ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ തലസ്ഥാന നഗരിയിലെ വസതിയിലായിരുന്ന കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെ നടന്ന കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.
കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി മെച്ചപ്പെടുന്നതായി പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം മോദി സ്വീകരിക്കുകയും ചെയ്തു.
"വിദേശകാര്യ മന്ത്രി വാങ് യിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. കഴിഞ്ഞ വർഷം കസാനിൽ പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പരസ്പര താൽപ്പര്യങ്ങളെയും സംവേദനക്ഷമതയെയും ബഹുമാനിച്ചുകൊണ്ട് ഇന്ത്യ-ചൈന ബന്ധങ്ങൾ സ്ഥിരമായ പുരോഗതി കൈവരിച്ചു," കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
എസ്‌സിഒ ഉച്ചകോടിക്ക് സമാന്തരമായി നടക്കുന്ന ചർച്ചകള്‍ക്കായി കാത്തിരിക്കുകയാണ്. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ച കാരണമാകുമെന്നും മോദി കൂട്ടിച്ചേർത്തു. അതിർത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധത്തിന് അനിവാര്യമാണെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരുമായി വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി പ്രശ്‌നത്തിൽ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികളായ (എസ്ആർ) ഡോവലും വാങ്ങും നടത്തുന്ന 24-ാം റൗണ്ട് സംഭാഷണമാണിത്. അതിർത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നാണ് വാങ് യീ അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ഇത് ഇന്ത്യ - ചൈന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമാണ്. പരസ്പര വിശ്വാസത്തിലും പൊതുതാല്‍പ്പര്യത്തിലും അധിഷ്ഠിതമായ ആശയ വിനിമയത്തിലൂടെ അതിർത്തിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വാങ് യി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒന്‍പത് മാസമായി അതിർത്തിയില്‍ ശാന്തിയും സമാധാനവുമാണെന്ന് അജിത് ഡോവലും വ്യക്തമാക്കി. കസാനിലെ മോദി - ഷീ ജിന്‍ പിങ് കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും നേട്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ഡിസംബറില്‍ നടന്ന 23ാമത് പ്രതിനിധി ചർച്ചകള്‍ക്ക് ശേഷമുള്ള കാലയളവില്‍, ഇന്ത്യ-ചൈന ഉഭയകക്ഷി ഇടപെടലുകള്‍ വലിയ പുരോഗതി കൈവരിച്ചു. ഇന്ത്യ - ചൈന ബന്ധം പുതിയ ഊർജ്ജം കൈവരിക്കുന്നതായും അജിത് ഡോവല്‍ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാനും കൈലാസത്തിലേക്കും മാനസസരോവറിലേക്കും ഉള്ള ഇന്ത്യൻ തീർത്ഥാടനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവന ഇറക്കി.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ അതിർത്തി നിർണയത്തിനായി വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്‌സിന് കീഴില്‍ ഒരു വിദഗ്ദ്ധ സംഘം രൂപീകരിക്കുന്നതിന് ധാരണയായതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള 2005ലെ കരാർ പ്രകാരം, ന്യായവും പരസ്പരം സ്വീകാര്യവുമായ ഒരു ചട്ടക്കൂട് തേടുന്നതിനായി ധാരണയായതായും മന്ത്രാലയം വ്യക്തമാക്കി.