മുംബൈ - പുണെ എക്സ്പ്രസ് വേയിൽ ട്രക്ക് ഇടിച്ച് ഇരുപതോളം വാഹനങ്ങൾ തകർന്നു. നിയന്ത്രണം നഷ്ടപെട്ട ട്രക്ക്, മുന്നിലുള്ള വാഹനങ്ങളിൽ ഇടിക്കുകയും തുടർന്ന് മറ്റുള്ള വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ബ്രേക്കിനുണ്ടായ തകരാറിനെ തുടര്‍ന്ന് ട്രക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. റായ്ഗഢ് ജില്ലയിലെ ഘാലാപുരിലെ അഡോഷി ടണലിന് സമീപമായിരുന്നു അപകടം. പല വാഹനങ്ങളും കൂട്ടിയിടിയിൽ പൂർണമായും തകർന്നു. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ഉൾപ്പെടെയുള്ള ആഡംബര കാറുകളും അപകടത്തിൽപ്പെട്ടു.
അതേസമയം, ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നില്ല എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു.