ഹാജിപൂർ: ബിഹാറിലെ ഹാജിപൂരിൽ ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണെന്നാണ് സൂചന. അഞ്ച് പേരെ രക്ഷപ്പെടുത്തി.
20 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണം.
പ്രദേശവാസികളുടെയും പൊലീസിൻ്റെയും സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുൻ ബിഹാർ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.