NATIONAL

ഭോപ്പാല്‍ AIIMS-ല്‍ ഞെട്ടിക്കുന്ന സംഭവം; ഫോര്‍മാലിന്‍ കുത്തിവെച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

ഭോപ്പാല്‍: മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ഭോപ്പാല്‍ എയിംസില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചുവെന്ന് പരാതി. കുഞ്ഞിന്റെ ശരീരത്തില്‍ നഴ്‌സ് ഫോര്‍മാലിന്‍ കുത്തിവെച്ചതാണ് മരണകാരണം എന്നാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കൗര്‍ജ ഗ്രാമത്തിലുള്ള സാര്‍ഥക് യാദവ് എന്ന കുട്ടിയാണ് മരണപ്പെട്ടത്. 2025 ഡിസംബര്‍ 15 നാണ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത്.

രക്താര്‍ബുദത്തെ തുടര്‍ന്ന് കുഞ്ഞ് ചികിത്സയിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഡിസംബര്‍ 17 നാണ് സംഭവം നടന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞിന് നല്‍കിയിരുന്ന ഐവി ലൈന്‍ തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫീസര്‍ 'F' എന്ന് രേഖപ്പെടുത്തിയ സിറിഞ്ച് എടുത്ത് പരിശോധിക്കാതെ ഐവി ബോട്ടിലിലേക്ക് മരുന്ന് കയറ്റുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. നഴ്‌സിനെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കുഞ്ഞിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

തടയാന്‍ ശ്രമിച്ച തന്നോട്, "ഞാനാണോ ഡോക്ടര്‍, അതോ നിങ്ങളാണോ" എന്ന് നഴ്‌സ് ചോദിച്ചതായി പിതാവിന്റെ മൊഴിയിലുണ്ട്. മരുന്ന് കയറ്റി അല്‍പസമയത്തിനുള്ളില്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടര്‍ന്ന് മകനെ പിഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 8.45 ഓടെ മരണം സംഭവിച്ചു.

കുഞ്ഞിന്റെ ബോധം നഷ്ടമായ ഉടന്‍ തന്നെ ജീവനക്കാര്‍ ഐവി ബോട്ടില്‍ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പിടിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട്, നഴ്‌സിങ് സ്റ്റാഫ് ബോട്ടില്‍ തട്ടിയെടുത്തുവെന്നും പിതാവ് ആരോപിച്ചു.

ഐവി ലൈനിലൂടെ ഫോര്‍മാലിന്‍ ശരീരത്തില്‍ കുത്തിവെച്ചതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് എയിംസിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സിങ് ജീവനക്കാരുടെ ഗുരുതര അനാസ്ഥയാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധുബാല ശര്‍മ എന്ന നഴ്‌സിനെതിരെയാണ് ആരോപണം.

ബയോപ്‌സി സാമ്പിളുകള്‍, കോശങ്ങള്‍, മൃതദേഹങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മനുഷ്യശരീരത്തിന് അതീവ മാരകമായ രാസവസ്തുവാണ്. ബയോപ്‌സി പരിശോധനയ്ക്കായി മാറ്റിവെച്ച ഫോര്‍മാലിന്‍ സിറിഞ്ചിലാക്കിയ ശേഷം വാര്‍ഡില്‍ അലക്ഷ്യമായി വച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മധുബാല ശര്‍മ ഈ രാസവസ്തു കുഞ്ഞിന്റെ ഐവി ലൈനില്‍ പരിശോധന നടത്താതെ കുത്തിവെക്കുകയായിരുന്നു. ഫോര്‍മാലിന്‍ പോലെ അപകടകരമായ രാസവസ്തു സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ നഴ്‌സിങ് ഓഫീസറായ അനുക ഗുജറാത്തിയും പ്രതിക്കൂട്ടിലാണ്.

പൊലീസ് കേസെടുത്തതിനു പിന്നാലെ ഇരുവരേയും ജോലിയില്‍ നിന്ന് നീക്കിയതായി എയിംസ് അധികൃതര്‍ അറിയിച്ചു.

SCROLL FOR NEXT