ദുർഗ്: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്‌ഗഡിലെ ദുര്‍ഗില്‍ വീണ്ടും ബജ്റംഗ് ദള്‍ അതിക്രമം. ക്രിസ്ത്യന്‍ ഗ്രൂപ്പിന്‍റെ പ്രാര്‍ഥനയ്ക്കിടെ വിശ്വാസികളെ മര്‍ദിച്ചു. പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബജ്റംഗ് ദളിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത അതേ ദുര്‍ഗിലാണ് വീണ്ടും ബജ്റംഗ് ദള്‍ അക്രമം അരങ്ങേറിയത്. ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയ പെന്തക്കോസ്ത് വിഭാഗക്കാരായ ആളുകളെയാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നിഷ്ക്രിയരായെന്നും ആക്ഷേപമുണ്ട്.
മലയാളി കന്യാസ്ത്രീകളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്ത് വിഭാഗക്കാരെയും മര്‍ദിച്ചത്. മര്‍ദന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ബജ്റംഗ് ദളിനെതിരെ നിലയുറപ്പിച്ചതോടെ സ്ഥിതി സ്ഫോടനത്മകമായി. കൂടുതല്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.