ന്യൂഡല്‍ഹി: ആഫ്രിക്കന്‍ പൗരനോട് ഹിന്ദി പഠിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലര്‍. ഡല്‍ഹിയിലാണ് സംഭവം. ഹിന്ദി പഠിച്ചില്ലെങ്കില്‍ ആഫ്രിക്കന്‍ പൗരന്‍ ഫുട്‌ബോള്‍ പഠിപ്പിക്കുന്ന പാര്‍ക്കിലേക്ക് കയറാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ രേണു ചൗധരിയുടെ ഭീഷണി. ഭീഷണിപ്പെടുത്തുന്ന വീഡിയോ രേണു ചൗധരി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.
സ്വകാര്യ ഫുട്‌ബോള്‍ കോച്ചായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ പൗരന്‍ 15 വര്‍ഷത്തോളമായി ഇന്ത്യയിലാണ് ജീവിച്ചു വരുന്നത്. ഇത്ര വര്‍ഷമായും ഹിന്ദി പഠിക്കാന്‍ സാധിച്ചില്ലേ എന്ന് ചോദിച്ചായിരുന്നു ഭീഷണി.
'നിങ്ങള്‍ ഇത്രയും കാലം ആയിട്ടും ഹിന്ദി പഠിച്ചിട്ടില്ല. അതെന്താണ്? ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ പാര്‍ക്ക് ഉപയോഗിക്കുന്നതില്‍ നിന്നും നിങ്ങളെ വിലക്കും,' എന്ന് രേണു ചൗധരി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
എന്നാല്‍ ഇത് കേട്ട് കൗണ്‍സിലറുടെ കൂടെയുള്ളവര്‍ ചിരിച്ചു. ഇത് കേട്ട് രേണു ചൗധരി പറഞ്ഞത് താന്‍ ചിരിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും താന്‍ ഗൗരവമായി പറഞ്ഞതാണെന്നും രേണു ചൗധരി പറഞ്ഞു.
'എട്ട് മാസം മുമ്പ് ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇത് ചിരിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഗൗരവത്തില്‍ തന്നെ പറഞ്ഞതാണ്. ഈ രാജ്യത്ത് പണം സമ്പാദിക്കുന്നുണ്ടെങ്കില്‍ ഈ രാജ്യത്തെ ഭാഷയും നിങ്ങള്‍ പഠിച്ചിരിക്കണം,' എന്നും രേണു ചൗധരി പറഞ്ഞു.
എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രേണു ചൗധരിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. പിന്നാലെ വിശദീകരണവുമായി കൗണ്‍സിലര്‍ തന്നെ രംഗത്തെത്തി. താന്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ലെന്നും, പൊതു പാര്‍ക്ക് ഉപയോഗിക്കുന്നവരില്‍ മിക്കവരും ഹിന്ദി മാത്രം സംസാരിക്കുന്നരാണെന്നും അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും അതുകൊണ്ടാണ് ഹിന്ദി പഠിക്കണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് കൗണ്‍സിലറുടെ വിശദീകരണം.