ബിഹാറിൽ വോട്ടുറപ്പിക്കാൻ മുന്നണികൾ Source: X
NATIONAL

വോട്ടുറപ്പിക്കാൻ മുന്നണികൾ; ബിജെപി- ജെഡിയു ക്യാമ്പുകളിൽ വിമതശല്യം രൂക്ഷം, രാഹുൽ നാളെ ബിഹാറിൽ

അതേസമയം, ജെഡിയുവിലും ബിജെപിയിലും വിമത ശല്യവും രൂക്ഷം

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണവേഗം കൈവരിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വോട്ടർ അധികാർ യാത്രയ്ക്ക് ശേഷം ആദ്യമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ബിഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിനൊപ്പം രാഹുൽ പൊതുറാലികളിൽ പങ്കെടുക്കും. രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30 ന് വീണ്ടും സംസ്ഥാനത്തെത്തും. അതേസമയം, ബിജെപി -ജെഡിയു ക്യാമ്പുകളിൽ വിമതശല്യവും രൂക്ഷമായി തുടരുകയാണ്.

ഉത്തരേന്ത്യയിൽ ഛഠ് പൂജ ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. നാളെ മുതൽ പ്രചാരണം ഗതിവേഗം കൈവരിക്കും. വോട്ടർ അധികാർ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യത്തിനും ഉത്തരമായി. രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ച് നാളെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. മുസാഫർപൂരിലും ദർബംഗയിലും രാഹുൽ പ്രസംഗിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാർ, സ്വതന്ത്ര എംപി പപ്പു യാദവ് എന്നിവരാണ് ഇൻഡ്യാ സഖ്യത്തിൻ്റെ മറ്റ് താര പ്രചാരകർ.

രണ്ടാം ഘട്ട പ്രചാരണത്തിനായി 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ബിഹാറിലെത്തും. മുസാഫർപൂരിലും ഛപ്രയിലും ആണ് തെരഞ്ഞെടുപ്പ് റാലികൾ . അതേസമയം, ജെഡിയുവിലും ബിജെപിയിലും വിമത ശല്യവും രൂക്ഷമാണ്. രണ്ട് മുൻ മന്ത്രിമാരും ഒരു എംഎൽഎയും ഉൾപ്പെടെ 16 പേരെയാണ് ജെഡിയു ഇതുവരെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് എംഎൽഎ ഉൾപ്പെടെ ആറ് നേതാക്കളെ ബിജെപിയും പുറത്താക്കി.

സീറ്റ് തര്‍ക്കമല്ല നേതൃതര്‍ക്കമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് എൻഡിഎയുടെ വിമർശനങ്ങൾക്കുള്ള മഹാസഖ്യത്തിൻ്റെ മറുപടി. എന്‍ഡിഎ എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യം സജീവമാക്കി നിര്‍ത്തുകയാണ് മഹാസഖ്യം. ബിഹാറില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത് നിതീഷായിരിക്കും എന്നതു മാത്രമാണ് മോദിയും അമിത് ഷായും ഉറപ്പിച്ചു പറയുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും സാധ്യതകളാണ് ബിജെപിക്ക് മുന്നിൽ ബിഹാറിലും നിലനിൽക്കുന്നത്.

2023-ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിലാണ് ബിജെപി കളം നിറഞ്ഞത്. ഫലം വന്നപ്പോൾ മോഹൻ യാദവ് മുഖ്യമന്ത്രിയായി, പകരം ചൌഹാന് കേന്ദ്ര മന്ത്രി പദം നൽകി അനുനയിപ്പിച്ചു. മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ മഹായുതിയിൽ ഏക്നാഥ് ഷിൻഡെയ്ക്ക് പകരം മുഖ്യമന്ത്രിയായത് ദേവേന്ദ്ര ഫഡ്നാവിസായിരുന്നു. എന്നാൽ ബിഹാറിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ഘടക കക്ഷികളുടെ പിന്തുണയാണ് നിതീഷിനെ വെട്ടാൻ ബിജെപിക്ക് മുന്നിലെ വെല്ലുവിളിയായി തുടരുന്നത്.

SCROLL FOR NEXT