

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാമെന്നാണ് വാഗ്ദാനം. അഭിഷേക് ബാനര്‍ജിക്ക് നാഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ട്.
വാഗ്ദാനം മമത നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കോണ്‍ഗ്രസില്‍ ലയിക്കണം എന്ന ഉപാധി മാത്രമാണ് മമതയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് പോയ ശേഷമാണ് മമത ബാനര്‍ജി തൃണമൂല്‍ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
രാജ്യസഭാംഗത്വം രാജിവച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവും കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടമായതോടെ വലിയ പിളര്‍പ്പിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോയത്. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ്യും രാജ്യസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
ലോക്സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനകം സഖ്യം തിരിഞ്ഞ് എന്‍ഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. വിമത നേതാവ് ഋതബ്രത ബാനര്‍ജിക്ക് 61 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും പിന്നാലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.