിലും മൊകാമയിലെ ഫലത്തിൽ മാറ്റമുണ്ടായില്ല.ആനന്ദ് സിങ് തന്നെ അവിടെ വിജയിച്ചു. പക്ഷേ, 2022 ൽ, ആയുധ കേസിൽ ശിക്ഷിക്കപ്പെട്ട് നിയമസഭാംഗത്വം നഷ്ടപ്പെട്ടതോടെ ഭാര്യ നീലം ദേവി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആർജെഡിക്കുവേണ്ടി മൊകാമ നിലനിർത്തുകയും ചെയ്തു. ഇത്തവണ സിങ് വീണ്ടും തൻ്റെ പാളയം മാറ്റി ജെഡിയു ടിക്കറ്റിൽ മത്സരിക്കാനിരിക്കെയാണ് അറസ്റ്റിലാവുന്നത്.

SCROLL FOR NEXT