നായ നക്കി മലിനമായ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം ഛത്തീസ്ഗഢ് ഹൈക്കോടതി. ബലോദബസാർ-ഭട്ടപാര ജില്ലയിലെ സർക്കാർ യുപി സ്കൂളിൽ 84 വിദ്യാർഥികളാണ് നായ നക്കി മലിനമായ ഭക്ഷണം കഴിച്ചത്. ഈ 85 വിദ്യാർഥികൾക്കും ഒരു മാസത്തിനകം 25, 000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ അശ്രദ്ധയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിലെങ്കിലും അധികാരികൾ ഇനി കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
പൊതുതാൽപ്പര്യ ഹർജിയായി സ്വമേധയാ കേസെടുത്ത ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സത്യവാങ്മൂലം തേടിയിരുന്നു. മലിനമായ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് മൂന്ന് ഡോസ് ആന്റി റാബിസ് വാക്സിൻ നൽകിയെന്നും തുടർന്നുള്ള വൈദ്യ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ വാദം ബെഞ്ച് കണക്കിലെടുത്തില്ല.
സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം ജൂലൈ 28 നാണ് സംഭവം നടക്കുന്നത്. ബലോദബസാർ-ഭട്ടപാറ ജില്ലയിലെ ലച്ചൻപൂർ ഗ്രാമത്തിലുള്ള സർക്കാർ യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിതരണം ചെയ്ത ഭക്ഷണത്തിൽ നായയുടെ രോമങ്ങളുൾപ്പെടെ ഉണ്ടായിരുന്നെന്ന് വിദ്യാർഥികളുടെ പ്രസ്താവനകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഒരു സ്വയം സഹായ സംഘമാണ് (എസ്എച്ച്ജി) പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ഉണ്ടാക്കിയിരുന്നത്.
വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ, സ്വയം സഹായ സംഘത്തിലെ അംഗങ്ങളോട് മലിനമാക്കാത്ത ഭക്ഷണം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അധ്യാപകരുടെ നിർദേശം അവഗണിക്കപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയിട്ടും, മലിനമായ ഭക്ഷണം തന്നെ വിതരണം ചെയ്തുവെന്നും, വിദ്യാർഥികൾ അത് കഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഈ വിദ്യാർഥികൾക്ക് മൂന്ന് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.
സ്കൂളിലെ 84 കുട്ടികൾക്ക് മൂന്ന് ഡോസ് ആന്റി റാബിസ് വാക്സിൻ നൽകിയിട്ടുണ്ടെങ്കിലും, ഓരോരുത്തർക്കം വീതം 25,000 രൂപ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിൽ സംസ്ഥാനം കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുമെന്ന് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.