സിസ്റ്റർ വന്ദന ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി Source: News Malayalam 24x7
NATIONAL

അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും; യുഡിഎഫ് എംപിമാരുടെ പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചു

കന്യാസ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ദുർഗ് സെഷൻസ് കോടതിയിലാണ് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. ഇത് സാധൂകരിക്കുന്ന മൊഴികൾ ഉണ്ടാകുമോ എന്ന ആശങ്ക സന്ന്യാസ സമൂഹത്തിനുണ്ട്‌. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ആരോപണങ്ങളേറ്റെടുത്തത് സാഹചര്യം സങ്കീർണമാക്കുമെന്ന വിലയിരുത്തലിലാണ് സഭ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെണ്‍കുട്ടികള്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത് എത്തിയ റെയില്‍വേ പൊലീസ് അധികൃതർ ബജ്‌റംഗ്‌ദള്‍ പ്രവർത്തകരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇവരും കന്യാസ്ത്രീകളെ ചോദ്യം ചെയ്തു. ഇവരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമായിരുന്നു കന്യാസ്ത്രീകളുടെ ഉദ്ദേശ്യമെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരും തയ്യാറാക്കിയ എഫ്ഐആറില്‍ മനുഷ്യക്കടത്ത് കുറ്റം മാത്രമാണ് എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരം നിർബന്ധിത മതപരിവർത്തനക്കുറ്റവും ചേർക്കുകയായിരുന്നു. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഇന്ന് ഛത്തീസ്ഗഡിലെത്തും. യുഡിഎഫ് എംപിമാരുടെ പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.

SCROLL FOR NEXT