NATIONAL

ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജിക്ക് നേരെയും നടുറോഡില്‍ വളഞ്ഞിട്ട് ആക്രമണം; പരിക്കേറ്റത് തലയ്ക്ക്

എംപിക്ക് നേരെ കരിങ്കൊടി കാണിക്കുകയും കള്ളന്‍ കള്ളന്‍ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ടാക്രമണം നടത്തിയതിന് പിന്നാലെ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും ആക്രമിക്കപ്പെട്ടു. ഹൂഗ്ലിയിലെ ചണ്ഡിതലയില്‍ വച്ച് തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. നടന്ന് നീങ്ങുകയായിരുന്ന കല്യാണ്‍ ബാനര്‍ജിയെ ഒരു സംഘം മുദ്രാവാക്യം മുഴക്കി വളയുകയായിരുന്നു.

തിരിച്ച് മുദ്രാവാക്യം മുഴക്കിയ എംപിയുടെ തലയ്ക്ക് മര്‍ദിച്ചു. റോഡില്‍ വീണ എംപിയെ വീണ്ടും ആള്‍ക്കൂട്ടം ആക്രമിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന് കല്യാണ്‍ ബാനര്‍ജി പ്രതിഷേധിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എംപിക്ക് നേരെ കരിങ്കൊടി കാണിക്കുകയും കള്ളന്‍ കള്ളന്‍ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

സ്‌റ്റേഷനിലേക്ക് കല്യാണ്‍ ബാനര്‍ജി നടക്കുമ്പോള്‍ തലയ്ക്ക് പിന്നില്‍ ശക്തമായി എന്തോ വന്ന് കൊള്ളുന്നത് ദൃശ്യങ്ങളില്‍ കാണാം. തലയ്ക്ക് ക്രിക്കറഅറഅ പന്തോ കല്ലോ മറ്റോ ആണ് എറിഞ്ഞതെന്നാണ് കല്യാണ്‍ ബാനര്‍ജി പറയുന്നത്. തന്റെ വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നുവെന്നും താന്‍ റോഡില്‍ വീണുപോയെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

ദക്ഷിണ പര്‍ഗനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയാണ് അഭിഷേക് ബാനര്‍ജി എംപിക്കെതിരെയും ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. അഭിഷേകിന് ആക്രമണത്തില്‍ നെഞ്ചില്‍ രക്തം കട്ടപിടിച്ചെന്നും തലയില്‍ ഹെല്‍മെറ്റ് ഇട്ടില്ലായിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

SCROLL FOR NEXT