ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരായ വിദേശ ഫണ്ട് ആരോപണ കേസില്‍ ഇഡിക്ക് തിരിച്ചടി. ന്യൂസ് ക്ലിക്കിനെതിരായ ഇഡിയുടെ കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ എഫ്‌ഐആറും കോടതി റദ്ദാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള അധികാര ദുര്‍വിനിയോഗമാണെന്നും കോടതി പറഞ്ഞു.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്‌ക്കെതിരായ ഇഡി കേസും കോടതി റദ്ദാക്കി. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് 115 കോടി രൂപ ന്യൂസ് ക്ലിക് സ്വീകരിച്ചുവെന്നായിരുന്നു ഇഡി ആരോപണം. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
എഫ്‌ഐആറില്‍ പറയുന്ന എല്ലാ ആരോപണങ്ങളും അംഗീകരിച്ചാല്‍ തന്നെയും, അതിനെ സാധൂകരിക്കുന്ന ഐപിസിയുടെ സെക്ഷന്‍ 406, 420 എന്നിവ തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗമാണ് ഇവിടെ കണ്ടതെന്ന് വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് കമ്പനിയില്‍ നിന്ന് 9.59 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കൈപ്പറ്റിയെന്നായിരുന്നു ന്യൂസ് ക്ലിക്കിനെതിരായ ആരോപണം. 2020 ഓഗസ്റ്റിലാണ് ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായ്‌സ്തയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.