Source: X
NATIONAL

ജോലിയ്ക്കായി പാകിസ്ഥാനി പൗരത്വം മറച്ചുവെച്ചത് 30 വർഷത്തോളം ; യുപിയിൽ സ്ത്രീയ്‌ക്കെതിരെ കേസ്

വഞ്ചനയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു

Author : വിന്നി പ്രകാശ്

പാകിസ്താനി പൗരത്വം മറച്ചുവെച്ച് പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തെന്നാരോപിച്ച് സ്ത്രീയ്‌ക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. കുംഹരിയാ ഗ്രാമത്തിൽ പ്രൈമറി സ്‌കൂൾ അധ്യാപികയായിരുന്ന മഹിരാ അക്തർ എന്ന അലിയാൽ ഫർസാനയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

വഞ്ചനയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 1979 ൽ ഒരു പാക് പൗരനെ വിവാഹം ചെയ്തത് വഴി ഫർസാന പാക് പൗരത്വം നേടിയെന്നാണ് യുപി പൊലീസ് പറയുന്നത്. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.

വിവാഹമോചനത്തിനുശേഷം, പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് മടങ്ങിയ അവർ 1985 ൽ ഒരു തദ്ദേശീയനായ പുരുഷനെ വിവാഹം കഴിച്ചു. അതേ സമയത്ത് തന്നെ ഒരു ഇന്ത്യൻ പൗരയാണെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടുകയും ചെയ്തിരുന്നു.

ഇവരുടെ പാകിസ്ഥാൻ പൗരത്വം വെളിപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അവരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. വകുപ്പിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

SCROLL FOR NEXT